തിരയുക

യു എ ഇ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ യു എ ഇ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

വിശാലമായ ലോകം സ്വപ്നം കാണുക

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം നാലാം ഭാഗം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വെല്ലുവിളികൾ  ഏറെ നേരിടുന്ന ഒരു  സാഹചര്യത്തിൽ എപ്രകാരമാണ് എല്ലാവരും സഹോദരങ്ങളും, സഹോദരിമാരുമാണ് എന്ന ഒരു ആശയം മുൻപോട്ടു വച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പായ്ക്ക് തന്റെ ചാക്രികലേഖനം തയ്യാറാക്കുവാൻ സാധിക്കുന്നതെന്നു പലരും സംശയം ഉന്നയിച്ചേക്കാം. സ്വാതന്ത്ര്യത്തിന്റെ പുതിയ അർത്ഥതലങ്ങൾ  തേടിക്കൊണ്ട്, ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യബുദ്ധിക്കും ശക്തിക്കും മുകളിൽ ഭരണം നടത്തുന്ന ഒരു സാഹചര്യത്തിൽ എപ്രകാരമാണ് ഒരിക്കൽ കൂടി സാഹോദര്യത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുവാൻ പാപ്പയ്ക്ക് ധൈര്യം ലഭിച്ചതെന്നും നാം ചോദിച്ചേക്കാം. ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം നമുക്ക് നൽകുന്ന രണ്ടു പ്രധാന ചോദ്യങ്ങൾ, മനുഷ്യ അസ്തിത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന്: യഥാർത്ഥത്തിൽ മനുഷ്യർ തമ്മിൽതമ്മിൽ സഹോദരങ്ങളാണോ? രണ്ട്: എന്തുകൊണ്ടാണ് മനുഷ്യർ തമ്മിൽ സഹോദരങ്ങളെന്ന നിലയിൽ ജീവിക്കേണ്ടത്?

ദൈനംദിന യുദ്ധങ്ങളും, എല്ലാ തരത്തിലുമുള്ള വിദ്വേഷവും, തീവ്രവാദവും, വ്യക്തിപരവും കൂട്ടായ ദുഷ്ടതയുമെല്ലാം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സാഹോദര്യത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നാം ചോദിച്ചേക്കാം. ആശയപരവും, രാഷ്ട്രീയവുമായ തെറ്റിദ്ധാരണകൾക്ക് കാരണമായ ഒരു വാക്കെന്നാണ് സഹോദര്യത്തെ നിർവചിക്കുന്നത്.

ചരിത്രത്തിന്റെ പഴയ ഏടുകളിൽ നിലനിൽക്കുന്ന നന്മയുടെ സഹോദര്യത്തിലേക്ക് തിരികെ നടക്കുവാനാണ് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിലൂടെ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. കാരണം ക്രിസ്തുവിന്റെ ഇഹലോകവാസകാലത്തും , തുടർന്നുള്ള കാലഘട്ടത്തിലും, സാഹോദര്യം എന്ന വാക്കിന്റെ അർത്ഥം ഏറെ ആഴമേറിയതായിരുന്നു. എന്നാൽ, മനുഷ്യൻ്റെ സ്വാർത്ഥതയെ  വിശദീകരിക്കാനും, അതിജീവിക്കാൻ മനുഷ്യർ പരസ്പരം പോരടിക്കുന്ന അവസ്ഥയെ നിർണയിക്കാനും ഉദ്ദേശിച്ചുള്ള, 'മനുഷ്യനും മനുഷ്യനും തമ്മിൽ ചെന്നായ ആണെന്നുള്ള' വാദവും യേശു അവഗണിക്കുന്നില്ല. തന്റെ വചനങ്ങളിലുടനീളം മനുഷ്യസാഹോദര്യത്തിനും, മനുഷ്യർ തമ്മിലുള്ള ബന്ധത്തിനും ഊന്നൽ കൊടുത്തുകൊണ്ട് സംസാരിച്ച യേശു, മനുഷ്യന്റെ പരസ്പരബന്ധത്തിനു വിഘാതമായി നിൽക്കുന്ന ഘടകങ്ങളെയും എടുത്തു പറയുന്നുണ്ട്. യേശു പ്രസംഗിച്ച സാഹോദര്യത്തിന്റെ സുവിശേഷമാണ്, തുടർന്ന് വിശുദ്ധ ഫ്രാൻസിസ്  അസീസിയും ജീവിതത്തിൽ പകർത്തിയത്. എന്നാൽ സാഹോദര്യബോധം ഗ്രഹിക്കുവാൻ വിശുദ്ധ ഫ്രാൻസിസ് ആദ്യം ആവശ്യപ്പെടുന്നത് ക്രിസ്തുവിലേക്ക് നോക്കുവാനും, അവനിൽ നിന്നും പഠിക്കുവാനുമാണ്.

വിശുദ്ധ ഗ്രന്ഥത്തിലും ഇപ്രകാരം സാഹോദര്യത്തെക്കുറിച്ചുള്ള വിശാലമായ ചിന്തകൾ നമുക്ക് കാണാവുന്നതാണ്. അതുപോലെ തന്നെ സഹോദര്യത്തിൽനിന്നും, തങ്ങളെ തന്നെ ഒഴിവാക്കുവാൻ പരിശ്രമിക്കുന്ന മാനുഷ്യദുഷ്ടതയുടെയും ചിന്തകൾ വചനം നമുക്ക് കാട്ടിത്തരുന്നുണ്ട്. ആബേലിന്റെ സാഹോദര്യത്തിൽ  നിന്നും , അഹന്തയുടെ മൂലകാരണത്താൽ സ്വയം മാറിയ കായേന്റെ ചരിത്രം, ഇന്നും നിലനിൽക്കുന്ന പരസ്പരവിരോധത്തിന്റെ ഒരു പ്രതിഫലനമാണ്. പക്ഷെ സാഹോദര്യത്തിന്റെ മാഹാത്മ്യം പ്രത്യേകമായി ഒരു ജീവിതപ്രമാണമായി നമുക്ക് നൽകിയത്, ക്രിസ്തുവിന്റെ പ്രജാപതിയാഗത്തിലൂടെയാണ്. നവമായ ഒരു സാഹോദര്യത്തിനാണ്, ക്രിസ്തുവിന്റെ ബലി തുടക്കം കുറിച്ചത്. "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ഏകനാണ്, നിങ്ങൾ എല്ലാവരും സഹോദരന്മാരാണ് "(മത്തായി 23,8-9) എന്നുള്ള യേശുവിന്റ വചനങ്ങൾ, നമ്മിൽ നിന്നും പുറത്തുകടന്നുകൊണ്ട്, എപ്രകാരം സാഹോദര്യത്തിന്റെ വിശാല ലോകത്തിലേക്ക് കടക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സാഹോദര്യത്തിന്റെ ഉത്ഭവം സ്വർഗീയപിതാവിൽനിന്നുമാണെന്ന് യേശു അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഇത് എല്ലാത്തരം വിവേചനങ്ങളെയും മറികടക്കുന്ന സമ്മർദ്ധങ്ങളെയെല്ലാം അതിലംഘിക്കുന്ന സമത്വത്തിന്റെയും, സമഭാവനയുടെയും  സുവിശേഷമാണ്. സ്വാതന്ത്ര്യം സ്വാർത്ഥമായി ചുരുങ്ങുന്ന ഒരു ലോകത്തിൽ നിസ്വാർത്ഥതയുടെ വിശാലലോകമാണ് സാഹോദര്യം നമുക്ക് സംഭാവന ചെയ്യുന്നത്.

ഈ സാഹോദര്യത്തിന്റെ മൂല്യം വീണ്ടും ഊട്ടിയുറപ്പിക്കുവാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ ഈ ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. സാർവത്രിക സാഹോദര്യത്തിൻ്റെ പ്രതിഫലനത്തിനുള്ള ഇടമായിട്ടാണ് ഈ ചാക്രികലേഖനം അനുവാചകഹൃദയങ്ങളിലേക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്തൃത്വം, സമൂലമായ വ്യക്തിവാദം, സ്വാർത്ഥപരമായ  സ്വയം സംരക്ഷണം എന്നിവയിൽ  നിന്നും പുറത്തുകടന്നുകൊണ്ട്, പരസ്പരാശ്രിതത്വവും സഹ-ഉത്തരവാദിത്തവും വളർത്തിയെടുക്കുവാനാണ് ഈ ചാക്രികലേഖനം എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്. "അടഞ്ഞ ലോകത്തിൻ്റെ നിഴലുകളും" വൈരുദ്ധ്യാത്മക ലൗകിക ബന്ധങ്ങളും  മറികടന്ന് "സാമൂഹിക സൗഹൃദത്തിൽ ജീവിക്കുന്ന ഒരു ലോക സമൂഹത്തിൻ്റെ വികസനം സാധ്യമാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. ഈ ലക്‌ഷ്യം കൈവരിക്കുന്നതിന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള എല്ലാവരെയും ലേഖനം ആഹ്വാനം ചെയ്യുന്നു. സമൂഹത്തിൽ സാഹോദര്യത്തിൻ്റെ നിർമ്മാണത്തിനും, നീതിയുടെ സംരക്ഷണത്തിനും വിലപ്പെട്ട സംഭാവന നൽകുന്ന വിവിധ മതങ്ങൾ തമ്മിലുള്ള സൗഹൃദവും ഫ്രത്തെല്ലി തൂത്തി പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് അടിവരയിടുന്നു.

ഇന്ന് നമ്മൾ വിചിന്തനത്തിനു വിഷയമാക്കുന്ന മൂന്നാമത്തെ അധ്യായം ഇപ്രകാരം വിശാലമായ ഒരു ലോകത്തെ സ്വപ്നം കാണുവാനും, ആ  സ്വപ്ന സാക്ഷാത്ക്കാരത്തിനായി നമ്മുടെ സഹകരണം ആവശ്യപ്പെടുന്നതുമാണ്. വിശാലത എന്നാൽ ഒരു ഭൂപ്രകൃതിയെയല്ല വിവക്ഷിക്കുന്നത്, മറിച്ച് മതിലുകൾ ഇല്ലാത്ത, അതിരുകൾ നിശ്ചയിക്കപ്പെടാത്ത, ഒരു കൂട്ടായ്മാബന്ധമാണ് അർത്ഥമാക്കുന്നത്.സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം എന്നീ മൂന്നു പ്രധാന ഘടകങ്ങളാണ് മൂന്നാമത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. നാൽപ്പതു ഖണ്ഡികകൾ ഉൾപ്പെടുന്ന ദൈർഘ്യമേറിയ ഒരു അധ്യായം കൂടിയാണിത്. ഒരു പക്ഷെ ചാക്രികലേഖനത്തിന്റെ മുഴുവൻ അന്തഃസ്സത്ത അടങ്ങിയിരിക്കുന്നതിനാലും, വഴികാട്ടി ആയതിനാലും ആകാം ഇപ്രകാരം ദൈർഘ്യമേറിയതായി  മൂന്നാം അധ്യായം മാറിയത്.

ആധുനികയുഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏതാനും ചില വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. മനുഷ്യജീവിതത്തിന്റെ കുറവുകളെ ചൂണ്ടിക്കാണിക്കുന്ന ഈ വചനങ്ങൾ ഇപ്രകാരമാണ്: "വ്യക്തികൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, മറ്റുള്ളവർക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ സമർപ്പണത്തിലല്ലെങ്കിൽ, ജീവിക്കുവാനോ, വികസിക്കുവാനോ, ജന്മസാഫല്യം പ്രാപിക്കുവാനോ സാധിക്കാത്ത വിധത്തിലാണ്" (ഫ്രത്തെല്ലി തൂത്തി, 87). സ്‌നേഹത്തിന്റെ ബന്ധത്തിൽ നിന്ന് വിട്ടുനിന്നുകൊണ്ട് ഒറ്റപ്പെട്ടു ആർക്കും പക്വത പ്രാപിക്കുവാൻ സാധിക്കുകയില്ല എന്നും തുടർന്നുള്ള ഖണ്ഡികകളിൽ പാപ്പാ അടിവരയിട്ടു പറയുന്നു. തുരുത്തുകളായി മാറിനിന്നുകൊണ്ട്, 'ഞാൻ' എന്ന ഭാവത്തിൽ ജീവിക്കുന്ന ആളുകൾക്ക് ഒരു മുന്നറിയിപ്പ് നൽകിക്കൊണ്ട്, സഹോദരസ്നേഹത്തിലേക്ക് ക്ഷണിക്കുകയാണ് ഈ ചാക്രികലേഖനം.

നല്ല സമരിയാക്കാരന്റെ സന്മാതൃകകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സഹ -ഉത്തരവാദിത്വത്തിൻ്റെ ഒരു ഇടം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ്, രണ്ടാം അധ്യായം പ്രതിപാദിക്കുന്നത്. കൂടെ ചേരുവാനും, കൂട്ടിരിക്കുവാനും, നമ്മിൽ നിന്നും മറ്റുള്ളവരിലേക്ക് നടന്നടുക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിച്ച അദ്ധ്യായം, എന്നാൽ മൂന്നാം ഭാഗത്തേക്ക് എത്തുമ്പോൾ സാഹോദര്യം സൃഷ്ടിക്കുന്ന ഒരു തുറന്ന ലോകത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. ഭയത്തിന്റെയും, ആശങ്കയുടെയും, വെല്ലുവിളികളുടെയും അടച്ചുപൂട്ടപ്പെട്ട ലോകത്തിൽ നിന്നും, സംഭാഷണത്തിന്റെ ഒരു ലോകത്തേക്കാണ്, ഈ അധ്യായം നമ്മെ ക്ഷണിക്കുന്നത്.

മറ്റുള്ളവരില്ലാതെ മനുഷ്യർക്ക് വളരുവാൻ സാധിക്കുകയില്ല എന്ന മഹത്തായ  ആശയമാണ് ചാക്രികലേഖനത്തിന്റെ ഈ അധ്യായത്തിന്റെ അടിസ്ഥാനം.  "സാർവത്രിക കൂട്ടായ്മയ്ക്ക്" നമ്മെ പ്രേരിപ്പിക്കുന്ന ജീവകാരുണ്യത്തിൻ്റെ ചലനാത്മകതയ്ക്ക് അനുസൃതമായി മറ്റുള്ളവരോട് തുറവോടെ  "നമ്മിൽ നിന്ന് പുറത്തുവരാൻ" ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു. ഈ വളർച്ചയ്ക്ക് അളവുകോലാകുന്നത്, സ്നേഹമെന്ന പുണ്യം മാത്രം. സ്വാർത്ഥതയിൽ നിന്ന് അകന്ന് മറ്റുള്ളവരുടെ ജീവിതത്തിന് ഏറ്റവും മികച്ചത് നേടിക്കൊടുക്കുവാൻ നമ്മെ അനുവദിക്കണമെങ്കിൽ, സ്നേഹത്തിൽ ജീവിച്ചുകൊണ്ട് നമ്മിൽ നിന്നും പുറത്തു വന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. ഒരു വ്യക്തിയുടെ ധാർമ്മികവും ആത്മീയവുമായ ഉയരം പോലും നിർണ്ണയിക്കുന്നത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹമാണ് എന്ന ബെനഡിക്ട് പാപ്പായുടെ ചിന്തകൾ പോലും ഫ്രാൻസിസ് പാപ്പാ ഇവിടെ പങ്കുവയ്ക്കുന്നു.

ഈ സ്നേഹം ചലനാത്മകമാണെന്നും, ഈ ചലനാത്മകത ദാനധർമ്മങ്ങൾക്ക് മനുഷ്യഹൃദയത്തെ സ്വാധീനിക്കുവാനുള്ള ശക്തിയുണ്ടെന്നും പാപ്പാ പറയുന്നു. ഈ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല എന്ന് മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുവാൻ തക്കവണ്ണം ജീവിതത്തെ പാകപ്പെടുത്തുന്നു. മറ്റുള്ളവരോട് ചേർന്ന് നിന്നുകൊണ്ട് ഇപ്രകരം ഒരു സാമൂഹിക സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് പ്രാഥമികവും അനിവാര്യവുമായ വിദ്യാഭ്യാസ പ്രോത്സാഹനവും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. പരോപകാരം ചെയ്യുന്നതിനും, മറ്റുള്ളവരുടെ നന്മയ്ക്കുള്ള മൂർത്തമായ ആഗ്രഹം സൃഷ്ടിക്കുന്നതിനും, ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുന്നതിനും, ദുർബലരെ സംരക്ഷിക്കുന്നതിനും, ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്ന വലിയ ഒരു ഘടകം വിദ്യാഭ്യാസരംഗമാണെന്ന് പാപ്പാ എടുത്തു പറയുന്നു. അതിനാൽ വിദ്യാഭ്യാസം ആർക്കും നിഷേധിക്കാൻ അനുവദിക്കരുതെന്ന് പാപ്പാ തന്റെ ചാക്രികലേഖനം വഴിയായി ഉദ്ബോധിപ്പിക്കുന്നു.

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ലെന്നും അവകാശങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ, എവിടെ ജനിച്ചാലും ആരെയും ഒഴിവാക്കാനാവില്ലെന്നും പാപ്പാ തുടർന്ന് പറയുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുടെ നൈതികതയെയാണ് പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ചേരിതിരിവിന്റെ പ്രത്യയശാസ്ത്രങ്ങൾ തച്ചുടയ്ക്കപ്പെടേണ്ടതാണെന്ന് പാപ്പാ പറയുന്നു.  വംശീയതയെയും വിദ്വേഷ മനോഭാവത്തെയും അതിജീവിച്ച്, വിവിധ മത സമൂഹങ്ങളിൽ പെട്ട ആളുകളെ  ഒത്തൊരുമയോടെ നിറങ്ങളുടെ ലോകത്ത് ചേർത്ത് നിർത്തുവാൻ എല്ലാ ലോകരാജ്യങ്ങൾക്കും സാധിക്കണമെന്ന് പറയുന്ന പാപ്പാ, ‘ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന് ചിന്തിക്കുന്നതിനുമപ്പുറം സഹോദരങ്ങളായി ജീവിക്കുന്നതിനു ആഹ്വാനം ചെയ്യുന്നു.

സാഹോദര്യം സ്വാതന്ത്ര്യത്തോടെ അനുഭവിക്കുവാൻ എല്ലാ ജനങ്ങളെയും ഒരു പോലെ അനുവദിക്കുന്ന ഒരു ലോകത്തെയാണ് പാപ്പാ സ്വപ്നം കാണുന്നതും, ചാക്രികലേഖനത്തിലൂടെ വിഭാവനം ചെയ്യുന്നതും. എന്റേത് എന്ന പ്രയോഗത്തിന് പകരം, ‘നമ്മുടേത് എന്ന പ്രയോഗത്തിന് ജീവൻ നൽകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിന്റെ വലുതും ചെറുതും, ആരോഗ്യപരവും, അനാരോഗ്യപരവുമായ എല്ലാ മാറ്റങ്ങളും നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറുമ്പോഴാണ് യഥാർത്ഥത്തിൽ ഐക്യദാർഢ്യത്തിന്റെ സാമൂഹിക മനോഭാവത്തിന് രൂപം നൽകുവാൻ നമുക്ക് സാധിക്കുന്നത്.

സ്വത്തിൻ്റെ സാമൂഹിക ഉപയോഗം  സ്വകാര്യതയെക്കാൾ പ്രബലമാണ്. എല്ലാവർക്കും പ്രാപ്യമായ ഒരു സ്വത്തു സംവിധാനം നിലവിൽ വരികയാണെങ്കിൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന നിരവധി അസ്വാരസ്യങ്ങൾ ഒഴിവാക്കുവാൻ നമുക്ക് സാധിക്കുമെന്ന് ലേഖനം അടിവരയിട്ടു പറയുന്നു. സാഹോദര്യത്തിലൂടെ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന് ഈ അദ്ധ്യായം അടിവരയിട്ടു പറയുന്നു.

"യഥാർത്ഥവും, ശാശ്വതവുമായ സമാധാനം സാധ്യമാകുന്നത്, പരസ്പരാശ്രയത്വത്തിന്റെ ഭാവിക്കായുള്ളതും, മാനവകുടുംബത്തിന്റെ കൂട്ടുത്തരവാദിത്വത്തിന്റേതുമായ ഐക്യദാർഢ്യത്തിന്റെ ആഗോളനീതിശാസ്ത്രമെന്ന അടിസ്ഥാനത്തിലാണ്" ഈ ഒരു വചനത്തോടെയാണ് ഈ മൂന്നാം അധ്യായം അവസാനിക്കുന്നത്. സമാധാനത്തിലേക്കുള്ള പാതയിൽ, തുറന്ന മനസോടെ മറ്റുള്ളവരെ കേൾക്കുവാനും അവരോട് ചേർന്നിരിക്കുവാനും ഈ ചാക്രികലേഖനം നമ്മെ ആഹ്വാനം ചെയ്യുന്നു.

ചാക്രികലേഖനത്തിന്റെ മലയാളവിവർത്തനം കടപ്പാട്: ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി (കാർമ്മൽ പബ്ലിക്കേഷൻസ്)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2024, 12:44