തിരയുക

ഏസാൻ ഷാന് വധശിക്ഷ വിധിക്കപ്പെട്ടതിനെതിരെ നടന്ന പ്രകടനം ഏസാൻ ഷാന് വധശിക്ഷ വിധിക്കപ്പെട്ടതിനെതിരെ നടന്ന പ്രകടനം  (ANSA)

മതനിന്ദാക്കുറ്റം ആരോപിച്ച് ഒരു ക്രൈസ്‌തവ യുവാവിനെ മരണത്തിന് വിധിച്ച് പാക്കിസ്ഥാൻ

ജരൺവാല കലഹത്തിന് കാരണക്കാരാണെന്ന് ആരോപിച്ച് ഒരു ക്രൈസ്തവയുവാവിനെ സഹിവാലിൽ ഉള്ള തീവ്രവാദവിരുദ്ധ കോടതി മരണശിക്ഷയ്ക്ക് വിധിച്ചു. ജൂലൈ ഒന്നാം തീയതി പ്രഖ്യാപിച്ച ശിക്ഷയനുസരിച്ച്, വിധിക്കപ്പെട്ട ഏസാൻ ഷാൻ ഇരുപത്തിരണ്ടു വർഷം ജയിൽശിക്ഷ അനുഭവിക്കുകയും, പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2023 ഓഗസ്റ്റ് 16-ന് പാക്കിസ്ഥാനിലെ ജരൺവാലയിൽ നടന്ന കലഹത്തിന് കാരണക്കാരാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിൽ ഉള്ള തീവ്രവാദവിരുദ്ധ കോടതി, ഏസാൻ ഷാൻ എന്ന ക്രൈസ്തവ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് മുൻപായി അദ്ദേഹം ഇരുപത്തിരണ്ടു വർഷം ജയിൽശിക്ഷ അനുഭവിക്കുകയും, പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും കോടതി വിധിച്ചു. ജൂലൈ ഒന്നാം തീയതി തിങ്കളാഴ്ചയാണ് ഇത്തരമൊരു വിധി കോടതി പുറപ്പെടുവിച്ചത്. ഫീദെസ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌-

2023-ൽ ജരൺവാലയിൽ ലഹള പൊട്ടിപ്പുറപ്പെടാൻ കാരണമായത്, മതനിന്ദ അടങ്ങിയ സന്ദേശങ്ങൾ ഏസാൻ ഷാൻ സാമൂഹ്യമാധ്യമമായ ടിക്ടോകിലൂടെ പങ്കുവച്ചതിനാലാണെന്ന് കോടതി ആരോപിച്ചു. ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകൾ, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും, ഇരുപത്തിയാറ് ക്രൈസ്‌തവദേവാലയങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു.

ജരൺവാലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏസാൻ ഷാൻ മറ്റാരോ നിർമ്മിച്ച മതനിന്ദാപരമായ സന്ദേശം തന്റെ  ടിക്ടോകിൽ പങ്കുവച്ചതായാണ് പോലീസ് കണ്ടെത്തിയത്.

യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെക്കുറിച്ച് പ്രതികരിച്ച പ്രദേശത്തെ ക്രൈസ്തവസമൂഹം, നിരവധി ക്രൈസ്‌തവദേവാലയങ്ങളും ഭവനങ്ങളും ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തവർ ശിക്ഷിക്കപ്പെടാതെ തുടരുമ്പോൾ, ഈ വിധിയിലൂടെ ഏസാൻ ഷാൻ ബലിയാടായി മാറുകയാണെന്ന് പറഞ്ഞു. ജരൺവാല സംഭവങ്ങളെക്കുറിച്ചുള്ള പ്രോസിക്യൂട്ടർ ഓഫീസിൻ്റെ റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ സുപ്രീം കോടതി തള്ളിയിരുന്നു. റിപ്പോർട്ടിൽ അറസ്റ്റുകൾ സംബന്ധിച്ചുള്ളതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇല്ലെന്ന് വിശേഷിപ്പിച്ച കോടതി പുതിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ജരൺവാല സംഭവത്തിൽ ഒരു ക്രൈസ്തവയുവാവിനെ മാത്രം കുറ്റക്കാരനായി കണ്ടെത്തി മരണശിക്ഷയ്ക്ക് വിധിച്ച നടപടി കടുത്ത അനീതിയാണെന്നും, ഇത് പാക്കിസ്ഥാനിലെ മുഴുവൻ ക്രൈസ്തവരുടെയും സാങ്കല്പികമായ മരണമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, "നിയമസഹായം, സേവനങ്ങൾ, ഒത്തുതീർപ്പുകൾ എന്നിവയ്ക്കായുള്ള കേന്ദ്രം" (CLAAS) എന്ന പേരിലുള്ള സർക്കാറിതരസംഘടന പ്രസ്‌താവിച്ചു.

നിരപരാധികളെ, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മതനിന്ദയുടെ പേരിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ, പാകിസ്ഥാൻ ദേശീയ അസംബ്ലിയും സെനറ്റും അടുത്തിടെ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2024, 15:19