തിരയുക

പാകിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച പാകിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച   (ANSA)

വിവാഹനിയമ ഭേദഗതി പാകിസ്ഥാൻ മെത്രാൻ സമിതി സ്വാഗതം ചെയ്തു

പ്രായപൂർത്തിയാകാത്തവരുടെ വിവാഹം തടയുന്നതിനായി പാക്കിസ്ഥാൻ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പാക്സിസ്ഥാനിലെ മെത്രാന്മാർ ഒന്നടങ്കം സ്വാഗതം ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നിർബന്ധിത ശൈശവ വിവാഹങ്ങളിൽനിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ സർക്കാർ, വിവാഹപ്രായം പതിനെട്ടായി ഉയർത്തുന്ന നിയമഭേദഗതിയെ പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതിയും, മറ്റു ക്രൈസ്തവ സമൂഹങ്ങളും സഹർഷം സ്വാഗതം ചെയ്‌തു. 

1872ലെ ക്രിസ്ത്യൻ വിവാഹ നിയമം ഭേദഗതി ചെയ്യുന്ന പുതിയ നിയമനിർമ്മാണം, ഏതാനും മാസങ്ങൾക്ക് മുമ്പ് നിയമനിർമ്മാണസഭയിൽ പാസാക്കിയതിന് ശേഷം, ഈ ആഴ്ച ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുൻ നിയമമനുസരിച്ച്, പെൺകുട്ടികളുടെ വിവാഹപ്രായം പതിമൂന്നു ആയിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും, ലൈംഗീക ദുരുപയോഗങ്ങളും, നിർബന്ധിത ശൈശവ വിവാഹങ്ങളും ഏറെ പ്രബലപ്പെട്ട ഒരു സമൂഹത്തിൽ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവരുടെ സ്വാതന്ത്ര്യം മാനിക്കപ്പെടുന്നതിനും പാകിസ്താനിലെ ക്രൈസ്തവസഹോദരങ്ങൾ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഈ നിയമഭേദഗതി ബിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

"ഈ ബിൽ ഏകകണ്ഠമായി പാസാക്കിയതിന്  ജനപ്രതിനിധിസഭയിലെ മുഴുവൻ അംഗങ്ങളോടും  ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നതായി വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാർ ചേർന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ നിർബന്ധിത മതപരിവർത്തനം ക്രിമിനൽ ശിക്ഷാനിയമാവലിയിൽ ഉൾപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ നിയമമനുസരിച്ച്, കരാർ ചെയ്യുന്ന ഇരുവരുടെയും പ്രായം 18 വയസ്സാകുമ്പോൾ മാത്രമേ വിവാഹം ഉറപ്പിച്ച് രജിസ്റ്റർ ചെയ്യാവൂ എന്ന് കല്പിക്കുന്നു.

ഏതെങ്കിലും കരാർ കക്ഷിയുടെ പ്രായം സംബന്ധിച്ച് തർക്കമുണ്ടായാൽ, ദേശീയ തിരിച്ചറിയൽ കാർഡ് , ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ രേഖകൾ എന്നിവ അടിസ്ഥാനമാക്കി കോടതിയായിരിക്കും  പ്രായം നിർണ്ണയിക്കുകയെന്നും നിയമത്തിൽ പറയുന്നു. ഈ രേഖകളുടെ അഭാവത്തിൽ, മെഡിക്കൽ പരിശോധനകൾ നടത്തണമെന്നും നിയമം എടുത്തുപറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2024, 13:05