മജ്‌ദാൽ ഷംസ് റോക്കറ്റാക്രമണം: സമാധാനാഹ്വാനം നടത്തി വിശുദ്ധനാട്ടിലെ കത്തോലിക്കാമെത്രാന്മാർ
ഫ്രഞ്ചേസ്‌ക സബത്തിനേല്ലി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ ന്യൂസ്
ഹെർമോൻ മലയ്ക്കടുത്തുള്ള ഗോലാൻ കുന്നിലെ മജ്‌ദാൽ ഷംസിൽ ഫുടബോൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 12 കുട്ടികളുടെ മരണത്തിനിടയാക്കിയ കഴിഞ്ഞദിവസത്തെ റോക്കറ്റ് ആക്രമണത്തെ അപലപിച്ച് വിശുദ്ധനാട്ടിലെ കത്തോലിക്കാ മെത്രാന്മാർ. ഇവിടെയുള്ള കത്തോലിക്കാമെത്രാന്മാരുടെ പേരിൽ കഴിഞ്ഞ ദിവസം ജറുസലേമിലെ ലത്തീൻ പാത്രിയർക്കാ പുറത്തുവിട്ട സന്ദേശത്തിൽ, അപകടത്തിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങൾക്ക് സഭാനേതൃത്വം അനുശോചനമറിയിച്ചു. ജീവിതത്തെ വിശുദ്ധമായി കാണുന്ന എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്ന ഒരു സംഭവമാണ്, ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ടായിരുന്ന ഈ യുവജനങ്ങളുടെ മരണമെന്ന് സന്ദേശത്തിൽ മെത്രാന്മാർ എഴുതി.
മരണമടഞ്ഞവരെക്കുറിച്ചുള്ള ഓർമ്മകളിൽ തുടരുമ്പോഴും, സമാധാനത്തിനായുള്ള ആഹ്വാനം തങ്ങൾ ആവർത്തിക്കുന്നുവെന്ന് വിശുദ്ധനാട്ടിലെ കത്തോലിക്കാസഭാ നേതൃത്വങ്ങൾ എഴുതി. ഒരു രീതിയിലുമുള്ള അക്രമങ്ങളെയും തങ്ങൾ അംഗീകരിക്കില്ലെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു. തുടർച്ചയായ അക്രമത്തിന്റെ പാത അവസാനിക്കണമെന്ന് അവർ ആഹ്വാനം ചെയ്‌തു. മധ്യപൂർവ്വദേശങ്ങളിൽ പരസ്പരബഹുമാനത്തോടെയും ഉൾക്കൊള്ളൽ മനോഭാവത്തോടെയും ജീവിക്കുകയെന്നതാണ് യുവജനങ്ങളുടെയും സമൂഹങ്ങളുടെയും നല്ല ഭാവിക്ക് ആവശ്യമെന്ന് സഭാനേതൃത്വം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ കുട്ടികളും യുവജനങ്ങളുമടക്കം 12 പേർ മരണമടയുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒക്ടോബർ 7-ന് ഇസ്രായേലിലെ സാധാരണ ജനങ്ങൾക്കുനേരെ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും ശക്തമായ ആക്രമണമായാണ് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് സംഭവത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ മേൽ ഉത്തരവാദിത്വം ആരോപിക്കപ്പെട്ട ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ലെബനോനിലെ ഹിസ്‌ബൊള്ളാ പ്രഖ്യാപിച്ചു. എന്നാൽ, ഗാസായുടെ മേൽ ഇസ്രായേൽ ആക്രമണം തുടരുന്നിടത്തോളം കാലം തങ്ങൾ വെടിനിറുത്തൽ നടത്തില്ലെന്ന് സംഘടന അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: