ഹൈറ്റി: അക്രമിസംഘം തട്ടിക്കൊണ്ടുപോയ വൈദികനെ സ്വാതന്ത്രനാക്കി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഹൈറ്റി അതിരൂപതയിലെ സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ഇടവകയിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച അക്രമിസംഘം തട്ടിക്കൊണ്ടുപോയ എമ്മാനുവേൽ സെന്തേലിയാ എന്ന വൈദികനെ അക്രമിസംഘം വിട്ടയച്ചു. ഹൈറ്റി തലസ്ഥാനമായ പോർട്ട് ഓ പ്രെൻസിലെ (Port-au-Prince) ഗ്രെസിയേ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒരു പ്രദേശത്ത് സംഘം അന്നേ ദിവസം അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു.
ഹൈറ്റിയിലെ പൊതുസമൂഹത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന അക്രമിസംഘങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ എടുക്കണമെന്ന് വൈദികനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നാം തീയതി പുറത്തുവിട്ട പ്രസ്താവനയിൽ ഹൈറ്റി അതിരൂപത ആവശ്യപ്പെട്ടിരുന്നു. എപ്പോഴും ഉത്തരവാദിത്വപരമായി പെരുമാറുകയും, എല്ലാവർക്കും സേവനസന്നദ്ധനായി നിലകൊള്ളുകയും ചെയ്തിരുന്ന ഒരു വൈദികനെയാണ് അക്രമികൾ കൊണ്ടുപോയതെന്ന് അതിരൂപത പ്രസ്താവിച്ചിരുന്നു. മോചനദ്രവ്യം നൽകാതെയാണ് ഫാ. സെന്തേലിയായെ മോചിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മുൻ പോലീസ് ഉദ്യോഗസ്ഥനായ ജിമ്മി ഷെറിസ്യേ (Jimmy Cherizier) യുടെ കീഴിലുള്ള വിവ്ര് അൻസാബിൾ (Vivre Ensemble) എന്ന അക്രമിസംഘം ജൂലൈ ഒന്നിന് നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഗ്രെസിയേ പ്രദേശത്തെ പോലീസ് സബ്സ്‌റ്റേഷൻ അക്രമിസംഘം ആക്രമിച്ചിരുന്നു.
ഷെറിസ്യേ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനാണ് രാജ്യത്തെ നിലവിലുള്ള അതിക്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കെനിയയിൽനിന്നുള്ള സമാധാനസേനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, രാജ്യത്തിൻറെ വിവിധയിടങ്ങളിൽ കലാപങ്ങൾ അഴിച്ചുവിടാൻ ഷെറിസ്യേയുടെ കീഴിലുള്ള സംഘത്തിന് സാധിച്ചിരുന്നു. നിലവിൽ സ്റ്റേഷന്റെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: