ബംഗ്ലാദേശിൽ ഈശോസഭയുടെ നൊവിഷ്യേറ്റ് തുറക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രാദേശികമായ ഭാഷയും, സംസ്കാരവും ഉൾക്കൊണ്ടുകൊണ്ട് പ്രാരംഭ പരിശീലനം നടത്തുവാൻ വൈദിക വിദ്യാർത്ഥികളെ സഹായിക്കുന്നതിനുതകുംവണ്ണം, ഈശോസഭയുടെ പുതിയ നൊവിഷ്യേറ്റ് പരിശീലന കേന്ദ്രം ക്രിസ്ത്യാനികൾ ഏറെ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ തുടങ്ങുന്നു. ജൂലൈ മാസം പതിനാറാം തീയതിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. 'ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം', (AID TO THE CHURCH IN NEED) എന്ന സംഘടനയുടെ സഹായത്തോടെയാണ്, സാമ്പത്തികക്ലേശം ഏറെ അനുഭവിക്കുന്ന രാജ്യത്ത് ഈ പരിശീലനകേന്ദ്രം തുടങ്ങുന്നത്.
രാജ്യത്ത് മുപ്പതു വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈശോസഭ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു, സമൂഹത്തിലെ പുതിയ അംഗങ്ങളുടെ രൂപീകരണം. ബംഗ്ലാദേശിൽ നിന്നുളള അംഗങ്ങൾ ഇതുവരെ പരിശീലനം നടത്തിയിരുന്നത് അയൽരാജ്യമായ ഇന്ത്യയിൽ ആയിരുന്നു. എന്നാൽ ഇന്ന് അന്താരാഷ്‌ട്ര താമസത്തിനായുള്ള നിയമതടസങ്ങൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസരത്തിലാണ് ഈ പുതിയ പരിശീലനകേന്ദ്രം ഏറെ പ്രാധാന്യമർഹിക്കുന്നത്.
1576 ലാണ് ആദ്യമായി ഈശോസഭാ അംഗങ്ങൾ ആദ്യമായി ബംഗ്ലാദേശിൽ എത്തിയത്. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ സഭയുടെ പ്രവർത്തനം തടസപ്പെടുകയും, ദൗത്യം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പിന്നീട് 1994 ൽ, ബംഗ്ലാദേശ് മെത്രാന്മാരുടെ ക്ഷണപ്രകാരമാണ്, ഇശോസഭയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇന്ന് 28 അംഗങ്ങളാണ് ബംഗ്ലാദേശിൽ ഉള്ളത്. അവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്ന് തന്നെയുള്ളവരാണ്.
ബംഗ്ലാദേശിൽ ഏകദേശം 500,000 ക്രിസ്ത്യാനികൾ ഉണ്ട്, അതിൽ 300,000 പേർ കത്തോലിക്കരാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ രാജ്യത്തിന് വളരെയധികം സംഭാവന കത്തോലിക്കാ സഭ നൽകിയിട്ടുണ്ട്. പല കത്തോലിക്ക യുവാക്കളും, സഭ ചെയ്യുന്ന ആത്മീയവും സാമൂഹികവുമായ സേവനങ്ങൾ കണ്ട് വളരുകയും, തുടർന്ന് ഈ സേവനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ ഉണ്ടെന്നു, ഈശോസഭയുടെ മിഷൻ സുപ്പീരിയർ ഫാ. റിപ്പൺ റൊസാരിയോ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: