യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

സൗഖ്യപ്പെടുത്താനും, സുവിശേഷം പ്രഘോഷിക്കാനും അയക്കപ്പെട്ട ക്രിസ്തുശിഷ്യന്മാർ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ കൈത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മത്തായി 10, 1-15
സൗഖ്യപ്പെടുത്താനും, സുവിശേഷം പ്രഘോഷിക്കാനും അയക്കപ്പെട്ട ക്രിസ്തുശിഷ്യന്മാർ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ചയിൽ സഭ നമ്മുടെ വിചിന്തനത്തിനായി നിർദ്ദേശിച്ചിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം ഒന്ന് മുതൽ പതിനഞ്ച് വരെയുള്ള തിരുവചനങ്ങളാണ്. ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌ക്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അധികാരം നൽകി (മത്തായി 10, 1), സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്താനും, മരിച്ചവരെ ഉയർപ്പിക്കാനും, കുഷ്ഠരോഗികളെ ശുദ്ധരാക്കാനും, പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനുമായി ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് അയക്കുന്നതാണ് (മത്തായി 10, 6-8) ഈ സുവിശേഷഭാഗത്ത് നാം കാണുന്നത്.

കൊയ്ത്തുകാലവും വിതക്കാലവും

കൈത്താക്കാലം എന്ന പ്രയോഗം, വേനൽക്കാലം എന്നർത്ഥം വരുന്ന കൈത്ത എന്ന വാക്കിൽനിന്നാണ് വരുന്നത്. മദ്ധ്യപൂർവ്വദേശങ്ങളിലും, യൂറോപ്പ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലുമൊക്കെ വേനൽക്കാലത്തിലേക്ക് പ്രവേശിക്കുന്ന ഒരു സമയമാണിത്. വിളവെടുപ്പിന്റെയും ഫലശേഖരണത്തിന്റെയും സമയം. ഈ ഒരു സമയത്ത് സഭയിൽ നാമുൾപ്പെടെയുള്ള ക്രിസ്തുശിഷ്യന്മാരുടെ അദ്ധ്വാനത്തിന്റെ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു സമയമാണ് കൈത്താക്കാലം എന്ന് നമുക്ക് പറയാൻ സാധിക്കും. സഭാമക്കളുടെ ആദ്ധ്യാത്മികമായ അദ്ധ്വാനത്തിന്റെ ആവശ്യത്തെയും, അതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആദ്ധ്യാത്മികമായ ഫലങ്ങളുടെ വിളവെടുപ്പിനെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കാനായി സഭ നീക്കിവച്ചിരിക്കുന്ന ഒരു സമയമാണിത്.

കൈത്താക്കാലവും തിരുനാളുകളും

ദൈവമക്കളായി ജീവിക്കാനും, ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിക്കാനും വിളിക്കപ്പെട്ട്, ക്രൈസ്തവവിശ്വാസത്തിൽ ആത്മാർത്ഥതയോടെ ജീവിച്ച്, ക്രിസ്തുവിന്റെ വിളിക്ക് ഉത്തരം നൽകിയ മനുഷ്യരുടെ ജീവിതമാതൃകകൾ നമുക്ക് മുന്നിൽ വച്ചാണ് സഭ ഈ കൈത്തക്കാലത്ത് നമ്മെ ആദ്ധ്യാത്മികജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടുതന്നെ, കൈത്താക്കാലത്തിന്റെ ഈ ആദ്യഞായറാഴ്ചയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാളാണ് നാം ആഘോഷിക്കുക. തുടർന്നുവരുന്ന വെള്ളിയാഴ്ചകളിൽ ക്രൈസ്തവവിശ്വാസത്തിന് വേണ്ടി ജീവൻ പോലും നൽകിയ പല രക്തസാക്ഷികളുടെയും ഓർമ്മ നാം ആചരിക്കും. ശ്ലീഹന്മാരുടെ പ്രവർത്തനത്തെ ഓർമ്മിപ്പിക്കുന്ന ശ്ളീഹാക്കാലത്തിന്റെയും, ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെയും ഇടയിലാണ് സഭാപ്രവർത്തനങ്ങളെയും, ക്രിസ്തുവിന്റെ രണ്ടാം വരവിനുവേണ്ടിയുള്ള നമ്മുടെ ആദ്ധ്യാത്മികമായ ഒരുക്കത്തെയും ഓർമ്മിപ്പിച്ചുകൊണ്ട് കൈത്താക്കാലം നാം ജീവിക്കുക.

അയക്കപ്പെടുന്ന ശിഷ്യന്മാർ

ക്രിസ്തുവിനാൽ വിളിക്കപ്പെടുകയും, അധികാരം നൽകപ്പെട്ട് നിയോഗിക്കപ്പെടുകയും, അനുഗ്രഹിക്കപ്പെടുകയും, അയക്കപ്പെടുകയും ചെയ്യന്ന ക്രിസ്തുശിഷ്യന്മാർക്കാണ്, അവന്റെ ശരീരമാകുന്ന സഭയെ വളർത്താനും, അതിലൂടെ ദൈവാരാജ്യത്തിനു യോജിച്ച സത്‌ഫലങ്ങൾ നൽകാനും സാധിക്കുക എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കാനും, ശുദ്ധരാക്കാനും, സൗഖ്യവും ജീവനും നൽകാനും, അതുവഴി രക്ഷ പ്രാപ്യമാക്കാനും വിളിക്കപ്പെട്ടവരാണ് അപ്പസ്തോലന്മാരും, ഓരോ ക്രിസ്തുശിഷ്യന്മാരും എന്ന് മനസ്സിലാക്കി ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് സഭ ഇന്ന് നമുക്ക് മുന്നിൽ വയ്ക്കുക. കളകൾ നീക്കി, നിലമുഴുതൊരുക്കി, അതിൽ വിതയ്ക്കുന്ന നല്ല വിത്താണ് മുപ്പതും, അറുപതും നൂറും മേനി ഫലം നൽകുക. സഭയിലെ വിളവെടുപ്പിനെ ഓർമ്മിപ്പിക്കുന്ന വേനൽക്കാലം, കൈത്താക്കാലം, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിക്കണമെങ്കിൽ, ക്രിസ്തുവിന്റെ വിളിക്ക് കാതോർത്ത്, അവന്റെ വിളിയും നിയോഗവും തിരിച്ചറിഞ്ഞ്, സഭയിലും ലോകത്തിലും, സൗഖ്യത്തിന്റെയും, ജീവന്റെയും പ്രവൃത്തികൾ ചെയ്യുകയും, ദൈവവചനം അതിന്റെ രക്ഷാകരമായ അർത്ഥത്തിൽ പ്രഘോഷിക്കുകയും വേണമെന്ന് നമുക്ക് മറക്കാതിരിക്കാം.

ഇസ്രായേൽ ജനത്തിനായുള്ള വിളി

പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകൾ സുവിശേഷം എഴുതുന്നതിൽ ആദ്യത്തേത് ശ്ലീഹന്മാരിൽ പ്രധാനിയായ പത്രോസിന്റേതാണെങ്കിൽ, ഒറ്റുകാരനായ യൂദായുടെ പേരാണ് ഏറ്റവും അവസാനം വരിക എന്നും നമുക്ക് കാണാം. ഇസ്രായേൽ ജനത്തിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം പന്ത്രണ്ട് പേരെയാണ് യേശു തന്റെ നിയോഗം നൽകി അയക്കുന്നത്. വിജാതിയരുടെ ഇടയിലേക്ക് പോകരുതെന്നും, സമരിയക്കാരുടെ പട്ടണത്തിൽ പ്രവേശിക്കരുതെന്നും യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. മറിച്ച് അവർ ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കാണ് പോകേണ്ടത്. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുക എന്നതാണ് അവരുടെ പ്രധാനപ്പെട്ട കടമ. സ്വന്തം ജീവിതത്തോടും, നമുക്ക് ചുറ്റുമുള്ള, ദൈവത്തെയും അവന്റെ രാജ്യത്തെയും പ്രതീക്ഷിച്ചിരിക്കുന്ന ജനത്തോടുമാണ് നാം ആദ്യം സുവിശേഷം പ്രഘോഷിക്കേണ്ടതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇസ്രായേൽ ജനത്തിന്റെ അനുദിനജീവിതത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങളും അടയാളങ്ങളും, അവരുടെ ദൈവത്തോടുള്ള വിശ്വസ്‌തതയും, യാഹ്‌വെയെക്കുറിച്ച് അറിയാനും, അവനെ സർവ്വശക്തനായ ദൈവമായി തിരിച്ചറിയാനും, മറ്റു ജനതകളെ എപ്രകാരം സഹായിച്ചോ, അതുപോലെ ഓരോ ക്രൈസ്തവന്റെയും അനുദിനജീവിതവും അവൻ തന്റെ വാക്കുകളിലും പ്രവർത്തികളിലും സാക്ഷ്യപ്പെടുത്തുന്ന ദൈവവിശ്വാസവുമാണ് ഇന്നത്തെ ലോകത്ത് ദൈവത്തിലേക്കും ദൈവരാജ്യത്തിലേക്കും ജനതകളെ അടുപ്പിക്കേണ്ടത്. അവിടെയാണ് വിതയ്ക്കപ്പെട്ട വിത്ത് പുറപ്പെടുവിക്കുന്ന ഫലങ്ങൾ ക്രൈസ്തവസാക്ഷ്യങ്ങളായി മാറുന്നത്.

ക്രിസ്തുശിഷ്യരുടെ ജീവിതം

എപ്രകാരമായിരിക്കണം അപ്പസ്തോലന്മാർ, സുവിശേഷം പ്രഘോഷിക്കാനായി അയക്കപ്പെട്ട ക്രിസ്തുശിഷ്യർ ജീവിക്കേണ്ടതെന്ന് സുവിശേഷത്തിൽ ക്രിസ്തു വ്യക്തമായി പറഞ്ഞുകൊടുക്കുന്നുണ്ട്. ദൈവപുത്രനായ ക്രിസ്തു എപ്രകാരം പിതാവായ ദൈവത്തിന്റെ നന്മയിലും കരുതലിലും ആശ്രയിച്ചു ജീവിച്ചോ, അതുപോലെ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച്, ദരിദ്രജീവിതം നയിച്ച്, തങ്ങളുടെ സുവിശേഷപ്രഘോഷണദൗത്യം ജീവിക്കാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നത്. നിസ്വാർത്ഥമായ ജീവിതം വഴി, ക്രിസ്തുവിന്റെ നിയോഗം അവർ തുടരേണ്ടിയിരിക്കുന്നു. പിതാവിൽനിന്ന് ക്രിസ്തുവിന് ലഭിച്ച നിയോഗം, ക്രിസ്തുവിനെപ്പോലെ തുടരാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്തുശിഷ്യരും. ദാനമായി ലഭിച്ച വിശ്വാസം, ദൈവമക്കളെന്ന സ്ഥാനം, രക്ഷയിലേക്കുള്ള വിളി, ദൈവാനുഗ്രഹങ്ങൾ, എല്ലാം ഇസ്രയേലിന്റെ നഷ്ടപ്പെട്ടുപോയ ആടുകൾക്ക്, ദൈവത്താൽ വിളിക്കപ്പെട്ട മനുഷ്യർക്ക് ദാനമായി നൽകാനാണ് ക്രിസ്തു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുക. ഈ ലോകത്തിന്റെ ധനമോ, സമ്പത്തോ, വേഷവിധാനങ്ങളോ അല്ല, ദൈവമെന്ന ധനവും, ദൈവത്തിന്റെ സംരക്ഷണവും, കരുതലും, അവന്റെ കരവുമായിരിക്കണം ഓരോ ക്രിസ്തുശിഷ്യന്റെയും, നാമോരുത്തരുടേയും കൈമുതൽ.

എപ്രകാരമായിരിക്കണം ശിഷ്യന്മാർ സുവിശേഷപ്രഘോഷണം നടത്തേണ്ടതെന്നും യേശു വ്യക്തമാക്കുന്നുണ്ട്. ആരിലേക്കാണോ ദൈവം നമ്മെ അയക്കുന്നത്, ആ മനുഷ്യരെ കണ്ടുമുട്ടുക, അഭിവാദ്യം ചെയ്യുക, സമാധാനം ആശംസിക്കുക, ദൈവവചനം പറയുക. ദൈവമാണ് പ്രവർത്തിക്കുന്നത്, ഓരോ അപ്പസ്തോലന്മാരും, അയക്കപ്പെട്ട ശിഷ്യന്മാരും ചെയ്യേണ്ടത്, തങ്ങളെത്തന്നെ ദൈവത്തിന് പ്രിയപ്പെട്ട ഉപകരണങ്ങളായി സ്വയം വിട്ടുകൊടുക്കുക എന്നതാണ്.

ദൈവത്തെ സ്വീകരിച്ച് ദൈവത്തിന് സ്വീകാര്യരായവരാകുക

ദൈവജനമായ ഇസ്രയേലിന്റെ നഷ്ടപ്പെട്ട ആടുകളോട് ദൈവാരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുവാൻ അയക്കപ്പെട്ട ശിഷ്യന്മാരോട് ഇന്നത്തെ സുവിശേഷത്തിൽ യേശു പറയുന്ന അവസാനഭാഗം ഏറെ പ്രധാനപ്പെട്ടതാണ്. ദൈവവചനം പ്രഘോഷിക്കുന്നവരെ സ്വീകരിക്കാത്ത, വചനം ശ്രവിക്കാത്ത ആളുകളുടെ വിധി, സൊദോം ഗൊമോറ ദേശങ്ങളിൽ ദൈവത്തെ ശ്രവിക്കാതെ ജീവിച്ച മനുഷ്യരുടെ അന്ത്യത്തെക്കാൾ ഭയാനകമായിരിക്കും എന്ന് യേശു ഓർമ്മിപ്പിക്കുന്നു. വെളിപാട് പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു ഭാഗം നമുക്ക് കാണാം. സ്വർഗ്ഗീയ ജെറുസലെത്തെക്കുറിച്ച് എഴുതുന്ന യോഹന്നാൻ, അവിടെ പ്രവേശിക്കുന്നവർ ആരായിരിക്കുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. "കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും, കൗടില്യവും പ്രവർത്തിക്കുന്ന ആരും അതിൽ പ്രവേശിക്കില്ല" (വെളിപാട് 21, 27).

ഇന്നത്തെ തിരുവചനഭാഗങ്ങളിലൂടെ ദൈവം നമുക്ക് നൽകുന്ന വിളികൾ സ്വീകരിച്ച് ഉത്തരവാദിത്വമുള്ള ശിഷ്യരായി, ക്രിസ്തുവിനാൽ അയക്കപ്പെട്ടവരായി, ജീവിതസാക്ഷ്യം കൊണ്ടും നമ്മുടെ വാക്കുകൾ കൊണ്ടും, നമുക്ക് ചുറ്റുമുള്ളവരോട് ദൈവവചനം പ്രഘോഷിക്കാം. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളിൽനിന്ന് അശുദ്ധമായവയെ പുറന്തള്ളുകയും, തിന്മയുടെ വ്യാധികളിൽനിന്ന് ദൈവാനുഗ്രഹത്താൽ സൗഖ്യം ഉറപ്പാക്കുകയും ചെയ്യാം. വിളവെടുപ്പിന്റെ കൈത്താക്കാലത്തിൽ നൂറുമേനി സത്‌ഫലങ്ങൾ പുറപ്പെടുവിക്കുന്ന മനുഷ്യരായി മാറാൻ, വിശ്വസ്‌തരും വിശ്വസനീയരുമായ വചനപ്രഘോഷകരായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2024, 14:25