ആത്മശരീരങ്ങൾക്ക് പോഷണമേകുന്ന ദൈവപുത്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സമാന്തരസുവിശേഷങ്ങളിലും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലും ഏതാണ്ട് ഒരുപോലെ രേഖപ്പെടുത്തപ്പെടുന്ന ഒരു അത്ഭുതമാണ് യേശു അപ്പം വർദ്ധിപ്പിക്കുന്ന സംഭവം (മത്തായി 14, 13-21; മർക്കോസ് 6, 30-44; ലൂക്കാ 9, 10-17). വിശുദ്ധ യോഹന്നന്റെ സുവിശേഷത്തിൽ യേശു ചെയ്ത നാലാമത്തെ അടയാളമായാണ് ഈ അത്ഭുതം എഴുതപ്പെട്ടിരിക്കുന്നത് (യോഹന്നാൻ 6, 1-15). വിശുദ്ധ മത്തായിയുടെയും (മത്തായി 15, 32-39) മർക്കോസിന്റെയും (മർക്കോസ് 8, 1-10) സുവിശേഷങ്ങളിൽ യേശു അപ്പം വർദ്ധിപ്പിക്കുന്ന രണ്ട് വ്യത്യസ്ത സംഭവങ്ങൾ കൂടി രേഖപ്പെടുത്തപ്പെടുന്നുണ്ട്. സമാന്തരസുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു അപ്പം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഭാഗത്ത് പീലിപ്പോസിന്റെയും പത്രോസിന്റെ സഹോദരനായ അന്ത്രയോസിന്റെയും പേരുകൾ പ്രത്യേകം പരാമർശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു (യോഹന്നാൻ 6, 4) എന്ന കാര്യവും യോഹന്നാൻ എടുത്തുപറയുന്നുണ്ട്.
കർത്താവ് നൽകുന്ന സമൃദ്ധി
രാജാക്കന്മാരുടെ രണ്ടാം പുസ്തകം നാലാം അദ്ധ്യായത്തന്റെ അവസാനഭാഗത്ത് (2 രാജാ. 4, 42-44) ഒരു വ്യക്തി തനിക്ക് ലഭിച്ച ആദ്യഫലങ്ങൾ കൊണ്ടുണ്ടാക്കിയ കുറച്ച് അപ്പവും ഇരുപത് ബാർലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് എലീഷാ പ്രവാചകന് കൊടുക്കുന്നതും, പ്രവാചകന്റെ നിർദ്ദേശമനുസരിച്ച് ഭൃത്യൻ അത് നൂറോളം ആളുകൾക്കായി വിളമ്പിയതും, അതിൽ മിച്ചം വരുന്നതും നാം കാണുന്നുണ്ട്. പ്രവാചകൻ അവിടെ പറയുന്ന ഒരു വചനമുണ്ട്: "എന്തെന്നാൽ കർത്താവ് അരുളിച്ചെയ്യുന്നു: അവർ ഭക്ഷിക്കുകയും മിച്ചം വരികയും ചെയ്യും" (2 രാജാ. 4, 43). വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം കണ്ട അത്ഭുതത്തിലും ഇതിന് സമാനമായ ഒരു ദൃശ്യമാണുള്ളത്. അഞ്ച് ബാർലിയപ്പവും രണ്ടു മീനും കൊണ്ട്, അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയൊരു സമൂഹത്തിന് തൃപ്തിവരുത്തുന്ന കർത്താവ് (യോഹന്നാൻ 6, 9).
മരുഭൂമിയിലായിരുന്ന ഇസ്രായേൽജനത്തിന്റെ വിശപ്പിനെക്കുറിച്ച് വേവലാതിപ്പെടുന്ന മോശയെപ്പറ്റി സംഖ്യയുടെ പുസ്‌തകത്തിൽ നാം വായിക്കുന്നുണ്ട്. മോശ കർത്താവിനോട് ചോദിക്കുന്നു: "ഈ ജനത്തിനെല്ലാം നൽകാൻ എവിടെനിന്ന് മാംസം കിട്ടും?" (സംഖ്യ 11, 13). ജനത്തിന്റെ പരാതി കേട്ടിട്ടാണ് മോശ ദൈവത്തോട് ഇങ്ങനെ ചോദിക്കുന്നതെങ്കിൽ, സമാന്തരസുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, യോഹന്നാന്റെ സുവിശേഷത്തിൽ, യേശുവാണ് ജനത്തിന് ഭക്ഷണം നൽകുന്നതിനായി മുൻകൈയ്യെടുക്കുന്നത്.
ജനത്തിന്റെ വിശപ്പറിഞ്ഞ്, ആവശ്യങ്ങളറിഞ്ഞ് അവർക്ക് വേണ്ടത് നൽകാൻ കഴിവുള്ള ദൈവത്തിന്റെ കരുതലിന്റെ മുഖമാണ് ഈ സംഭവത്തിൽ നാം കാണുന്ന യേശുവിൽ വ്യക്തമാകുന്നത്. അവൻ കണ്ണുകളുയർത്തി ഒരു വലിയ ജനതതി തന്റെ അടുത്തേക്ക് വരുന്നത് കണ്ട്, അവർക്ക് ഭക്ഷിക്കാൻ വേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നു. വിവിധ ചിന്തകളാണ് ഇവിടെ സുവിശേഷം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരിക. പഴയനിയമത്തിലെ പുറപ്പാട് സംഭവത്തിൽ, മരുഭൂമിയുടെ പ്രതികൂലാവസ്ഥയിലും ഇസ്രായേൽ ജനത്തിന്റെ വിശപ്പിന് അപ്പം നൽകുന്ന ദൈവത്തെപ്പോലെ, ഇതാ, ഇവിടെ, ഇരുനൂറ് ദാനറയ്ക്കുള്ള അപ്പം കൊണ്ടുപോലും വിശപ്പടക്കാൻ സാധിക്കാത്തത്ര വലിയൊരു ജനക്കൂട്ടത്തിന്റെ, ഗലീലിക്കടലിന്റെ മറുകരയിലുള്ള ഒരു മലയിൽ വച്ച് തന്നെ തേടിവരുന്ന ജനത്തിന്റെ, വിശപ്പകറ്റുന്ന ക്രിസ്തു.
ക്രിസ്‌തുവിന്റെ ജീവിത, മരണ, ഉത്ഥാനങ്ങളുടെ ചരിത്രമറിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ഈ സുവിശേഷഭാഗത്തിന്, ആത്മാവിന്റെ ഭക്ഷണമായ, നിത്യജീവന്റെ മന്നയായ വിശുദ്ധ കുർബാനയിലേക്ക് പോലും നമ്മുടെ ചിന്തകളെ കൊണ്ടുപോകാൻ കഴിവുണ്ട്. "യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്‌ത് അവർക്കു വിതരണം ചെയ്‌തു; അതുപോലെതന്നെ മീനും വേണ്ടത്ര നൽകി" (യോഹ. 6, 11) എന്നാണ് നാം സുവിശേഷത്തിൽ വായിക്കുക. നമ്മെയും നമ്മുടെ ഉള്ളും കണ്ടറിഞ്ഞ്, നമ്മുടെ ആത്മശരീരങ്ങളുടെ വിശപ്പറിഞ്ഞ്, നമ്മെ തൃപ്തിപ്പെടുത്തുവാൻ പോന്ന ദൈവമാണ് ക്രിസ്തുവെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. സ്വന്തം ശരീരരക്തങ്ങൾ നമുക്കായി പകുത്തുനൽകുന്ന നൽകുന്ന ദൈവപുത്രനാണവൻ.
പ്രവാചകനും രാജാവുമായ ദൈവപുത്രൻ
അപ്പം വർദ്ധിപ്പിക്കുന്ന സംഭവത്തിന്റെ അവസാനഭാഗത്ത് രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും യേശുവാണെന്ന് അവർ കരുതുന്നു. അതുകൊണ്ടുതന്നെ അവർ അവനെ തങ്ങളുടെ രാജാവാക്കാൻ വേണ്ടി ഭാവിക്കുന്നു. എന്നാൽ താൻ ആരാണെന്നും, തന്റെ നിയോഗമെന്തെന്നും അറിയുന്ന യേശു, തനിയെ മലമുകളിലേക്ക് പിന്മാറുന്നു എന്നതാണ് രണ്ടാമത്തെ കാര്യം യോഹന്നാന്റെ തന്നെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ സ്നാപകയോഹന്നാനോട് ജനം ചോദിക്കുന്ന ഒരു ചോദ്യം ഇതിനോട് അടുത്തുനിൽക്കുന്നതാണ്. നീ ഏലിയാ ആണോ, നീ പ്രവാചകനാണോ (യോഹന്നാൻ 1, 21? മലാക്കിയാ പ്രവാചകന്റെ മൂന്നാം അദ്ധ്യായത്തിന്റെ ആദ്യ വാക്യത്തിൽ പറഞ്ഞിരിക്കുന്ന വാക്യമാണ് യോഹന്നാന്റെ ഉത്തരത്തിൽ നാം കാണുക, മുന്നേ അയക്കപ്പെട്ട ദൂതനാണ് ഞാൻ (മലാക്കി 31, യോഹന്നാൻ 1, 23-28). യേശുവിൽ ഒരു അത്ഭുതപ്രവർത്തകനെയും, പ്രവാചകനെയുമാണ് ജനം കാണുന്നത്. ദൈവത്തെയല്ല, ദൈവനാമത്തിൽ അത്ഭുതം ചെയ്യുന്നവരെയാണ് അവർക്ക് വേണ്ടത്. അതുകൊണ്ടുതന്നെയാണ് അവർ അവനെ രാജാവാക്കാൻ പരിശ്രമിക്കുന്നതും. എന്നാൽ നിത്യജീവന്റെ അപ്പവും, നിത്യരക്ഷയുടെ ആച്ചാരവുമായി സ്വജീവൻ നൽകാൻ വന്നവൻ, അപ്പവും മീനും നൽകി ജനങ്ങളെ ആശ്ചര്യപ്പെടുത്തി, ഈ ഭൂമിയിൽ അവർക്കായി ഒരു രാജാവായി നിൽക്കാനല്ല ശ്രമിക്കുന്നത്. മരുഭൂമിയിൽ പിശാച് നടത്തുന്ന പരീക്ഷണത്തിന്റെ മറ്റൊരു രൂപമാണ് ഇപ്പോൾ ജനങ്ങളുടെ അത്ഭുതം കലർന്ന ആരാധനയിൽ അവൻ കാണുന്നത്. ഈ ഭൂമിയിലെ അധികാരവും, മഹത്വവും തേടിയല്ല അവൻ വന്നത്. മനുഷ്യരോട് പ്രവചിക്കുന്നതിനേക്കാൾ, അവരോട് നിത്യജീവന്റെ വചനങ്ങൾ ഉദ്‌ഘോഷിക്കാനും,, ഒരു രാജാവിനെപ്പോലെ ഭരിക്കുന്നതിനേക്കാൾ അവരെ ദൈവരാജ്യത്തിന്റെ അവകാശികളാക്കാനുമാണ് ദൈവപുത്രൻ വന്നത്. പ്രവാചകത്വവും രാജത്വവും അവനിൽ പൂർണ്ണമായിരിക്കുന്നു.
കരുതലുള്ള ദൈവം
ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ കാണുന്നതുപോലെ, പച്ചയായ പുൽത്തകിടിയിൽ വിശ്രമമരുളുന്ന, ശത്രുക്കളുടെ മുന്നിൽ നമുക്കായി വിരുന്നൊരുക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത് (സങ്കീ. 23, 2; 5). ദൈവത്തെ തേടിയുള്ള, നിത്യതയെ ആഗ്രഹിച്ചുള്ള നമ്മുടെ ജീവിതയാത്രയിൽ, ഒറ്റപ്പെട്ട മലമ്പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോഴും, കുറവുകളുടെയും, ഇല്ലായ്മയുടെയും താഴ്വരകളിൽ ആയിരിക്കുമ്പോഴും, ആശീർവദിച്ച് മുറിച്ച്, നമുക്ക് തൃപ്‌തിവരുവോളം വിതരണം ചെയ്യുന്ന ദൈവപുത്രൻ നമ്മെ കാത്തിരിപ്പുണ്ടെന്ന ബോധ്യത്തോടെയും ഉറപ്പോടെയും മുന്നോട്ട് പോകാൻ ഈ തിരുവചനവായനകൾ നമ്മെ സഹായിക്കണം. തന്നെ തേടുന്നവർക്ക്, തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണെന്ന്, സർവ്വസൃഷ്ടിയുടേയും മേൽ കരുണ ചൊരിയുന്ന ദൈവമാണ് അവനെന്ന് സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നത് (സങ്കീ. 144; 145) നമുക്ക് ഹൃദയത്തിൽ ഓർത്തിരിക്കാം. വിശുദ്ധ പൗലോസ് എഫേസൂസുകാർക്കെഴുതിയ ലേഖനത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ഒരേ പ്രത്യാശയിലേക്ക് വിളിക്കപ്പെട്ട്, ഒരു ശരീരവും, ഒരു ആത്മാവുമായി, ഐക്യത്തിൽ ക്രിസ്‌തുവിനെ അനുഗമിക്കേണ്ട നാം, അവനെപ്പോലെ, കരുണയോടെ നമ്മുടെ സഹോദരങ്ങളെ അവരുടെ ആവശ്യങ്ങളിൽ കരുതുന്നവരാകാൻ പരിശ്രമിക്കാം. ജീവിതത്തിൽ നമുക്കുള്ളതെല്ലാം ദൈവദാനമാണെന്ന് തിരിച്ചറിയാം. അത്ഭുതങ്ങളെക്കാളും അടയാളങ്ങളെക്കാളും ദൈവത്തെ അന്വേഷിക്കുന്നവരും, അവന്റെ മാർഗ്ഗത്തിൽ ചരിക്കുന്നവരുമാകാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: