തിരയുക

ജൂബിലി ലോഗോ ജൂബിലി ലോഗോ  

പ്രത്യാശ നിറയ്ക്കുന്ന ജൂബിലി വർഷം

2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ സ്‌പേസ് നോൺ കോൺഫൂണ്ദിത്ത് (Spes non Confundit) ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’, എന്ന ഔദ്യോഗിക ബൂളയുടെ അപഗ്രഥനം
ചിന്താമലരുകൾ ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

'പ്രത്യാശ' എന്നാൽ എന്താണെന്ന് ചോദിക്കുമ്പോൾ, ഒരു പക്ഷെ നമ്മിൽ പലർക്കും ഉടനെ ഒരു ഉത്തരം ലഭിക്കണമെന്നില്ല. ജീവിതത്തിന്റെ അനുഭവങ്ങളിൽ ചിലപ്പോൾ ചില ഏടുകൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ആ വാക്കിനെ വിശദീകരിക്കുവാൻ നാം പരിശ്രമിച്ചേക്കാം, അല്ലെങ്കിൽ സൗകര്യപൂർവം ആ ചോദ്യത്തെ തന്നെ നാം വഴിതിരിച്ചു വിട്ടേക്കാം. സ്വന്തം ജീവിതത്തിൽ പോലും ഈ വാക്ക് രണ്ടു തരത്തിൽ നമ്മെ സ്വാധീനിക്കുന്നു. ഒന്ന്, പതറി പോകുന്ന അവസരത്തിൽ മുൻപോട്ടുള്ള യാത്രയിൽ തുണയായി നിൽക്കുന്ന ഒരു ദൈവീകപുണ്യം. രണ്ടു, മരീചികയെന്നോണം ജീവിതത്തിൽ വെറുതെ ശ്രവണസുഖം നൽകുന്ന ഒരു വാക്ക്. ജീവിതത്തിൽ തുണയായി കൂട്ടുചേരുന്ന ഒരു വാക്കും, വാഗ്ദാനവുമാണ് പ്രത്യാശ എന്നതെന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. പക്ഷെ, നൈമിഷികമായ സുഖങ്ങളിലും, താത്പര്യങ്ങളിലും ജീവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, പ്രത്യാശ എന്നത് കബളിപ്പിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്ക് മാത്രം, ഒരു പക്ഷെ നിരവധി നോവലുകളിൽ, ഇപ്രകാരം പ്രത്യാശയെ മനുഷ്യജീവിതത്തെ ദിവാസ്വപ്നങ്ങളിൽ തളച്ചിടുന്ന ഒന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പ്രത്യാശ ജീവിതത്തിന്റെ അടിസ്ഥാനം

പ്രത്യാശയെ പറ്റി പഴയനിയമത്തിലും, പുതിയ നിയമത്തിലും നിരവധി വചനങ്ങൾ നമുക്ക് കാണുവാൻ  സാധിക്കും. എപ്പോഴും ജീവിതസാക്ഷ്യത്തിന്റെ അകമ്പടിയോടെയാണ് ഈ വാക്കിനെവിശദീകരിച്ചിരുന്നത് . ‘കാത്തിരിപ്പിന്റെ പുണ്യ’മെന്നാണ് ഫ്രാൻസിസ് പാപ്പാ തന്റെ വാക്കുകളിൽ പ്രത്യാശയെ നിരവധി തവണ വിശദീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ, ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റെ ഓരോ രൂപവും, പ്രത്യേകതകളും പ്രതശയോടെ സ്വപ്നം കാണുന്നതുപോലെ, ജീവിതത്തിൽ കർത്താവിനെ വീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നതാണ് പ്രത്യാശയെന്ന പുണ്യം എന്നാണ് ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നത്. നമ്മുടെ ജീവിതത്തിലെ പരീക്ഷണങ്ങളിലും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ഇപ്രകാരം ദൈവീകമായ ഒരു വെളിച്ചം ദർശിക്കുവാൻ നമുക്ക് സാധിക്കണമെങ്കിൽ, പ്രത്യാശയെന്ന പുണ്യം നമ്മുടെ ജീവിതത്തിൽ കൂടിയേ തീരൂ. എന്നാൽ പ്രത്യാശയുടെ അഭാവം പലപ്പോഴും ജീവിതത്തിന്റെ കയ്‌പേറിയ നിമിഷങ്ങളിൽ നമ്മെ അന്ധകാരത്തിലേക്ക് തള്ളിവിടും. ഈ അന്ധകാരത്തിന്റെ അവസ്ഥയെ നിരാശയെന്നോ, ആകുലതയെന്നോ ഈ സമൂഹം വിളിക്കുന്നു. മനഃശാസ്ത്രപരമായ നിരവധി പ്രശ്നങ്ങൾക്ക് പിന്നിൽ ഇപ്രകാരം പ്രത്യാശയുടെയും, ഈശ്വരാനുഭവത്തിന്റെയും കുറവ് ആത്മീയാചാര്യന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന് പൗലോസ് ശ്ലീഹാ റോമിലെ സഭയോട് അരുളിച്ചെയ്ത വചനം ഇത്തരത്തിൽ ക്രൈസ്തവജീവിതത്തിൽ നൽകുന്ന ആശ്വാസം മുൻനിർത്തിയാണ് 2025 ജൂബിലി വർഷത്തിന്റെ ബൂള ഫ്രാൻസിസ് പാപ്പാ തയ്യാറാക്കിയത്.

പരിശുദ്ധാത്മാവിന്റെ ദാനമായ പ്രത്യാശ

രേഖ പ്രധാനമായും മുൻപോട്ടു വയ്ക്കുന്ന ആശയം പ്രത്യാശ എന്നത് ദൈവം തന്നെ ആണെന്നുള്ള തിരിച്ചറിവിലേക്ക് ജനം കടന്നു വരണം എന്നുള്ളതാണ്. ചിലപ്പോഴെങ്കിലും ശുഭാപ്തിവിശ്വാസമെന്നോ, ഭാഗ്യമെന്നോ നാം പ്രത്യാശയെ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ദൈനം ദിന ജീവിതത്തിൽ, മാനുഷികമായ രീതിയിൽ കാര്യങ്ങൾ ശുഭമായോ, ഭാഗ്യാത്മകമായോ നടക്കാതെ വരുമ്പോൾ പ്രത്യാശ ഇരുള് നിറഞ്ഞ നിരാശാജനകമായ ഒരു അവസ്ഥയിലേക്ക് നമ്മെ എത്തിക്കാറുണ്ട്. പക്ഷെ ഫ്രാൻസിസ് പാപ്പാ, പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ നമ്മെ ഓർമ്മപ്പെടുത്തുന്നത്, യഥാർത്ഥ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്നുള്ളതാണ്. പ്രത്യാശ പരിശുദ്ധാത്മാവിന്റെ ദാനമെന്നാണ് അപ്പസ്തോലനോട് ചേർന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. പിതാവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്നതിനു മുൻപ് യേശു വാഗ്ദാനം ചെയ്യുന്നതു; കാര്യങ്ങൾ പൂർത്തിയാക്കുന്നതിനും , നിങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി പരിശുദ്ധാത്മാവിനെ അല്ലെങ്കിൽ സഹായകനെ അയയ്ക്കും എന്നാണ്.  വർത്തമാന കാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടു പോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. തിരുവെഴുത്തുകളിൽ അധികവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ഉന്നതവും ഉദാത്തവും ആയ പ്രത്യാശയാണ്. പൗരാണിക ലോകത്തിലെ ചിന്തകന്മാരിലധികം പേരും പ്രത്യാശയെ ഒരു മൗലിക ഗുണമായി കണ്ടില്ല . അവരുടെ ദൃഷ്ടിയിൽ പ്രത്യാശയെന്നത്  കാലികമായ ഭ്രാന്തി മാത്രം. ഈ ചിന്താഗതിയെയാണ്, പൗലോസ് ശ്ലീഹ തിരുത്തുന്നതും, തുടർന്ന് ജൂബിലി വർഷത്തിൽ, വിശ്വാസികൾക്ക് സന്ദേശമായി നൽകുന്നതും.

ദൈവാശ്രയം ഉണർത്തുന്ന പ്രത്യാശ

ജീവിക്കുന്ന ദൈവത്തിലും ദൈവിക വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രത്യാശ ഉണ്ടാവുകയുള്ളൂ എന്ന് ബൂളയിൽ പാപ്പാ അടിവരയിട്ടു പറയുന്നു. ഈ പ്രത്യാശ മനസ്സിന്റെ ഒരു ഭാവം മാത്രമോ, നിലവിലിരിക്കുന്ന ചുറ്റുപാടുകളാലും മാനുഷിക സാദ്ധ്യതകളാലും നിയന്ത്രിതവുമോ അല്ല. മറിച്ച്, ദൈവവിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തി നിലകൊളളുന്ന ഒന്നാണ്. അവസാനിക്കയില്ലെന്നു തോന്നുന്ന വേദനയും പ്രതീക്ഷയറ്റതെന്നു തോന്നുന്ന സാഹചര്യവും അസഹനീയമായ കാത്തിരിപ്പും നാം അനുഭവിച്ചേക്കാം. നമുക്കെതിരായ പ്രതികൂലങ്ങള്‍ ഉയരത്തിലും വിശാലമായും കുന്നുകൂടുന്ന നിമിഷങ്ങള്‍ നാം അനുഭവിച്ചേക്കാം. ക്രിസ്തുവില്‍ നാം ആശ്രയിച്ചിട്ടും നാം ആശിക്കുന്ന സൗഖ്യം നമുക്കു ലഭിച്ചില്ല എന്നു വന്നേക്കാം. എങ്കിലും അപ്പോള്‍ പോലും, അവനെ തൊടുവാനും ഒരിക്കലും പ്രത്യാശ കൈവിടാതെ അവനില്‍ ആശ്രയിക്കുവാനും, അവന്‍ എല്ലായ്‌പ്പോഴും പ്രാപ്തനും എല്ലായ്‌പ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്നവനും എല്ലായ്‌പ്പോഴും സമീപത്തുള്ളവനും  എന്നു വിശ്വസിക്കുവാനും യേശു നമ്മെ ക്ഷണിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു.

വിശ്വാസത്തിന്റെ സാക്ഷ്യങ്ങൾ

ക്രൈസ്തവ പ്രത്യാശ ദൈവത്തിന്റെ സ്നേഹത്തിൽ നിന്നുമാണ് ജനിക്കുന്നത്. നിറം കെട്ടുപോയ നമ്മുടെ ജീവിത നിമിഷങ്ങളെ ഇവ കൂടുതൽ നിറമുള്ളതും, നമ്മെ മുൻപോട്ടു പോകുവാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പാപ്പാ തന്റെ വാക്കുകളിൽ നമ്മെ ഓർമ്മപ്പെടുത്തുന്നത്. 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല', കാരണം സ്നേഹം ദൈവം തന്നെയാണ്. പൗലോസ് അപ്പസ്തോലൻ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായത്തിൽ സ്നേഹത്തിന്റെ വൈശിഷ്ട്യതകൾ വർണ്ണിച്ചശേഷം, നൽകുന്ന ഉറപ്പാണ്: സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, മറിച്ച് എന്നേക്കും നിലനിൽക്കുന്നുവെന്ന്. ഇന്ന് ലോകം അനുഭവിക്കുന്ന വേദനകളിൽ ഏറ്റവും വലുത്, സഹോദരസ്നേഹത്തിന്റെ അഭാവമാണ്. യുദ്ധവും, അക്രമങ്ങളും, കൊള്ളയും , ക്ഷാമവും, ദാരിദ്ര്യവും, വ്യക്തിഹത്യകളും, മാത്സര്യങ്ങളും, കുടുംബ കലഹങ്ങളും, തുടങ്ങി പലവിധ ദുരിതങ്ങൾ മനുഷ്യസമൂഹത്തെ വലയ്ക്കുന്ന ഒരു പ്രത്യേകകാലഘട്ടം. ഇതിന്റെയെല്ലാം പിന്നിൽ ഒന്ന് മാത്രം, സ്നേഹമാകുന്ന ദൈവത്തെ വിസ്മരിക്കുന്നതും, സ്നേഹമാകുന്ന ദൈവത്തിന്റെ പുത്രന്മാരാണ് നാമെന്ന തിരിച്ചറിവ് ഇല്ലാതാകുന്നതും. ഈ ഒരു അവസ്ഥയെ മറികടക്കുവാനാണ് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നത്.  പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടുമ്പോഴും ക്രിസ്തുവിന്റെ കുരിശിലും ഉത്ഥാനത്തിലും പ്രത്യാശ വച്ചുകൊണ്ട്  ജീവിതത്തെ നയിക്കുവാൻ പാപ്പാ നമ്മെ ക്ഷണിക്കുന്നു.

ക്ഷമയുടെ മൂല്യം

സ്നേഹത്തോടൊപ്പം പ്രത്യാശയ്ക്ക് ജന്മം നൽകുന്ന മറ്റൊരു  പുണ്യമാണ്  ക്ഷമ. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ, ക്ഷമ എന്താണെന്നു തിരിച്ചറിയണമെന്ന് പാപ്പാ തന്റെ വാക്കുകളിൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രയാസങ്ങളുടെ സമയത്ത് വഴിമാറിപോകാത്ത പുണ്യമാണ് പ്രത്യാശയെങ്കിൽ, പ്രയാസങ്ങളെ ക്ഷമയോടെ നേരിടുവാൻ ക്രൈസ്തവരായ നമുക്ക് സാധിക്കണം. പ്രത്യാശയുടെ ഉയിർപ്പിലേക്ക് ക്രിസ്തുവിനെ നയിച്ചത്, കുരിശിൽ കിടന്നുകൊണ്ട് യേശു നടത്തിയ ക്ഷമയുടെ പ്രാർത്ഥനയാണ്. "പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല", എന്ന യേശുവിന്റെ പ്രാർത്ഥന വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ലായിരുന്നു, മറിച്ച് അത് സ്വർഗീയാനുഭവത്തിന്റെ ബഹിർസ്ഫുരണമായിരുന്നു. ഒന്നും അവസാനിക്കുന്നില്ല, മറിച്ച് ലോകത്തിൽ അവസാനിക്കുന്നത്, മഹത്വീകരിക്കപ്പെട്ടുകൊണ്ട് സ്വർഗത്തിൽ തുടരുമെന്ന നിത്യതയുടെ, പ്രത്യാശയുടെ ഉറപ്പാണ് യേശു നമുക്ക് നൽകുന്നത്. ജൂബിലിയുടെ അവസരത്തിൽ, ഇപ്രകാരം ക്ഷമയുടെ വക്താക്കളായി, പ്രത്യാശയോടെ ജീവിക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു.

ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം

വിശ്വാസത്തിലും, സ്നേഹത്തിലും, ക്ഷമയിലും വളർന്നുകൊണ്ട് ജീവിതത്തിൽ പ്രത്യാശയുടെ  വെളിച്ചം പകരുവാനും, വാഹകരാകുവാനുമുള്ള ക്ഷണമാണ് ജൂബിലി നമുക്ക് നൽകുന്നത്. ഇരുളുനിറഞ്ഞ സഹോദരങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചമായി മാറുവാൻ നമുക്ക് സാധിക്കുമ്പോഴാണ്, യാഥാർത്ഥജൂബിലിയുടെ സാക്ഷികളായി നമുക്ക് മാറുവാൻ സാധിക്കുന്നത്. പൗലോസ് അപ്പസ്തോലൻ യാഥാർഥ്യബോധം എപ്പോഴും ജീവിതത്തിൽ പകർന്ന വ്യക്തിയെന്ന നിലയിൽ, ജീവിതത്തിന്റെ എല്ലാത്തരം അനിശ്ചിതാവസ്ഥകളിലും, പ്രത്യാശയോടെ ജീവിക്കുകയാണെങ്കിൽ, ധൈര്യപൂർവം മുൻപോട്ടു പോകുവാൻ നമുക്ക് സാധിക്കുമെന്ന് ലേഖനങ്ങളിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു. സഹനങ്ങളും അനുഭവങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കുവാനും,  പ്രത്യാശയെ നിലനിർത്താനും,  അത് മറ്റുള്ളവരിൽ പങ്കുവെക്കാനും ഫ്രാൻസിസ് പാപ്പാ ഈ രേഖയിലൂടെ നമ്മെ പ്രചോദിപ്പിക്കുന്നു.

തീർത്ഥാടകർക്കുള്ള  ആഹ്വാനം

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന പദവിയേക്കാൾ ഉപരി, പാപ്പാമാർ എപ്പോഴും പിതൃവാത്സല്യത്തോടെ മക്കളെ ദൈവത്തോട് ചേർത്തുനിർത്തുവാൻ എപ്പോഴും ശ്രദ്ധാലുക്കളാണ്. ആധുനികയുഗം, പാപ്പയുടെ ആഹ്വാനങ്ങളെ, സാധാരണ ജീവിതത്തിനുള്ള തടസങ്ങളായി ചിത്രീകരിക്കുന്നുണ്ടെങ്കിലും, അവരുടെ വാക്കുകൾക്ക് ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കുവാനുള്ള ശക്തിയുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇപ്രകാരം, 2025 ലെ ജൂബിലി വർഷത്തിലേക്ക് തന്റെ മക്കളെ ഫ്രാൻസിസ് പാപ്പാ ക്ഷണിക്കുന്ന, പിതൃവാത്സല്യ കത്താണ് 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' എന്ന ബൂള. ജൂബിലി വർഷം, വിശ്വാസികൾക്ക് ഒരു തീർത്ഥാടന വർഷമായതിനാൽ, എപ്രകാരം, ആത്മീയമായി ഒരുങ്ങണമെന്ന്, പാപ്പാ ഓർമ്മിപ്പിക്കുന്നു. വചനവായന, ആത്മീയഗ്രന്ഥങ്ങളുടെ പാരായണം, അനുരഞ്ജനകൂദാശയുടെ സ്വീകരണം, പ്രാർത്ഥന, ദിവ്യകാരുണ്യഭക്തി എന്നീ ആത്മീയമാർഗ്ഗങ്ങളാണ് പാപ്പാ നിർദേശിക്കുന്നത്. പ്രത്യാശയിൽ ജീവിക്കണമെങ്കിൽ,നമ്മുടെ കഴിവോ, ശക്തിയോ ഉതകുകയില്ലെന്നും, ഉന്നതത്തിൽനിന്നുള്ള ദൈവീകശക്തിയാണ്, നമ്മെ സഹായിക്കുന്നതെന്നുമുള്ള തിരിച്ചറിവിലേക്കാണ് ഈ ആത്‌മീയമാർഗങ്ങൾ നമ്മെ നയിക്കുന്നത്.

സഹോദരസ്നേഹത്തിനുള്ള ആഹ്വാനം

ആത്മീയം പോലെ പ്രധാനപ്പെട്ടതാണ് സഹോദര്യ ഉപവിപ്രവർത്തനങ്ങളും.   തടവുകാർ, രോഗികൾ, ഭിന്നശേഷിക്കാർ, യുവജനങ്ങൾ, കുടിയേറ്റക്കാർ, വയോധികർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും, അവർക്കു പ്രത്യാശ നൽകുവാനും കത്തോലിക്കാ സഭയും വിശ്വാസികളും കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറയുന്നു. പുതിയ തലമുറയുടെ പ്രത്യാശ പുതുക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും രേഖയിൽ പാപ്പാ വ്യക്തമാക്കുന്നു. ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ, അവർക്കു പ്രാധാന്യമേകുവാനും വിശ്വാസ സമൂഹം എപ്പോഴും തയ്യാറായിരിക്കണം. ദരിദ്രർക്കുള്ള സഹായവും കാരുണ്യ പ്രവർത്തനങ്ങളും മനുഷ്യാന്തസിന്റെ

ഭാഗമായി കാണണമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. ഇപ്രകാരം സഹോദരങ്ങളെ ചേർത്ത് നിർത്തിക്കൊണ്ട്, കൂട്ടായ്മയുടെ ഒരു ആത്മീയതയാണ്  പാപ്പാ ജൂബിലി വർഷം ആഹ്വാനം ചെയ്യുന്നത്.

കൂട്ടായ്മയുടെ ജൂബിലി വർഷം

ഇപ്രകാരം ഒരു കൂട്ടായ്മയിലാണ് സഭയിൽ നമ്മുടെ അംഗത്വം നാം തെളിയിക്കേണ്ടതെന്നും പാപ്പാ പറയുന്നുണ്ട്. പ്രത്യാശയുടെ സാക്ഷ്യങ്ങളായി നമുക്ക് നിരവധി പുണ്യാത്മാക്കൾ ഉണ്ടെന്നതും പാപ്പാ പ്രത്യേകം എടുത്തു പറയുന്നു. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയങ്ങൾ  സന്ദർശിക്കുന്ന അവസരത്തിൽ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം  തേടി പ്രാർത്ഥിക്കുന്നതോടൊപ്പം, ജീവിതവഴിയിൽ പരിശുദ്ധ അമ്മ കാട്ടിത്തന്ന പ്രത്യാശയുടെയും, പ്രതീക്ഷയുടെയും ജീവിത ശൈലി നമ്മുടെ അനുദിന ജീവിതത്തിൽ പുലർത്തുന്നതിനു ശ്രദ്ധിക്കണമെന്നും പാപ്പാ നമ്മെ ക്ഷണിക്കുന്നു. വിശ്വാസവും പ്രത്യാശയും ക്രൈസ്തവ ജീവിതത്തിന്റെ മൗലികമായ ഭാഗങ്ങളാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.

വിശുദ്ധവത്സരത്തിന്റെ വിശിഷ്ടത

പ്രാചീന കാലം മുതൽ ക്രൈസ്തവ സമൂഹത്തിൽ ജൂബിലി, ദൈവകരുണയുടെ മഹാപ്രവാഹമായി ആഘോഷിക്കപ്പെടുന്നു. വിശുദ്ധവത്സരത്തിന്റെ പ്രത്യേക പ്രാധാന്യം, ദൈവത്തിന്റെ ക്ഷമയിലൂടെയും കരുണയിലൂടെയും വിശ്വാസികളെ ശക്തിപ്പെടുത്തുന്നതാണ്. ജീവിതത്തിൽ സമാനമായ അനിശ്ചിതത്വവും പ്രതിസന്ധികളും ഉണ്ടായാലും, ക്രൈസ്തവ പ്രത്യാശ ആരെയും നിരാശപ്പെടുത്തുന്നില്ല എന്ന ആശയം തന്നെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അല്ലെങ്കിൽ ഈ ജൂബിലി വർഷം, മറ്റേതൊരു വർഷത്തെയും പോലെ കടന്നു പോകും. മറിച്ച് ശക്തിപ്പെടേണ്ടതിന്റെയും, ശക്തിപ്പെടുത്തേണ്ടതിന്റെയും സന്ദേശമാണ് ഈ ജൂബിലി വർഷം നമുക്ക് പ്രദാനം ചെയ്യുന്നത്.

പ്രത്യാശ, ക്രിസ്തുവിന്റെ കുരിശിലെ സ്‌നേഹത്തിൽ നിന്നും ജനിക്കുന്നതും അതിന്റെ മൂല്യം, ദൈവിക സ്‌നേഹത്തിൽ അടിയുറച്ചതുമാണ് എന്ന ഉന്നതമായ ചിന്തയാണ്, ഈ ജൂബിലി വർഷം നമുക്ക് നൽകുന്നത്. മരണത്തിൽ എല്ലാം അവസാനിക്കുന്നു എന്ന് പറയുന്ന മരണസംസ്കാരത്തിൽ, മരണത്തിനുമപ്പുറം നിത്യതയുടെ തീരത്തേക്ക് നമ്മെ കൈപിടിച്ചുനടത്തുന്നതാണ് ഈ ജൂബിലി ആഹ്വാനം. ഉത്ഥിതനായ കർത്താവിന്റെ ശക്തിയിൽ, ജീവന്റെ സ്ഥിരതയും ദൈവകൃപയുടെ വാഗ്ദാനവും വിശ്വാസികൾ അനുഭവിക്കുന്നതിനും ജൂബിലി വർഷം ആഹ്വാനം ചെയ്യുന്നു.


സ്‌പേസ് നോൺ കോൺഫൂണ്ദിത്ത് (Spes non Confundit) ബൂളയുടെ മലയാള വിവർത്തനം കടപ്പാട്: ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി (കാർമൽ പബ്ലിക്കേഷൻസ്)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2024, 10:57