തിരയുക

ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആരംഭം ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആരംഭം   (National Eucharistic Revival)

ദിവ്യകാരുണ്യ ഉണർവ് എന്നാൽ ഐക്യവും, മറ്റുള്ളവരിലുള്ള ക്രിസ്തു ദർശനവുമാണ്: മോൺസിഞ്ഞോർ പിയർ

ഇൻഡ്യാനോപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യകോൺഗ്രസിന്റെ ഉദ്‌ഘാടനവേളയിൽ അമേരിക്കയിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് പിയർ സംസാരിച്ചു

ക്രിസ്റ്റഫർ വെൽസ് , ടിത്സ്യാന കംബിസി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂലൈ മാസം പതിനേഴാം തീയതി, അമേരിക്കയിലെ ഇൻഡ്യാനോപോളിസിൽ  നടന്ന ദേശീയ ദിവ്യകാരുണ്യകോൺഗ്രസിന്റെ ഉദ്‌ഘാടനവേളയിൽ, അമേരിക്കയിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് പിയർ, വിശുദ്ധ കുർബാനയുടെ ആചാരങ്ങൾക്കുമപ്പുറം, വിശ്വാസികൾ മറ്റുളവരുമായുള്ള സ്നേഹബന്ധം ഊഷ്മളമാക്കുവാനും, ക്രിസ്തുവുമായുള്ള ബന്ധം വളർത്തിയെടുക്കുവാനും  പരിശ്രമിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. സഭയുടെ ഐക്യത്തിനുള്ള മഹത്തായ സമ്മാനമാണ് വിശുദ്ധ കുർബാനയെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ദേശീയ  ദിവ്യകാരുണ്യകോൺഗ്രസിന്റെ അവസരത്തിൽ, അമേരിക്കൻ ജനതയോടുള്ള ഫ്രാൻസിസ് പാപ്പായുടെ ആത്മീയ അടുപ്പവും, ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

ദിവ്യകാരുണ്യ ഉണർവ് എന്താണെന്ന് വിശ്വാസികളോട് ചോദിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് തന്റെ സന്ദേശം ആരംഭിച്ചത്. യഥാർത്ഥ ദിവ്യകാരുണ്യ ഉണർവ് അർത്ഥമാക്കുന്നത്, ഒരാളുടെ കുടുംബത്തിലും സുഹൃത്തുക്കളിലും സമൂഹത്തിലും മാത്രമല്ല, നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളവരിലും, നമ്മുടെ ചിന്താ രീതികളെ വെല്ലുവിളിക്കുന്നവരിലും ക്രിസ്തുവിനെ കാണുന്നതാണെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു.

ഐക്യത്തിൻ്റെ പാലങ്ങൾ നിർമ്മിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുന്നത് ഒരു യഥാർത്ഥ ദിവ്യകാരുണ്യ നവീകരണത്തിൻ്റെ അടയാളമാണെന്നും, അവിടെ, മനുഷ്യനായിത്തീർന്ന് സ്നേഹത്തിന്റെ ആദ്യത്തെ പാലം പണിത യേശുവിനെയാണ് നാം അനുഭവിക്കുന്നതെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയെ ഒരു വസ്തുവായി കണക്കാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, മറിച്ച് ദിവ്യകാരുണ്യാനുഭവം ജീവിക്കാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ വിശുദ്ധ കുർബാനയിൽ രൂപാന്തരപ്പെടുക എന്നതാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. "സുവിശേഷവൽക്കരണ ദൗത്യ"ത്തിൻ്റെ പ്രശ്നങ്ങൾ നമ്മുടെ പ്രയത്നത്താൽ പരിഹരിക്കാനാവില്ല, മറിച്ച് ദൈവത്തിൻ്റെ ശക്തിയാൽ മാത്രമാണ് സാധ്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2024, 13:19