ഫ്രത്തെല്ലി തൂത്തി ചുവർചിത്രം ഫ്രത്തെല്ലി തൂത്തി ചുവർചിത്രം  

സാഹോദര്യം: കത്തോലിക്കാസഭയുടെ മുഖമുദ്ര

2025, കത്തോലിക്കാ തിരുസഭ മഹാജൂബിലി ആഘോഷിക്കുന്ന വേളയിൽ, സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം ഒന്നാം ഭാഗം. പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് മഹാജൂബിലി വർഷത്തിന്റെ ആപ്തവാക്യം.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെത്രാന്മാരെ അവരുടെ ശുശ്രൂഷയിൽ സഹായിക്കുന്നതിനും, നയിക്കുന്നതിനും  മുൻനിർത്തി അവരെ അഭിസംബോധന ചെയ്തുകൊണ്ട് രചിക്കുന്ന ലേഖനമാണ് ചാക്രികലേഖനങ്ങൾ അഥവാ എൻസൈക്ളിക്കൽ (encyclical) എന്ന പേരിൽ അറിയപ്പെടുന്നത്. കത്തോലിക്കാ വിശ്വാസം ഏറ്റുപറയുന്നവർക്കും, മറ്റുള്ളവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന വിഷയങ്ങളും പലപ്പോഴും ചാക്രികലേഖനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. പൊതുവായത് അല്ലെങ്കിൽ വലയം ചെയ്യുന്നത് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നുമാണ് (ἐνκύκλιος) എൻസൈക്ളിക്കൽ എന്ന നാമം ഈ ലേഖനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

സുവിശേഷത്തിൻ്റെയും, സഭയുടെ പാരമ്പര്യത്തിൻ്റെയും വെളിച്ചത്തിൽ, സഭയിലും സമൂഹത്തിലും പ്രസക്തമായ വിഷയങ്ങളിൽ വിശകലനം നൽകുന്ന ലേഖനങ്ങൾ എന്ന നിലയിൽ ഇവയെ വിജ്ഞാനകോശങ്ങളെന്ന ഗണത്തിലും പഠിതാക്കൾ വിലയിരുത്താറുണ്ട്. വേദപഠനം, ക്രിസ്തുവിന്റെ വീണ്ടെടുപ്പ്, മനുഷ്യാന്തസ്സ്‌, വ്യാവസായിക വിപ്ലവകാലത്തെ തൊഴിലാളികളുടെ പോരാട്ടങ്ങൾ, രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ സമാധാനത്തിൻ്റെ ആവശ്യകത എന്നിങ്ങനെയുള്ള വിവിധ സഭാ സാമൂഹിക വിഷയങ്ങളിൽ ഇതുവരെയുള്ള ചാക്രികലേഖനങ്ങൾ വിവിധ പാപ്പാമാരുടെ തൂലികകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. ചാക്രികലേഖനങ്ങളുടെ ശീർഷകം, ലേഖനത്തിന്റെ ആദ്യവാക്കുകൾ ചേർത്താണ് രൂപം നൽകുന്നതെന്നതും വ്യതിരിക്തമായ ഒരു വസ്തുതയാണ്. 1740-കളിൽ ബെനഡിക്ട് പതിനാലാമൻ പാപ്പായാണ് ആദ്യത്തെ ചാക്രികലേഖനം വിശ്വാസികൾക്കായി സമർപ്പിച്ചത്.

ഇപ്രകാരം ഫ്രാൻസിസ് പാപ്പായും തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷയിൽ മൂന്നു ചാക്രികലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യത്തേത്, 2013 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി രചിച്ച, ലൂമെൻ ഫിദെയ് (Lumen Fidei), 2015 മെയ് ഇരുപത്തിനാലാം തീയതി രചിച്ച ലൗദാത്തോ സി (Laudato Si), തുടർന്ന് 2020 ഒക്ടോബർ മൂന്നാം തീയതി രചിച്ച ഫ്രത്തെല്ലി തൂത്തി (Fratelli Tutti ) എന്നിവയാണവ. ഈ മൂന്നു ചാക്രികലേഖനങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്, വിവിധ സന്ദർഭങ്ങളും, സാഹചര്യങ്ങളും മുൻനിർത്തിയുള്ളതാണെന്ന് ശീർഷകത്തിന്റെ അർത്ഥം മനസിലാക്കുന്നതിലൂടെ ബോധ്യപ്പെടുന്നതാണ്.

ഈ മൂന്നു ചാക്രികലേഖനങ്ങളിൽ ഏറ്റവും അവസാനത്തെ ഫ്രത്തെല്ലി തൂത്തി എന്ന രേഖയുടെ വിവിധ അധ്യായങ്ങളുടെ വിചിന്തനങ്ങളാണ് സഭാദർശനം എന്ന ഈ പരമ്പരയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആമുഖം തുടങ്ങി അവസാന ഉപസംഹാരം വരെയുള്ള രേഖയുടെ താളുകൾ ഓരോന്നും ലോകത്തിന്റെ കാലികതയ്ക്ക് യോജിച്ച വസ്തുതകളാണ് അടിവരയിട്ടു പറയുന്നത്.

ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന് ശേഷം വത്തിക്കാൻ ചത്വരത്തിൽ കൂടിയിരുന്ന അനേകായിരങ്ങളോട് മൊഴിഞ്ഞ സാഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശമാണ്, ഈ ചാക്രികലേഖനത്തിന്റെ ഉള്ളടക്കം. കർത്താവായ യേശുമിശിഹാ തന്റെ ശിഷ്യഗണത്തെ തിരഞ്ഞെടുക്കുമ്പോൾ, മാനദണ്ഡമാക്കിയത് അവരുടെ യോഗ്യതകളോ, കഴിവുകളോ, കുലമഹിമയോ, ജീവിതത്തിന്റെ അന്തസോ ഒന്നുമില്ലായിരുന്നു. മറിച്ച്, തന്റെ പിതാവിനോട് ചേർന്ന്, ശിഷ്യഗണത്തെ വിളിച്ചതും, തിരഞ്ഞെടുത്തതും, കൂടെ നടത്തിയതും സാഹോദര്യത്തിന്റെ സ്നേഹം ചാലിച്ചുകൊണ്ടായിരുന്നു.

ക്രിസ്തുവിന്റെ ഈ സാഹോദര്യമനോഭാവത്തെ ലോകം മുഴുവൻ ഒരു മാതൃകയാക്കി എടുത്തുകാണിക്കുന്നതാണ് ഫ്രത്തെല്ലി തൂത്തി എന്ന ഈ ചാക്രികലേഖനം.  വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ തന്റെ ശിരസു കുനിച്ചുകൊണ്ട്, തങ്ങളുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട തനിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ, മെത്രാന്മാരും വിശ്വാസിസമൂഹവും തമ്മിലുള്ള സഹോദര്യബന്ധത്തിന്റെ ഊഷ്മളതയാണ് അന്ന് എടുത്തു കാണിച്ചത്. "നമുക്ക് പരസ്പരം പ്രാർത്ഥിക്കാം; മഹത്തായ ഒരു സാഹോദര്യം ഉണ്ടാകാൻ നമുക്ക് മുഴുവൻ ലോകത്തിനും വേണ്ടി പ്രാർത്ഥിക്കാം" എന്നാണ് ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ച വാക്കുകൾ. ഈ ബന്ധത്തെ സാഹോദര്യത്തിന്റെ പാത എന്ന് വാക്കുകൊണ്ട് വിശേഷിപ്പിക്കുക മാത്രമല്ല, അവയെ ജീവിതപന്ഥാവിൽ സദാ മാതൃകയാക്കിയതുമാണ്, ഫ്രത്തെല്ലി തൂത്തി എന്ന പാപ്പായുടെ ചാക്രികലേഖനത്തിന്റെ പ്രത്യേകത.

സാഹോദര്യവും,  സാമൂഹിക സൗഹൃദവും സമന്വയിക്കുന്നതാണ് ചാക്രികലേഖനത്തിന്റെ ശീർഷകം. ഇറ്റാലിയൻ ഭാഷയിലുള്ള ഫ്രത്തെല്ലി തൂത്തി എന്നതിന്റെ മലയാള അർത്ഥം 'എല്ലാവരും സഹോദരങ്ങൾ' എന്നതാണ്. 'എല്ലാവരും' എന്നതുകൊണ്ട് സകലചരാചരങ്ങളും ഈ സാഹോദര്യശൃംഖലയിൽ ഉൾച്ചേർന്നിരിക്കുന്നു. അതിനാലാണ് സാഹോദര്യം, സാമൂഹികസൗഹൃദം എന്നീ രണ്ടുപദങ്ങൾ  ഈ ചാക്രികലേഖനത്തിൽ പരസ്പരപൂരകങ്ങളായി നിലനിൽക്കുന്നത്. സാഹോദര്യം എന്നത് വെറുമൊരു ആശയമോ, വികാരമോ മാത്രമല്ലെന്നും, അതിനെല്ലാം ശ്രേഷ്ഠമായി ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന പുണ്യങ്ങളാണെന്നും ഈ ചാക്രികലേഖനം നമ്മെ പഠിപ്പിക്കുന്നു.

വ്യത്യസ്തരായ ആളുകളെ തുല്യരായി കാണുവാനും, വിനയത്തോടെ അവരെ ശ്രവിക്കുവാനും ഹൃദയത്തിൽ സ്വീകരിക്കുവാനുമുള്ള സന്മനസ്സും ഈ ചാക്രികലേഖനം വായനക്കാരിൽ നിന്നും ആവശ്യപ്പെടുന്നു. 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വെച്ച് ഫ്രാൻസിസ് പാപ്പായും  അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യീബും സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ രേഖയിൽ ഒപ്പുവച്ചുകൊണ്ട് സാഹോദര്യത്തിന്റെ വലിയ മാതൃക ലോകത്തിനു കാട്ടിത്തന്നതും ഈ ചാക്രികലേഖനത്തിന്റെ പശ്ചാത്തലചരിത്രമാണ്.

ആമുഖ വിചിന്തനം

തുറന്ന സാഹോദര്യം

ഒരു തുറന്ന സാഹോദര്യത്തിന്റെ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ചാക്രികലേഖനം ആരംഭിക്കുന്നത്. കർത്താവിനോടുള്ള വിശ്വസ്തത എല്ലായ്പ്പോഴും സഹോദരങ്ങളോടുള്ള സ്നേഹത്തിന് ആനുപാതികമാണ്. ഈ അനുപാതമാണ് ചാക്രികലേഖനത്തിന്റെ അടിസ്ഥാന മാനദണ്ഡമായി നിലകൊള്ളുന്നത്. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുകയില്ല"( 1 യോഹന്നാൻ 4:20) എന്ന വചനം ഈ ചാക്രിക ലേഖനത്തിന്റെ ശരിയായ അർത്ഥം  ഉൾക്കൊള്ളുവാൻ ഏറെ സഹായകരമാണ്. 'സകല സഹോദരങ്ങളെ' എന്ന ആദ്യ രണ്ടു വാക്കുകൾ കത്തോലിക്കാ സഭയുടെ ശരിയായ തനിമ മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നതാണ്. ആരെയും മാറ്റി നിർത്താതെ, ഉൾക്കൊള്ളുവാനും മനസിലാക്കുവാനും എപ്പോഴും ഒരു അമ്മയുടെ വാത്സല്യത്തോടെ നിലകൊള്ളുന്ന തിരുസഭ.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ ഒരു വിളിയിലൂടെ, സകലചരാചരങ്ങളെയും വേർതിരിക്കുന്ന അതിർ  വരമ്പുകളെ ഭേദിച്ചുകൊണ്ട് സുവിശേഷത്തിലധിഷ്ഠിതമായ  സ്നേഹത്തിന്റെ പാലം നിർമ്മിക്കുവാനാണ് എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്. ഭൂമിശാസ്ത്ര പ്രത്യേകതകളും, ദൂരവും, സംസ്കാര വ്യത്യാസങ്ങളുമെല്ലാം ഒരു യാഥാർഥ്യമായി നിലനിൽക്കെ അതിനെല്ലാം അപ്പുറം ഒരു തുറന്ന സാഹോദര്യം ജീവിതത്തിൽ സ്വീകരിക്കുവാൻ ആദ്യഖണ്ഡിക ആഹ്വാനംചെയ്യുന്നു.

തുറന്ന സാഹോദര്യത്തിന്റെ വിശാലമായ ഒരു വർണ്ണനയാണ്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയ ചത്വരം. ഇരു കരങ്ങൾ  നീട്ടി തന്നിലേക്ക് കടന്നുവരുന്ന എല്ലാവരെയും ആലിംഗനം ചെയ്യുന്ന ഒരു അമ്മയുടെ മാതൃകയിലാണ് ബെർണിനി ഈ ഒരു നിർമ്മിതി പൂർത്തിയാക്കിയിരിക്കുന്നത്. ഈ മാതൃകയാണ് നാം ജീവിതത്തിലും ഉൾക്കൊള്ളേണ്ടതെന്ന് ഈ ചാക്രികലേഖനം നമ്മെ അനുസ്മരിപ്പിക്കുന്നു.

സഹോദരനെന്ന തിരിച്ചറിവ്

തുടർന്ന് ചാക്രികലേഖനം അവതരിപ്പിക്കുന്നത്, വാക്മയചിത്രങ്ങൾക്കുമപ്പുറം സാഹോദര്യമെന്ന കലയെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനാണ്. സൂര്യനും കടലിനും കാറ്റിനും ഒരു സഹോദരനാണെന്നുള്ള വിശുദ്ധ ഫ്രാൻസിസിന്റെ തിരിച്ചറിവ് അവനെ സമാധാനത്തിന്റെയും, ആദരവിന്റെയും ഒരു ജീവിത ശൈലി കൂടുതൽ ആവേശത്തോടെ ലോകത്തിനു സാക്ഷ്യമായി നൽകുവാൻ സഹായിച്ചു. പാവപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ, ദുർബലർ, പുറംതള്ളപ്പെട്ടവർ തുടങ്ങിയ സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിലുള്ളവരോടുള്ള വിശുദ്ധ ഫ്രാൻസിസിന്റെ പ്രത്യേകമായ അടുപ്പവും, ചാക്രികലേഖനം ചൂണ്ടിക്കാണിക്കുന്നു.

അതിരുകളില്ലാത്ത സാഹോദര്യം

കുരിശുയുദ്ധകാലത്ത്, ഈജിപ്തിലെ സുൽത്താൻ മാലിക്-എൽ-കാമിലിനെ സന്ദർശിക്കുവാനുള്ള വിശുദ്ധ ഫ്രാൻസിസിന്റെ തീരുമാനവും, തുടർന്ന് നടത്തിയ ദുർഘടമായ യാത്രയും, അതിരുകളില്ലാത്ത സാഹോദര്യം എടുത്തു കാണിക്കുന്നതായിരുന്നു.  ചരിത്രത്താളുകളിൽ സാഹോദര്യത്തിന്റെ മാതൃക തങ്കലിപികളിൽ എഴുതിച്ചേർത്ത ഈ മഹാ സംഭവവും ഫ്രാൻസിസ് പാപ്പാ തന്റെ ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നു.  സ്നേഹത്തിൻ്റെ വിശാലതയും മഹത്വവും, വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ദൈവത്തോടുള്ള വിശ്വസ്തതയും, സഹോദരങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെയും പ്രതിഫലനമായിരുന്നു. . "ദൈവത്തിനുവേണ്ടി എല്ലാ മനുഷ്യജീവികൾക്കും വിധേയനായിരിക്കുക” എന്ന വിശുദ്ധന്റെ ആപ്തവാക്യമാണ് ഇന്നത്തെ ലോകത്തിനു ഫ്രാൻസിസ് പാപ്പാ നൽകുന്ന ഉപദേശവും.

ദൈവസ്നേഹം പ്രചരിപ്പിക്കുന്ന സാഹോദര്യം

സാഹോദര്യം വാക്കുകളിലല്ല, പ്രവൃത്തികളിലാണ് തെളിയിക്കപ്പെടേണ്ടതെന്ന് ഒരിക്കൽ കൂടി പാപ്പാ അടിവരയിടുന്നു. "ദൈവം സ്നേഹമാണെന്നും സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നുവെന്നു"മുള്ള തിരുവചനം എടുത്തു പറഞ്ഞുകൊണ്ട്, സമൂഹസാഹോദര്യത്തിന്റെ അടിസ്ഥാനം, ദൈവത്തിന്റെ പിതൃത്വമാണെന്നുള്ള വലിയ തത്വം ലേഖനം നമ്മെ പഠിപ്പിക്കുന്നു.

അടിമപ്പെടുത്തുന്നതോ, നിർബന്ധിക്കുന്നതോ ആയ സ്നേഹത്തിനു പകരം, സ്വയം കണ്ടെത്തുവാൻ മറ്റുള്ളവരെ സഹായിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സഹോദരസ്നേഹമാണ് ചാക്രികലേഖനം അടിവരയിടുന്നത്. “ദൈവം എല്ലാ മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിച്ചിരിക്കുന്നു, സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കുന്നതിനു  അവരെ വിളിച്ചിരിക്കുന്നു", ഫ്രാൻസിസ് പാപ്പാ അഞ്ചാം ഖണ്ഡികയിൽ എഴുതുന്നു.

എന്നാൽ ചാക്രികലേഖനം സാഹോദര്യത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനരേഖയെന്നും പാപ്പാ അവകാശപ്പെടുന്നില്ല. മറിച്ച് ഈ രേഖയുടെ പൂർത്തീകരണം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഈ വചനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെയാണ്. ആമുഖത്തിന്റെ അവസാന വാക്കുകൾ രേഖ പുറത്തിറക്കുന്ന അവസരത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏറെ വിഷമതകൾ അവശേഷിപ്പിച്ച ഒരു അവസരത്തിലാണ് ഈ രേഖ പ്രസിദ്ധീകരിക്കപ്പെടുന്നത്.   ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെ അംഗീകരിച്ചുകൊണ്ട്, സാഹോദര്യത്തിലേക്കുള്ള ഒരു സാർവത്രിക അഭിലാഷത്തിൻ്റെ പുനർജന്മത്തിന് നമുക്ക് സംഭാവന നൽകാമെന്ന പാപ്പായുടെ ആഗ്രഹവും അദ്ദേഹം എടുത്തുപറയുന്നു. ഒറ്റപ്പെട്ട തുരുത്തുകളാകാതെ, കൂട്ടായ്‍മയുടെ ജീവിതം കരുപ്പിടിപ്പിച്ചുകൊണ്ട്, പൊതു ഭവനമായ  ഭൂമിയുടെ മക്കളായി, എല്ലാവരും  സഹോദരങ്ങൾ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സഹയാത്രികനായി മുൻപോട്ടുപോകുവാനുള്ള ആഹ്വാനവും പാപ്പാ ഈ ആമുഖത്തിൽ അനുവാചകർക്കായി നൽകുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2024, 12:18