തിരയുക

യേശുവും മർത്തായും മറിയവും യേശുവും മർത്തായും മറിയവും 

ശുശ്രൂഷയും ധ്യാനാത്മകജീവിതവും ഒരുമിച്ച് ചേരേണ്ട ക്രൈസ്തവജീവിതം

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ കൈത്താക്കാലം മൂന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - ലൂക്ക 10 38-42
ശുശ്രൂഷയും ധ്യാനാത്മകജീവിതവും ഒരുമിച്ച് ചേരേണ്ട ക്രൈസ്തവജീവിതം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലാസറിന്റെ സഹോദരിമാരായിരുന്ന മർത്തായുടെയും മറിയത്തിന്റെയും യേശുവിനോടുള്ള പെരുമാറ്റത്തിലെയും ശുശ്രൂഷകളിലെയും വ്യത്യസ്ഥത മനസ്സിലാക്കിത്തരുന്ന ഒരു സുവിശേഷഭാഗമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായത്തിന്റെ മുപ്പത്തിയെട്ട് മുതൽ നാല്പത്തിരണ്ടു വരെയുള്ള സുവിശേഷഭാഗം. ലാസറിന്റെ മരണവും ഉയിർപ്പുമൊക്കെ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിലും, പിന്നീട് ലാസറിന്റെ ഭവനത്തിൽ യേശു അത്താഴത്തിനായി വരുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന പന്ത്രണ്ടാം അദ്ധ്യായത്തിലും നാം മർത്തായെയും മറിയത്തെയും കണ്ടുമുട്ടുന്നുണ്ട്.

സ്ത്രീകളും യേശുവും

സ്ത്രീകൾക്ക് സമൂഹത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കാതിരുന്ന ഒരു കാലത്താണ് യേശു സ്ത്രീകളെ പുരുഷന്മാർക്കൊപ്പം പരിഗണിക്കുന്നതും, അവരുമായി ഇടപഴകുന്നതുമെന്ന് സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തിനടുത്തേക്കോ, ഏറെ ഹൃദ്യമായ സൗഹൃദതലത്തിലേക്കോ പലപ്പോഴും യേശുവും ചില സ്ത്രീകളുമായുള്ള ബന്ധം കടന്നുപോകുന്നത് സുവിശേഷങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയും ഗുരുവിനോടുകൂടെയായിരിക്കാൻ മർത്തായെയും മറിയത്തെയും പോലെയുള്ള സ്ത്രീകൾക്ക് സാധിച്ചിരുന്നു എന്നത് സ്ത്രീകളെ പ്രധാന ഇടങ്ങളിലും നിന്ന് മാറ്റിനിറുത്തുന്ന ചില, മത, സാമൂഹ്യവ്യവസ്ഥകൾ നിലനിൽക്കുന്ന ഇക്കാലത്ത്, ശ്രദ്ധേയമാണ്.

ക്രിസ്തുവിനെ ശ്രവിക്കുന്നതിന്റെ പ്രാധാന്യം

മർത്തായുടെയും മറിയത്തിന്റെയും ഭവനത്തിൽ യേശു സ്വീകരിക്കപ്പെടുന്ന സംഭവം രേഖപ്പെടുത്തപ്പെടുന്ന ഈ സുവിശേഷഭാഗത്ത് നാം ശ്രദ്ധിക്കുന്ന ഒന്ന്, യേശുവിന്റെ പാദത്തിങ്കൽ ഇരുന്നുകൊണ്ട് അവന്റെ വചനങ്ങൾ ശ്രവിക്കുന്ന മറിയത്തിന്റെ ചിത്രമാണ്. ഗുരുവിനോട് ചേർന്ന് നടന്ന്, അവന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നതിന് ക്രൈസ്തവജീവിതത്തിലുള്ള പ്രാധാന്യത്തിലേക്ക് ഈയൊരു ചിത്രം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. "അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു" (ലൂക്ക 10, 39). ഒരു വ്യക്തിയുടെ കാൽക്കൽ ഇരുന്ന് അവനെ ശ്രദ്ധിക്കുക എന്നത്, വിധേയത്വത്തിന്റെയും എളിമയുടെയും പ്രവൃത്തിയാണ്. വിശുദ്ധ ലൂക്കയുടെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ, പിശാചുബാധിതനായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തുന്ന സംഭവവുമായി ബന്ധപ്പെട്ട വിവരണത്തിൽ നാം സമാനമായ ഒരു ശാരീരികഭാഷ കാണുന്നുണ്ട്. യേശു തന്നെ സുഖപ്പെടുത്തിക്കഴിഞ്ഞപ്പോൾ "പിശാചുബാധയിൽനിന്ന് വിമോചിതനായ ആ മനുഷ്യൻ വസ്ത്രം ധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നത്" (ലൂക്കാ 8, 35) ആളുകൾ കണ്ട് ഭയപ്പെട്ടു എന്നാണ് അവിടെ ലൂക്കാ ശ്ളീഹാ എഴുതിവയ്ക്കുക. അപ്പസ്തോലപ്രവർത്തനങ്ങൾ ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ, വിശുദ്ധ പൗലോസ് യഹൂദരോട് യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്ന ഭാഗത്തും ഇതുപോലെ ഒരു വിവരണം നാം കാണുന്നുണ്ട്. "ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്മാരുടെ നിയമത്തിൽ നിഷ്‌കൃഷ്ടമായ ശിക്ഷണം ഞാൻ നേടി" (അപ്പസ്തോലപ്രവർത്തനങ്ങൾ 22, 3) എന്ന് പൗലോസ് യഹൂദരോട് പറയുന്നത് അവിടെ നാം കാണുന്നുണ്ട്. ഇന്നത്തെ സുവിശേഷഭാഗത്ത് മറിയം ചെയ്യുന്നതും ഇതുപോലൊരു കാര്യമാണ്. അവൾ യേശുവിന്റെ പാദത്തിങ്കലിരുന്ന് ദൈവപുത്രനെ, ദൈവവചനം കേൾക്കുന്നു. ശിഷ്യൻ ഗുരുവിന്റെ മുന്നിൽ എടുക്കുന്ന അതേ മനോഭാവമാണ്, സൗഖ്യപ്പെട്ട് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരുന്ന ആ മനുഷ്യന്റെ മനോഭാവമാണ് മറിയം തിരഞ്ഞെടുക്കുന്നത്.

മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം

മറിയം തന്നെ സഹായിക്കാതെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നത് കണ്ട് യേശുവിനോട് പരാതി പറയുന്ന മർത്തായോട് യേശു പറയുന്നു: "മർത്താ മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ.മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല" (ലൂക്ക 10, 41-42). ഇന്നത്തെ സുവിശേഷത്തിലെ സംഭവത്തെ ഒരൽപം വ്യത്യസ്തമായി വിശുദ്ധ യോഹന്നാൻ തന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നുണ്ട്. പെസഹായ്ക്ക് ആറുദിവസം മുൻപ് ബഥാനിയായിൽ ലാസറിന്റെ ഭവനത്തിലെത്തിയ യേശുവിനെ മർത്താ അത്താഴം ഒരുക്കി പരിചരിക്കുമ്പോൾ, മറിയം, വിലയേറിയ സുഗന്ധതൈലം എടുത്ത് അവന്റെ പാദങ്ങളിൽ പൂശുകയും, തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും (യോഹന്നാൻ 12, 2-3) ചെയ്യുന്നതാണ് അവിടെ നാം കാണുന്നത്. ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടത് എന്താണ്, ആരാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണിത്. ക്രിസ്തുവിന്റെ മുന്നിൽ ശിഷ്യത്വത്തിന്റെ മനോഭാവത്തോടെ ആയിരിക്കാനും, അവനെ ശ്രവിക്കാനും ഒരുവൻ കാട്ടുന്ന മനോഭാവത്തെയും തിരഞ്ഞെടുപ്പിനെയും ദൈവം വിശേഷിപ്പിക്കുന്നത് "നല്ല ഭാഗം എന്നാണ്". നാമൊക്കെ ഈ ശൈലി എന്തുമാത്രം സ്വായത്തമാക്കിയിട്ടുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ജീവിതത്തിലെ ഏറ്റവും നല്ല സമയം, അത് ദൈവത്തോടോത്തു ചിലവഴിക്കുക, ഏറ്റവും മൂല്യമേറിയവ ദൈവത്തിനായി നൽകുക.

ദൈവം വിതയ്ക്കുന്ന വചനവിത്തുകൾ

എന്തുകൊണ്ടാണ് യേശുവിന്റെ പാദത്തിലിരുന്ന് വചനം ശ്രവിക്കുന്നതിനെ നല്ല ഭാഗം എന്ന് വിളിക്കുന്നത് എന്നത് മനസ്സിലാക്കാൻ ലൂക്കായുടെ സുവിശേഷം എട്ടാമദ്ധ്യായത്തിൽ യേശു പറയുന്ന വിതക്കാരന്റെ ഉപമയും നമ്മെ സഹായിക്കും. വിതയ്ക്കപ്പെട്ട വിത്തിനെക്കുറിച്ച് പറയുന്ന യേശു തന്റെ ശിഷ്യന്മാരോട് പറയുന്നത് ഇങ്ങനെയാണ്. വിത്ത് എന്നത് ദൈവവചനമാണ് (ലൂക്ക 8, 11). ഈ വചനം കേട്ട്, ഉത്‌കൃഷ്ടവും നിർമ്മലവുമായ ഹൃദയത്തിൽ അത് സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരെക്കുറിച്ച്, നല്ല നിലമെന്നാണ് കർത്താവ് വിശേഷിപ്പിക്കുന്നത് (ലൂക്ക 8, 15). മറിയത്തെപ്പോലെ, ഒരുങ്ങിയ ഹൃദയത്തോടെയും തീവ്രമായ സ്നേഹത്തോടെയും ക്രിസ്തുവിന്റെ പാദങ്ങളിലിരുന്ന്, അവന്റെ വചനം ശ്രവിച്ച്, മുപ്പതും അറുപതും നൂറും മേനി ഫലങ്ങൾ നൽകുന്നവരായി മാറുക.

ഇന്നത്തെ സുവിശേഷഭാഗത്തിന് തൊട്ടുമുൻപ്, എഴുപത്തിരണ്ടുപേരെ കർത്താവ് അയക്കുന്നതിനോടനുബന്ധിച്ചുള്ള മറ്റൊരു വിവരണവും, എന്തുകൊണ്ട് യേശുവിന്റെ ചാരത്തിരുന്ന് അവനെ ശ്രവിക്കണം എന്നതിന്റെ അർത്ഥം മനസ്സിലാക്കിത്തരുന്നുണ്ട്. അവൻ താൻ അയക്കുന്ന എഴുപത്തിരണ്ടുപേരോട് പറയുന്നു: "നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു" (ലൂക്ക 10, 16). യേശുവിന്റെ പാദത്തിങ്കലിരുന്ന് അവനെ കേൾക്കുന്ന മറിയം ദൈവപുത്രനായ ക്രിസ്തുവിലൂടെ ദൈവപിതാവ് തന്റെ ജനത്തിന്റെ രക്ഷയ്ക്കായി അയച്ച സുവിശേഷമാണ് ശ്രവിക്കുന്നത്. ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ (ലൂക്ക 11, 28) എന്നും, തന്റെ വചനം പാലിക്കുന്നവരെ പിതാവ് സ്നേഹിക്കുമെന്നും, പിതാവും താനും അവരിൽ വസിക്കുമെന്നും (യോഹ. 14, 23) പറയുന്ന യേശുവിനെയും നാം സുവിശേഷങ്ങളിൽ കാണുന്നുണ്ട്.

വ്യത്യസ്തങ്ങളായ മനോഭാവങ്ങളും വിളികളും

മർത്തായുടെയും മറിയത്തിന്റെയും വിളികളിലെ വ്യത്യസ്തതകളെക്കുറിച്ചും ഇന്നത്തെ സുവിശേഷം നമ്മോട് സംസാരിക്കുന്നുണ്ട്. സേവനത്തിന്റെയും, ശുശ്രൂഷയുടെയും ക്രിയാത്മകതയുടെയും ശൈലി തിരഞ്ഞെടുക്കുന്ന മർത്തായും, ക്രിസ്തുവിനോടൊത്ത്, അവനെ ശ്രവിച്ച്, അവന്റെ പാദത്തിങ്കൽ സമയം കഴിക്കുന്ന, ധ്യാനാത്മകമായി ജീവിതത്തെ കാണുന്ന മറിയവും നമ്മുടെ മുന്നിലുണ്ട്. റോമക്കാർക്കെഴുതിയ ലേഖനം, പന്ത്രണ്ടാം അദ്ധ്യായത്തിൽ ദൈവം മനുഷ്യർക്ക് നൽകിയിരിക്കുന്ന വ്യത്യസ്ഥ വിളികളെക്കുറിച്ച് പൗലോസ് ഓർമ്മിപ്പിക്കുന്നുണ്ട്. നമുക്ക് ലഭിച്ചിരിക്കുന്ന കൃപകളും ദാനങ്ങളും വ്യത്യസ്ഥമാണെന്ന് പ്രവചനവരം, ശുശ്രൂഷാവരം, ധ്യാനവരം, ഉപദേശവരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പൗലോസ് എഴുതുന്നു. വ്യത്യസ്തങ്ങളായ വിളികളെക്കുറിച്ച് പറയുന്ന പൗലോസ് ഓർമ്മിപ്പിക്കുന്നത്, ആരും ഉള്ളതിലധികം മേന്മ ഭാവിക്കാതെ, ഒരേ ശരീരത്തിലെ, ക്രിസ്തുവിന്റെ ഗാത്രമായ സഭയിലെ, അംഗങ്ങൾ എന്ന നിലയിൽ, തീക്ഷ്ണതയോടെയും, പ്രസന്നതയോടെയും, യോജിച്ച് പ്രവർത്തിക്കാനാണ്. എന്നാൽ ക്രൈസ്തവവിളി ഏതുമാകട്ടെ, ക്രിസ്തുവിൽനിന്ന് തുടങ്ങുന്നില്ലെങ്കിൽ, ജീവിതം ക്രിസ്തുകേന്ദ്രീകൃതമല്ലെങ്കിൽ, നമ്മുടെ അധ്വാനങ്ങളുടെ ഫലം കുറയുന്നുണ്ടെന്ന് തിരിച്ചറിയാം. ശുശ്രൂഷകളിലും, പ്രാർത്ഥനകളിലും, ചിന്തകളിലും, പ്രവൃത്തികളിലും, ക്രിസ്തുവിന് പ്രഥമസ്ഥാനം കൊടുത്തുകൊണ്ട്, ദൈവവചനസ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം. പരിശുദ്ധ അമ്മയെപ്പോലെ, നിത്യജീവന്റെ വചനമായ ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിച്ച്, ലോകത്തിന് മുഴുവൻ അവനെ നൽകാം. മർത്തായുടെ ശുശ്രൂഷയുടെ തീക്ഷ്‌ണതയും, യേശുവിന്റെ പാദത്തിങ്കലിലിരുന്ന് അവനെ ശ്രവിക്കുന്ന മറിയത്തിന്റെ സ്നേഹവും നമ്മിലുണ്ടാകട്ടെ. തന്നോട് ചേർന്ന് ജീവിക്കാൻ ക്രിസ്തു നമ്മെയും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2024, 13:37