നിക്കരാഗ്വൻ സർക്കാർ സഭാവിരുദ്ധപ്രവർത്തനങ്ങൾ തുടരുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയുടെ നേതാക്കളെ ജയിൽ വാസത്തിനയച്ചുകൊണ്ടും, സഭയുടെ കാരുണ്യപ്രസ്ഥാനങ്ങളെ അടിച്ചമർത്തികൊണ്ടും അസഹിഷ്ണുതകൾ സൃഷ്ടിച്ച, നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടെഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ സർക്കാർ, രാജ്യത്തെ ആത്മീയവഴികാട്ടിയായിരുന്ന 'റേഡിയോ മരിയ'യുടെ സംപ്രേക്ഷണം റദ്ദ് ചെയ്തു. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ 40 വർഷത്തിലേറെയായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ചാനലായിരുന്നു 'റേഡിയോ മരിയ'.
റേഡിയോ മരിയയോടൊപ്പം മറ്റു പന്ത്രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസുകളാണ് സർക്കാർ മരവിപ്പിച്ചത്. ആഭ്യന്തര മന്ത്രിയായ മരിയ അമേലിയ കോറോണേൽ ആണ് റദ്ദ് ചെയ്യുന്നതിനുള്ള അംഗീകാരം നൽകിയത്. എന്നാൽ മരവിപ്പിക്കുന്നതിനുള്ള കാരണങ്ങൾ കെട്ടിച്ചമച്ചതാണെന്നു റേഡിയോ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
റേഡിയോ, 2019-2023 കാലയളവിലേക്കുള്ള ബജറ്റ് തയ്യാറാക്കിയിട്ടില്ലെന്നും അതിൻ്റെ മാനേജ്‌മെൻ്റ് കമ്മിറ്റി 2021 നവംബർ 8-ന് കാലഹരണപ്പെട്ടുവെന്നും കാണിച്ചുകൊണ്ടുള്ള വ്യാജരേഖ പുറപ്പെടുവിച്ചുകൊണ്ടാണ് സർക്കാർ സംപ്രേക്ഷണാനുമതി നിഷേധിച്ചത്.
ഒപ്പം റേഡിയോയ്ക്കുള്ള ബാങ്ക് അക്കൗണ്ടുകളും സർക്കാർ മരവിപ്പിച്ചു. മുൻപും നിരവധി തവണ, സർക്കാർ കത്തോലിക്കാസഭയുടെ വിവിധ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടുണ്ട്. നിരവധി മെത്രാന്മാരെയും, വൈദികരെയും ഈ സർക്കാർ തടവിലാക്കിയിട്ടുള്ളതും ലോകമനഃസാക്ഷിയെ ഞെട്ടിച്ചിട്ടുള്ളതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: