തിരയുക

കർദിനാൾ പരോളിൻ ബേർദിച്ചിവ്  ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു കർദിനാൾ പരോളിൻ ബേർദിച്ചിവ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു  

ഉക്രൈൻ കാൽവരിയുടെ ഇരുണ്ട മണിക്കൂറിലാണ്: കർദിനാൾ പിയെത്രോ പരോളിൻ

ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഉക്രൈനിൽ സന്ദർശനം നടത്തുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, കർമ്മല മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ ബേർദിച്ചിവ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഉക്രൈനിൽ, ബേർദിച്ചിവിലെ കർമ്മല മാതാവിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിലേക്കുള്ള  തീർത്ഥാടനത്തിൻറെ സമാപനം കുറിക്കുന്നതിനും,  ഈ ദേവാലയം ചെറുബസിലിക്കയായി ഉയർത്തുന്നതിനും,  യുദ്ധകലുഷിതമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമായി ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ എത്തി. ജൂലൈ മാസം പത്തൊൻപതാം തീയതി, വെള്ളിയാഴ്ചയാണ് അദ്ദേഹം ഉക്രൈനിൽ എത്തിച്ചേർന്നത്. യുദ്ധത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച വിവിധ ഉക്രൈൻ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കുകയും, മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ചകൾ നടത്തുകയും ചെയ്തു.

ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി, ഞായറാഴ്ച്ച, ബേർദിച്ചിവിലെ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക്, കർദിനാൾ മുഖ്യകാർമ്മികത്വം വഹിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് തീർത്ഥാടനത്തിൽ പങ്കെടുത്തത്. വചനസന്ദേശ വേളയിൽ, ഉക്രൈൻ ജനതയോടുള്ള തന്റെ പ്രാർത്ഥനയും, സാമീപ്യവും കർദിനാൾ അറിയിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുമ്പോൾ, സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു, കൊതിയോടെ നാം സ്വപ്നം കാണണമെന്ന് കർദിനാൾ വിശ്വാസികളെ ആഹ്വാനം ചെയ്തു. ചരിത്രത്തിൽ, ഉക്രൈൻ ജനതയ്ക്ക് പരിശുദ്ധ അമ്മ നൽകിയ നിരവധി അത്ഭുത പ്രവൃത്തികളെയും അദ്ദേഹം അനുസ്മരിച്ചു. ഇപ്രകാരം 'മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന', വചനം ഉദ്ധരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം കൂടുതൽ ദൃഢമാക്കുവാൻ പരിശ്രമിക്കണമെന്നും കർദിനാൾ പറഞ്ഞു.

മനുഷ്യഹൃദയത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ദൈവത്തോടു പ്രത്യേകം പ്രാർത്ഥിക്കണമെന്നും, ഈ പരിവർത്തനമാണ് യഥാർത്ഥ അത്ഭുതമെന്നും കർദിനാൾ പരോളിൻ  പറഞ്ഞു. കോപവും ക്രോധവും, യുദ്ധങ്ങളും കൊലപാതകങ്ങളും മൂലം നമ്മുടെ ബുദ്ധി അന്ധമാകുന്നുവെന്നും, അതിനാൽ ഇത്തരം മാരകമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാൻ ഇടതടവില്ലാതെ പ്രാർത്ഥിക്കണമെന്നും, അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അതിനാൽ, ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും, വേദനയും, വൻ നാശവും ദൈവിക നന്മയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമ്പോൾ അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് എല്ലായ്പ്പോഴും നമ്മെ ഓർമിപ്പിക്കുന്ന ദൈവവചനത്താൽ ആശ്വസിപ്പിക്കാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാമെന്നും കർദിനാൾ പരോളിൻ പ്രത്യേകം പറഞ്ഞു.

ദുഃഖവെള്ളിയുടെ ഇരുട്ടിൽ നിന്ന് ഉത്ഥാനത്തിന്റെ  തിളക്കമാർന്ന പ്രഭാതം വിടർന്നതുപോലെ, സമാധാനത്തിന്റെ പൊൻപുലരി, ഉക്രൈനിൽ എത്രയും വേഗം തെളിയട്ടെയെന്നു കർദിനാൾ ആശംസിച്ചു. കാൽവരിയുടെ ഇരുണ്ട മണിക്കൂർ അനുഭവിക്കുന്ന നാട്ടിൽ, ജീവന്റെ വിജയത്തിന്റെ തെളിവായി നൽകപ്പെട്ട  ക്രിസ്തുവിന്റെ പുനരുത്ഥാനം ശക്തി പകരട്ടെയെന്നും കർദിനാൾ കൂട്ടിച്ചേർത്തു. വചന സന്ദേശത്തിന്റെ അവസാനം, കർദിനാൾ, പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2024, 13:12