തിരയുക

കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാർകീസ്  അബ്രാമോ ഇസാക്കോ സിദ്രാക്ക് കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാർകീസ് അബ്രാമോ ഇസാക്കോ സിദ്രാക്ക്  

എവിടെ ആയിരുന്നാലും മിഷനറി ആയിരിക്കുക: കോപ്റ്റിക് പാത്രിയാർകീസ്

കെയ്‌റോയിൽ ജൂലൈ ആദ്യവാരം നടന്ന മിഷനറി ദിനത്തിൽ പങ്കെടുത്ത കുട്ടികളോട്, എവിടെ ആയിരുന്നാലും മിഷനറി ആയിരിക്കുക എന്നതാണ് ക്രൈസ്തവന്റെ ദൗത്യമെന്ന് കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാർകീസ് അബ്രാമോ ഇസാക്കോ സിദ്രാക്ക് അടിവരയിട്ടു പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മിഷനറി ദൗത്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും, പുതുതലമുറയിൽ ഈ ഒരു അവബോധം വളർത്തിയെടുക്കുന്നതിനും വേണ്ടി ജൂലൈ മാസം ആദ്യവാരം ഈജിപ്തിലെ കെയ്‌റോയിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ മിഷനറി സംഗമം നടത്തി. തദവസരത്തിൽ കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാർകീസ്  അബ്രാമോ ഇസാക്കോ സിദ്രാക്ക് , ക്രൈസ്തവന്റെ പ്രധാന ദൗത്യമെന്നത്, എവിടെ ആയിരുന്നാലും മിഷനറി ആയിരിക്കുക എന്നതാണെന്ന് അടിവരയിട്ടു പറഞ്ഞു.

പതിനൊന്നു ഇടവകകളിൽനിന്നായി നൂറുകണക്കിന് കുട്ടികൾ ആനിമേറ്റർമാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. ഈജിപ്തിലെ ഒൻപതു കത്തോലിക്കാ രൂപതകളിലും ഇപ്രകാരം മിഷനറി സംഗമം, വരും ദിവസങ്ങളിൽ നടത്തും. വിവിധ സംഘടനകൾ യോജിച്ചുചേർന്നുകൊണ്ടാണ് ആത്മീയവും, ആഘോഷപരവുമായ വിവിധ പരിപാടികൾ  സംഘടിപ്പിക്കുന്നത്.

"ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിപ്പിക്കുവാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ സ്നേഹത്തിന്റെ ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കുവാനും, ചുറ്റുമുള്ളവരിൽ ക്രിസ്തുവിനെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കണമെന്നും",  പാത്രിയാർകീസ്  കുട്ടികളെ ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് പുറമെ , ക്ളാസുകൾ, കളികൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2024, 13:01