ജീവിതവഴിയിൽ നല്ല ഒരു സമരിയക്കാരനാകുക
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കോവിഡ് മഹാമാരി ജീവിതത്തിൽ വില്ലനായി കടന്നു വന്ന അവസരത്തിലാണ്, പ്രത്യാശയുടെ പ്രവാചകശബ്ദമെന്നോണം ഫ്രാൻസിസ് പാപ്പാ ഫ്രത്തെല്ലി തൂത്തി ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. സഹോദരസ്നേഹത്തിന്റെ സുവിശേഷം തന്റെ ജീവിതത്തിലെ പ്രവർത്തനങ്ങൾ വഴിയായി പ്രസംഗിച്ച അസീസിയിലെ സ്നേഹഗായകനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ത്തലേന്ന്, 2020 ഒക്ടോബര്‍ 3 ന് പുണ്യവാന്റെ കബറിടത്തിനു മുൻപിൽ വച്ചാണ് പാപ്പാ ചാക്രികലേഖനം ഒപ്പുവച്ചത്. ലളിതമായിരുന്ന ഒരു ചടങ്ങായിരുന്നു അവിടെ നടന്നത്. തികച്ചും ആത്മീയമായ ഒരു അന്തരീക്ഷം; ഈ ആത്മീയാന്തരീക്ഷമാണ്, ആഗോള കത്തോലിക്കാ സഭയുടെ അജപാലനമുഖമെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് ഈ ഒരു ചടങ്ങ് വെളിപ്പെടുത്തുന്നത്.
ലേഖനത്തിലേക്കുള്ള വഴികാട്ടി
എട്ട് അധ്യായങ്ങളില്‍ 287 ഖണ്ഡികകളിലായി തയാറാക്കിയിരിക്കുന്ന ഈ ലേഖനം, വാക്കുകളുടെ ചാരുതയ്ക്കുമപ്പുറം, വെളിച്ചം വീശുന്നത്, ജീവിതത്തിന്റെ ഒരു വഴികാട്ടിയെന്നോണമാണ്. എല്ലാ ജനതതിയോടും സാര്‍വലൗകികമായ വീക്ഷണത്തിൽ വാക്കുകള്‍ക്കൊണ്ട് പരിമിതപ്പെടുത്താനാവാത്ത വിശ്വസാഹോദര്യത്തിന്റെയും, സാമൂഹികസൗഹൃദത്തിന്റെയും സ്വപ്നമാണ്, ഈ ചാക്രികലേഖനം നമുക്ക് പ്രദാനം ചെയ്യുന്നത്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്നേഹം, ലാളിത്യം, സന്തോഷം എന്നീ പുണ്യങ്ങളാണ് സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ചെഴുതാന്‍ തന്നെ പ്രചോദിപ്പിച്ചതെന്നും പാപ്പാ ചാക്രികലേഖനരചനയിൽ വ്യക്തമാക്കുന്നുണ്ട്. വിശ്വസാഹോദര്യത്തിനുവേണ്ടി നിലകൊണ്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്, ഡെസ്മണ്ട് ടുട്ടു, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ജീവിത സമര്‍പ്പണത്തോടൊപ്പം, വിശ്വാസത്തിന്‍റെ ആഴത്തില്‍നിന്നും എല്ലാവരുടേയും സഹോദരനായി സ്വയം പരിഗണിച്ച ചാള്‍സ് ഡി ഫൊക്കാള്‍ഡിന്‍റെ ജീവിതവും ഈ പ്രബോധനത്തിന് പ്രചോദനമായെന്ന് പാപ്പാ വ്യക്തമാക്കുന്നുണ്ട്. ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം, ഈ വചനം നമുക്ക് ഏറെ അഭിമാനം നൽകുന്നതാണ്. ആശയങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും, മഹാത്മാഗാന്ധി ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വക്താവ് തന്നെയായിരുന്നു. കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും ക്രൈസ്തവീകത, ക്രിസ്ത്യാനികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്ന വലിയ സത്യം, പാപ്പായുടെ ഈ വാക്കുകൾ നമ്മെ പഠിപ്പിക്കുന്നു.
ചേരിതിരിവിന്റെയും, മതാന്തര സംഘർഷങ്ങളുടെയും, ജാതിവ്യത്യാസങ്ങളുടേയും, വർഗ്ഗീയ അതിർവരമ്പുകളുടേയുമൊക്കെ അടയാളങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ പ്രത്യക്ഷപ്പെടുന്ന സന്ദർഭത്തിലാണ്, സർവ്വസാഹോദര്യത്തിന്റെ സന്ദേശം ഈ ചാക്രികലേഖനം നമുക്ക് നൽകുന്നത്. ജീവിതത്തിൽ എല്ലാം ഒറ്റയ്ക്ക് നേടുവാനും, അനുഭവിക്കുവാനും, സാധിക്കുമെന്ന് വിചാരിച്ചുകൊണ്ട്, വ്യർത്ഥസുരക്ഷിതത്വത്തിന്റെ നടുവിൽ കഴിഞ്ഞ നമ്മുടെ ഇടയിലേക്കാണ്, ഒറ്റയ്ക്ക് കണ്ടതെല്ലാം മരീചികയായിരുന്നു എന്ന് കൊറോണ മഹാമാരി പഠിപ്പിക്കുന്നത്. ഇത് ഒരു ആഗോളപ്രശ്നം ആയിരുന്നുവെങ്കിൽ, കേരളത്തിൽ നമുക്ക് മറ്റൊരു അനുഭവം കൂടിയുണ്ട് ; 2018 ലെ വൻപ്രളയം. കൂട്ടിവച്ചതെല്ലാം വെറുതെയായെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞ നാളുകൾ. കടലുകൾക്കപ്പുറം സമ്പാദിച്ചതെല്ലാം, ഉറ്റവരുടെ ജീവൻ രക്ഷിക്കുവാൻ ഉതകാതെ വന്നപ്പോൾ, സഹായമായത്, സാഹോദര്യത്തിന്റെയും, കരുണയുടെയും, പരസ്പര ആശ്രിതത്വത്തിന്റെയും പ്രായോഗികതയായിരുന്നു.
സാഹോദര്യത്തിന്റെ മാതൃക
ഇപ്രകാരം സുവിശേഷം നമുക്ക് വരച്ചുകാട്ടുന്ന സാഹോദര്യത്തിന്റെ വലിയ ഒരു മാതൃകയാണ് നല്ല സമരിയാക്കാരന്റെ ഉപമ. നാം തുടർന്ന് വിചിന്തനം നടത്തുന്ന ചാക്രികലേഖനത്തിന്റെ രണ്ടാം അധ്യായം, നല്ല സമരിയക്കാരന്റെ പ്രവൃത്തികളിലൂടെയുള്ള ഒരു യാത്രയാണ്. ആരാണ് എന്റെ അയൽക്കാരൻ? എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് യേശു നല്ല സമരിയാക്കാരന്റെ ഉപമ വിവരിക്കുന്നത്. ആധുനികത, മനുഷ്യഹൃദയങ്ങളെ ചില തുരുത്തുകളാക്കി ചുരുക്കുന്ന അവസരത്തിൽ ഈ ചോദ്യം രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ഏറെ പ്രസക്തമാണ്. ഒരു പക്ഷെ ഈ ചോദ്യത്തിനുത്തരം ആരംഭിക്കുന്നത്, പഴയനിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ നിന്നുമാണ്. 'ആരാണ് എന്റെ അയൽക്കാരൻ', എന്ന ചോദ്യം ഉന്നയിക്കുന്ന മറ്റു രണ്ടു സമസ്യകളുണ്ട്: 'നീ എവിടെയാണ്?', ദൈവസന്നിധിയിൽ നിന്നും പാപം ചെയ്തശേഷം ഓടിമറയുന്ന ആദത്തോടും, ഹവ്വയോടും പിതാവായ ദൈവം ചോദിക്കുന്ന ചോദ്യമാണിത്. (ഉത്പത്തി 3,9). ഈ ചോദ്യത്തിന്റെ തുടർച്ചയാണ്, തന്റെ സഹോദരനായ ആബേലിന്റെ രക്തം കൈവെള്ളയിൽ പുരണ്ട കായേനോടുള്ള ചോദ്യം, 'നിന്റെ സഹോദരൻ എവിടെയാണ്?'(ഉത്പത്തി 4 ,9). വിശുദ്ധഗ്രന്ഥ ചരിത്രത്തിലെ ഈ പ്രഥമ ഇരു ചോദ്യങ്ങളോട് ചേർത്താണ്, ‘ആരാണ് എന്റെ അയൽക്കാരൻ?’ എന്ന ചോദ്യം നാം വായിക്കേണ്ടത്. ആദ്യരണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുമ്പോൾ തന്നെ അയൽക്കാരനെ തേടിയുള്ള യാത്ര നാം ആരംഭിച്ചുകഴിയും.
ഒരു പക്ഷെ സമസ്യകൾ വിസ്മരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നതുകൊണ്ടാവാം, ഫ്രാൻസിസ് പാപ്പാ ഈ ചാക്രികലേഖനത്തിലൂടെ ഒരിക്കൽ കൂടി, അയൽക്കാരനെ കണ്ടെത്തുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. ലേഖനത്തിന്റെ രണ്ടാം അദ്ധ്യായം മുഴുവൻ, സമരിയാക്കാരന്റെ ജീവിതം, നമ്മുടെ ജീവിതത്തിൽ മാതൃകയായി സ്വീകരിക്കുവാനുള്ള ഒരു ക്ഷണമാണ് നമുക്ക് നൽകുന്നത്. ജറുസലെമിനും, ജെറീക്കോയ്ക്കും ഇടയിലുള്ള വഴി എന്നത്, ഈ ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരസ്പരം അപരിചിതത്വവും, അന്യതയും, കൊള്ളയുമൊക്കെ കൊണ്ട് അടയാളപ്പെടുത്തുന്ന ഇന്നത്തെ ലോകത്തിലും, സാഹോദര്യത്തിന്റെ സുവിശേഷമാണ് ഈ രണ്ടാം അദ്ധ്യായം നമുക്ക് പറഞ്ഞുതരുന്നത്.
വഴിയിൽ ഒരു അപരിചിതൻ
വിശുദ്ധ ലൂക്കയുടെ സുവിശേഷം, പത്താം അദ്ധ്യായം ഇരുപത്തിയഞ്ചുമുതൽ മുപ്പത്തിയേഴുവരെയുള്ള തിരുവചനഭാഗമാണ്, ഫ്രാൻസിസ് പാപ്പാ രണ്ടാം അധ്യായത്തിന്റെ അടിസ്ഥാനമായി എടുത്തിരിക്കുന്നത്. സഹോദരങ്ങൾ തമ്മിലുള്ള നിസ്സംഗതയ്ക്കു, ബദലായി കാരുണ്യത്തിന്റെ തൈലം കൊണ്ട് മുറിവുകൾ വച്ചുകെട്ടി, സാഹോദര്യത്തിന്റെ സത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സമരിയക്കാരനായ ഒരു മനുഷ്യന്റെ മാതൃകയാണ് യേശു വരച്ചുകാട്ടുന്നത്. പൊതുവായ മാനവികതയുടെ അടിസ്ഥാനത്തിൽ, സർവ്വരേയും ആശ്ലേഷിക്കുന്ന സ്നേഹത്തിന്റെ കല്പനയുടെ വ്യാപ്തിയെന്നോണമാണ്, ഈ സുവിശേഷഭാഗം യേശു വിവരിക്കുന്നത്. ഒരുപക്ഷെ സ്നേഹമെന്നത്, സ്വന്തക്കാരിലേക്കു മാത്രം ചുരുങ്ങി നിന്നിരുന്ന ഒരു യഹൂദപാരമ്പര്യത്തിൽ, പരദേശിയെ ചേർത്തുനിർത്തുവാനുള്ള ഒരു ആഹ്വാനമാണ് യേശു നൽകുന്നത്. ഒറ്റപ്പെടുത്തുന്നതും, വേർപെടുത്തുന്നതുമായ ചങ്ങലകളാണ് ഇന്ന് നമുക്ക് ചുറ്റും എന്ന സത്യം ലേഖനം അടിവരയിടുന്നു. ദുർബലരോടും, രോഗികളോടും, അഗതികളോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിലാണ്, ഫ്രാൻസിസ് പാപ്പായുടെ പ്രവാചകവചനങ്ങൾ സഹോദരസ്നേഹത്തിന്റെ മാറ്റു കൂട്ടുവാൻ നമ്മെ ക്ഷണിക്കുന്നത്.
മുൻവിധികൾ ഒഴിവാക്കുക
നല്ല സമരിയാക്കാരനെ പോലെ നമ്മുടെ ജീവിതത്തിലും നാം ഒഴിവാക്കേണ്ടുന്ന ഘടകങ്ങളെയും പാപ്പാ അടിവരയിടുന്നുണ്ട്. മുൻവിധികളോ, വ്യക്തിപരമായ താത്പര്യങ്ങളോ, ചരിത്രപരമോ സാംസ്കാരികമോ ആയ തടസങ്ങളോ, സഹോദരസ്നേഹത്തിനും, പരിചരണത്തിനുമുള്ള നമ്മുടെ വിളിയ്ക്ക് വിഘാതമാകരുതെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. ഒരുപക്ഷെ 'മറ്റുള്ളവർ എന്ത് വിചാരിക്കും' എന്ന് വിചാരിച്ചുകൊണ്ട് വഴിയിൽ കിടക്കുന്നവരെ ഉപേക്ഷിച്ചുപോകുന്ന മനുഷ്യന്റെ പ്രവണതയെ അടുത്തറിയുന്നതുകൊണ്ടാകാം, പാപ്പാ ഈ വിഘാതങ്ങളെ ഒഴിവാക്കേണ്ടത് ഏറെ ആവശ്യമാണെന്ന് എഴുതുന്നത്. മറിച്ച്, വീണുപോയവരെയും, കഷ്ടപെടുന്നവരെയും ഉൾക്കൊള്ളുവാനും, അവരെ സമന്വയിപ്പിക്കുവാനും, ഉയർത്തുവാനും അപ്രകാരം കൂട്ടായ്മയുടെ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കൂട്ടുത്തരവാദിത്വം പാപ്പാ അടിവരയിടുന്നു. ഒഴിവാക്കപ്പെടുന്നവരുടെ മുഖങ്ങളിൽ യേശുവിന്റെ തിരുമുഖം ദർശിക്കുന്നതിലൂടെയാണ് ഇപ്രകാരം സ്നേഹത്തിന്റെ പാലങ്ങൾ പണിയുവാൻ എല്ലാവർക്കും സാധിക്കുന്നതെന്നുള്ള വലിയ ബോധ്യവും പാപ്പാ നൽകുന്നു.
കരുതലോടെ കാവലിരിക്കുക
പഴയനിയമത്തിൽ കായേനോടുള്ള, ‘സഹോദരനെവിടെ?’ എന്ന ചോദ്യത്തിന്റെ പൂർത്തീകരണമാണ് പുതിയനിയമത്തിൽ അയൽക്കാരനെവിടെ? എന്ന ചോദ്യത്തിൽ ഉള്ളടങ്ങിയിരിക്കുന്നതെന്നാണ് പാപ്പാ പറയുന്നത്. 'തന്നെപോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുന്നതിനുള്ള ' ലേവ്യരുടെ പുസ്തകത്തിലെ തിരുവചനവും (ലേവ്യർ 19, 8)പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. എന്നാൽ പഴയനിയമത്തിലെ സ്നേഹത്തിന്റെ കൽപ്പനകൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നത്, പുതിയനിയമത്തിലാണ്. നിസ്സംഗതയെ പാടെ ഉപേക്ഷിച്ചുകൊണ്ട്, മറ്റുള്ളവനുവേണ്ടി കരുതലോടെ കാവലിരിക്കുന്നതാണ് യഥാർത്ഥ സ്നേഹമെന്നാണ് പുതിയ നിയമം നമ്മെ പഠിപ്പിക്കുന്നത്.
നിസ്സംഗതയുടെ കൊലപാതക മനോഭാവം
ഫ്രാൻസിസ് പാപ്പാ ഇന്നത്തെ ലോകത്തിന്റെ വലിയ പ്രലോഭനമെന്നോ, തിന്മയെന്നോ വിളിക്കാവുന്ന നിസ്സംഗതയെ പറ്റി എടുത്തു പറയുന്നുണ്ട്. ദുർബലരെ ഒഴിവാക്കിക്കൊണ്ട് സമൂഹത്തിന്റെ ശക്‌തി വെളിപ്പെടുത്തുന്നതിനുള്ള പ്രവണതയെയാണ് പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. നമ്മെ അലോസരപ്പെടുത്തുന്ന, നമ്മുടെ ജീവിതത്തെ ശല്യപ്പെടുത്തുന്ന, നമ്മുടെ പദ്ധതികളിൽ മാറ്റം വരുത്തുന്ന, അവരുടെ പ്രശ്‌നങ്ങളിൽ സമയം പാഴാക്കുന്ന, കഷ്ടപ്പാടുകളാൽ നമ്മുടെ സ്വസ്ഥതയെ ശല്യപ്പെടുത്തുന്ന, നമുക്ക് ചുറ്റുമുള്ള ആളുകളെ ഉപേക്ഷിക്കുന്നതിനുള്ള ഒരു പ്രവണത ഇന്ന് ഏറി വരികയാണ്. ഇതിന്റെ ഫലമാണ് അനുദിനം വർധിച്ചുവരുന്ന യുദ്ധങ്ങൾ, അക്രമങ്ങൾ, മാത്സര്യം എന്നിവയൊക്കെ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞ 'വലിച്ചെറിയലിന്റെ സംസ്കാരം' അതിന്റെ എല്ലാ രൗദ്രഭാവങ്ങളോടും കൂടിയാണ് ഇന്ന് സമൂഹത്തിൽ വെറുപ്പിന്റെ തത്വം ജീവിതപ്രമാണമായി കൊണ്ടുവരുന്നത്. 'നിസ്സംഗതയുടെ കൊലപാതക മനോഭാവം', എന്നാണ് ഫ്രാൻസിസ് പാപ്പാ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ കാഴ്ചയിൽ നിന്ന് മറ്റുള്ളവരെ മായ്ച്ചുകളയുകയും നമ്മുടെ ലോകത്തിൽ നിന്ന് അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന മരണസംസ്കാരം.
സമരിയാക്കാരന്റെ മനോഭാവം
എന്നാൽ വിഭിന്നമായി, നല്ല സമരിയാക്കാരൻ്റെ മനോഭാവം പുലർത്തുവാനുള്ള ക്ഷണമാണ് ഫ്രാൻസിസ് പാപ്പാ നമുക്ക് നൽകുന്നത്. മറ്റുള്ളവന്റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാതെ തന്നെ അവനെ തന്റെ ഹൃദയത്തോട് ചേർത്തുനിർത്തുവാനുള്ള മനസിന്റെ വിശാലതയെയാണ് പാപ്പാ ഇവിടെ അടിവരയിട്ടു പറയുന്നത്. നമ്മൾ ദൈവത്തിൽ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും ചെയ്താലും, ‘ദൈവം ആഗ്രഹിക്കുന്നതുപോലെ നാം ജീവിക്കുന്നുണ്ടോ?’ എന്ന ചോദ്യം, ആത്മശോധനയ്ക്ക് വിഷയമാക്കണമെന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഓരോ വ്യക്തിയും "പൊതുനന്മയുടെ ലക്ഷ്യത്തിലേക്ക് നീങ്ങുകയും അതിൽ നിന്ന് സ്വന്തം ക്രമം വീണ്ടും വീണ്ടും പുനർനിർമ്മിക്കുകയും വേണം. അതിനാൽ സ്വയം പരിണാമത്തിനു വിധേയമാക്കേണ്ടുന്ന ഒരു മനുഷ്യപ്രകൃതി സ്വീകരിക്കുന്നതിനാണ് പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നത്. എത്രയെല്ലാം തിരക്കുകൾ ജീവിതത്തിൽ ഉണ്ടായാൽ പോലും, ലേവായനെ പോലെയോ , പുരോഹിതനെപ്പോലെയോ, മറ്റുള്ളവരിൽ നിന്ന് മുഖം തിരിച്ചു കടന്നുപോകരുതെന്ന് പാപ്പാ ആവശ്യപ്പെടുന്നു. ‘ഇവരെ പോലെയാണോ നമ്മുടെ ജീവിതത്തിൽ പെരുമാറുന്നത്?’ എന്ന് സ്വയം ചോദിക്കുന്നതിനും പാപ്പാ നമ്മെ ക്ഷണിക്കുന്നുണ്ട്.
സഹ ഉത്തരവാദിത്വം
എന്നാൽ മാനുഷികമായ ഈ പരിഗണന നൽകുന്ന ജീവിത മാതൃക നാം ആരംഭിക്കേണ്ടത്, നമുക്ക് ചുറ്റുമുള്ള സാധാരണ ജീവിതങ്ങളിൽ നിന്നുമാവണമെന്നും പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. സഹ-ഉത്തരവാദിത്തത്തിൻ്റെ ഒരു ഇടം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഈ രണ്ടാം അധ്യായത്തിൽ പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മുറിവേറ്റ നമ്മുടെ സമൂഹങ്ങളുടെ പുനരധിവാസത്തിലും പിന്തുണയിലും നാം സജീവ പങ്കാളികളായിരിക്കണം. വെറുപ്പും നീരസവും വളർത്തുന്നതിനുപകരം, വീണുപോയവരെ ഉൾക്കൊള്ളാനും സമന്വയിപ്പിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള പ്രതിബദ്ധതയിൽ നിരന്തരവും തളരാത്തതുമായ ഒരു ജനതയാകാനുള്ള നിശ്ചയദാർഢ്യം കൈക്കൊള്ളുക; ഇതാണ് ഈ അധ്യായത്തിന്റെ പൊരുൾ.
ചാക്രികലേഖനത്തിന്റെ മലയാളവിവർത്തനം കടപ്പാട്: ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ സി ഡി (കാർമ്മൽ പബ്ലിക്കേഷൻസ്)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: