നൈജീരിയ: ഫാ. മിക്കാ സുലൈമാൻ സ്വതന്ത്രനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അക്രമികൾ തട്ടിക്കൊണ്ടുപോയ , നൈജീരിയയിലെ സാമ്ഫാറാ സംസ്ഥാനത്തുള്ള ഗുസൗവിലെ വിശുദ്ധ റെയ്‌മോൻഡിന്റെ നാമധേയത്തിലുള്ള ഇടവക വികാരി, ഫാ. മിക്കാ സുലൈമാൻ സ്വാതന്ത്രനാക്കപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലൂടെയാണ് അക്രമികൾ തന്നെ വിട്ടയച്ച വിവരം അദ്ദേഹം അറിയിച്ചത്. ജൂൺ 22-വ്യാഴാഴ്ച രാവിലെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അദ്ദേഹത്തെ ഇടവകയിലുള്ള വൈദികഭവനത്തിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടു പോയത്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, ദൈവത്തിനും, തന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രാർത്ഥിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ജൂലൈ 7 ഞായറാഴ്ച സോകോടോ രൂപതയുടെ വാർത്താവിനിമയ വിഭാഗം ഡയറക്ടർ നൽകിയ ഒരു സന്ദേശത്തിലൂടെ, ഫാ. മിക്കാ സുലൈമാൻ സ്വാതന്ത്രനാക്കപ്പെട്ട വിവരം രൂപതാവൃത്തങ്ങളും അറിയിച്ചിരുന്നു. "ജൂൺ 22-ആം തീയതി അക്രമികൾ തട്ടിക്കൊണ്ടുപോയ ഫാ. മിക്കാ സുലൈമാൻ സുരക്ഷിതനായി സ്വാതന്ത്രനാക്കപ്പെട്ടതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന്”, രൂപത പുറത്തുവിട്ട പ്രസ്‌താവനയിൽ എഴുതി. "ഈ ഒരു അവസ്ഥയിൽ, ദൈവത്തോടും, പ്രാർത്ഥനകളും സഹായങ്ങളും നേർന്നവരോടും തങ്ങൾ നന്ദിയുള്ളവരാണെന്നും" എഴുതിയ രൂപതാ വൃത്തങ്ങൾ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനായി സഹായിച്ച എല്ലാ അധികാരികളോടും തങ്ങൾ നന്ദിയറിയിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു. ഫാ. സുലൈമാന് ആവശ്യമുള്ള ചികിത്സകളും മറ്റു സഹായങ്ങളും നൽകിവരികയാണെന്നും രൂപത അറിയിച്ചു.
എന്നാൽ അതേസമയം, അക്രമികൾ ജൂൺ 16-ആം തീയതി അനംബ്ര സംസ്ഥാനത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ക്രിസ്ത്യൻ ഇകെ ഇപ്പോഴും അക്രമികളുടെ പിടിയിലാണ്. വടക്കൻ ഒറുമ്പയിലുള്ള വിശുദ്ധ മത്തായിയുടെ നാമധേയത്തിലുള്ള ഇടവക വികാരിയായിരുന്ന അദ്ദേഹത്തെ മറ്റൊരു വ്യക്തിക്കൊപ്പം ജൂൺ 16 ഞായറാഴ്ച രാവിലെ അക്രമികൾ ഇടവകയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജൂൺ മാസത്തിൽ മാത്രം നൈജീരിയയിൽനിന്ന് മൂന്ന് വൈദികരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ജൂൺ 9 ഞായറാഴ്ച കടുന സംസ്ഥാനത്തുള്ള കാറ്റാഫ് പ്രദേശത്തുള്ള സെന്റ് തോമസ് ഇടവക വികാരി ഫാ. ഗബ്രിയേൽ ഉകെയെയും അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ അദ്ദേഹത്തെ ജൂൺ 10-ന് അക്രമികൾ വിട്ടയച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: