സിറിയൻ അഭയാർത്ഥികൾക്ക് സ്വീകരണം നൽകി ഇറ്റാലിയൻ സഭ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലെബനനിൽ നിന്നും മാനുഷിക ഇടനാഴികൾ വഴിയായി എത്തിയ 51 സിറിയൻ പൗരന്മാർക്ക് ഇറ്റാലിയൻ സമൂഹം അഭയം നൽകി. കത്തോലിക്കാ സഭയുടെ സാന്ത് എജിദിയോ സമൂഹവും, പ്രൊട്ടസ്റ്റന്റ് സഭകളും കൂട്ടായി നടത്തിയ പരിശ്രമങ്ങളാണ് ദുരിതബാധിതരായ ഇവരെ രക്ഷിച്ചുകൊണ്ട് സുരക്ഷിതമായി ഇറ്റലിയിലേക്ക് എത്തിക്കുവാൻ സഹായകരമായത്. അക്കാർ മേഖലയിലെ അഭയാർത്ഥി ക്യാമ്പുകളിലും, ബെക്കാ താഴ്‌വരയിലും, ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇടങ്ങളിലും ദുരിതപൂർണ്ണമായ ജീവിതം നയിച്ചുകൊണ്ടിരുന്നവരാണ് എത്തിയവരെല്ലാവരും.
ഇസ്രായേലും ഹമാസും തമ്മിലുള്ള സമീപത്തെ സംഘർഷം മൂലം അയൽരാജ്യമായ ലെബനനിൽ ഏറെ പ്രയാസകരമായ സാഹചര്യം ഉടലെടുക്കുന്ന അവസരത്തിലാണ്, മാനുഷിക ഇടനാഴികൾ വഴിയായി ഇവർക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിച്ചേരുവാൻ സാധിച്ചത്. 2016 ഫെബ്രുവരി മുതൽ സിറിയയിൽ നിന്ന് മാത്രം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം ഇറ്റലിയിൽ സുരക്ഷിതമായി എത്തിച്ചത്. ഇതിനോടകം 7,500 അഭയാർത്ഥികളാണ് മാനുഷിക ഇടനാഴിയിലൂടെ യൂറോപ്പിലെത്തിയത്.
ഇറ്റലിയിൽ എത്തുന്ന ഇവർ ഭാഷാപഠനത്തിനു ശേഷം, വിവിധ തൊഴിലിടങ്ങളിൽ ജോലികൾക്കായി പോകും. തുടർന്ന് അവരുടെ തന്നെ വരുമാനം കൊണ്ട് ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ അവർ പ്രാപ്തരാകുന്നതുമാണ്, ഈ ദൗത്യത്തിന്റെ പൂർത്തീകരണം. യൂറോപ്യൻ യൂണിയന് മുഴുവനും മാതൃകയാകാൻ കഴിയുന്ന അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഒരു മികച്ച സമ്പ്രദായമാണ് മാനുഷികഇടനാഴികൾ. യുദ്ധങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കുള്ള വലിയ ഒരു ആശ്വാസം കൂടിയാണ് ഈ അഭയാർത്ഥിപ്രവേശന സാധ്യത.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: