ഒളിമ്പിക്സ് ഉദ്ഘാടനവേദിയിലെ ക്രൈസ്തവവിരുദ്ധപരിപാടികൾക്കെതിരെ കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനപരമായ ചില രംഗങ്ങൾ, ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്‌ഘാടനവേദിയുടെ ഭംഗി കെടുത്തിയെന്ന് ഫ്രാൻസിലെ കത്തോലിക്കാ മെത്രാൻ സമിതി. എൺപത്തിയഞ്ചോളം ബോട്ടുകളിലായി വിവിധ രാജ്യങ്ങളിലെ കായികാഭ്യാസികളെ എത്തിക്കുകയും, കലാപരമായ ഏറെ രംഗങ്ങൾ ഒരുക്കുകയും, അമേരിക്കയിൽനിന്നുള്ള ലേഡി ഗാഗ, കാനഡയിൽനിന്നുള്ള സെലിൻ ഡിയോൺ പോലെയുള്ള കലാകാരന്മാരെ അണിനിരത്തുകയും ചെയ്‌ത ഒളിമ്പിക്‌സ് മത്സര ഉദഘാടനവേദിയിൽ ക്രിസ്തുവിന്റെ "അന്ത്യ അത്താഴത്തെ” അപഹസിക്കുന്ന രീതിയിൽ നടത്തിയ പരിപാടി മുഴുവൻ ചടങ്ങുകളുടെയും ഭംഗി കെടുത്തുന്നതായിരുന്നുവെന്ന് മെത്രാന്മാർ കുറ്റപ്പെടുത്തി.
ജൂലൈ 26 വെള്ളിയാഴ്ച നടന്ന ഒളിമ്പിക്‌സ് ഉദ്‌ഘാടനച്ചടങ്ങ്, ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുന്ന തരത്തിൽ ഉയർന്നുനിന്നതായിരുന്നുവെന്ന് മെത്രാൻ സമിതി പ്രസ്താവിച്ചു. എന്നാൽ ചടങ്ങിൽ ക്രൈസ്തവികതയെ പരിഹസിക്കുന്നതും അവഹേളിക്കുന്നതുമായ രീതിയിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതിനെ കത്തോലിക്കാസഭ കടുത്ത രീതിയിൽ അപലപിക്കുന്നുവെന്ന് മെത്രാൻസമിതി ജൂലൈ 27 ശനിയാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
ലെയൊനാർദൊ ഡാവിഞ്ചിയുടെ, "അന്ത്യ അത്താഴം" എന്ന പേരിലുള്ള ചിത്രത്തിൽ, ക്രിസ്തുവും ശിഷ്യന്മാരും ഒരുമിച്ചുള്ള അത്താഴത്തിന്റെ ചിത്രീകരണമാതൃകയിൽ, ഭിന്നലിംഗരായ (ട്രാൻസ് ജെൻഡറുകൾ) ആളുകൾ എതിർലിംഗത്തിലെ ആളുകളുടെ വേഷമണിഞ്ഞതുൾപ്പെടെയുള്ള രംഗങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
സംഭവത്തിന് ശേഷം, വിവിധ മതങ്ങളിൽനിന്നുള്ള ആളുകൾ, ഇത്തരം ഒരു ചടങ്ങിനെ അപലപിക്കുകയും കത്തോലിക്കാസഭയോട് തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്ന് മെത്രാൻസമിതി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പല മെത്രാൻസമിതികളും ക്രൈസ്തവവിശ്വാസത്തെ മുറിവേൽപ്പിക്കുന്ന ഇത്തരം രംഗങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: