തിരയുക

തീരമണഞ്ഞ നൗക തീരമണഞ്ഞ നൗക  (AFP or licensors)

സമുദ്രഞായർ ആചരണം ഈ 14-ന്, ഞായറാഴ്ച !

അനുവർഷം ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞയറാഴ്ച സമുദ്ര ഞായർ ആചരിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നരകുലത്തിൻറെ നിരവധിയായ ദൈനംദിനാവശ്യങ്ങൾ നമുക്കു നിറവേറ്റാൻ കഴിയുന്നത് കൂടുതലും അണിയറയിൽ  പ്രവർത്തനനിരതരായ സമുദ്രജീവനക്കാരുടെ യത്നങ്ങളിലൂടെയാണെന്ന് സമഗ്രമാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി.

അനുവർഷം ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞയറാഴ്ച ആചരിക്കപ്പെടുന്ന സമുദ്ര ഞായറിനോടനുബന്ധിച്ച് സമഗ്രമാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗം പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം കൂടുതലും അദൃശ്യരായിക്കഴിയുന്ന ഒരു വിഭാഗമായ നാവികരുടെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

അദ്ധ്വാനിക്കുന്ന അവർ പലപ്പോഴും അനീതിയ്ക്കും ചൂഷണത്തിനും അസമത്വങ്ങൾക്കും ഇരകളാക്കപ്പെടുന്ന ഖേദകരമായ വസ്തുതയും കർദ്ദിനാൾ ചേർണി സന്ദേശത്തിൽ അനുസ്മരിക്കുന്നു. ഇക്കാരണത്താൽ, സഭ തൊഴിലാളികൾക്ക് തുണയാകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന്, സമുദ്രജീവനക്കരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് അവരുടെ അജപാലന പരിപാലനത്തിൽ തുറമുഖ പ്രദേശങ്ങളിലെ സഭാംഗങ്ങളായ സസസന്നദ്ധപ്രവർത്തകരും വൈദികരും മറ്റും ഏർപ്പെട്ടിരിക്കുന്നത് ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിക്കുന്നു.

സഭയുടെ പിറവിയിലും പ്രസരണത്തിലും സമുദ്രത്തിനുള്ള പ്രാധാന്യവും കർദ്ദിനാൾ ചേർണി എടുത്തുകാട്ടുന്നു. കപ്പൽ കയറി വിദൂര തുറമുഖങ്ങളിൽ എത്തി അപ്പോസ്തലന്മാരും പ്രേഷിതരും ഭൂമിയുടെ അതിരുകൾ വരെ സുവിശേഷം എത്തിച്ചുവെന്നും ആദ്യകാലാനുഭവം അനുഭവം ഇന്നും സഭയ്ക്ക് പ്രചോദനമാകാമെന്നും അദ്ദേഹം പറയുന്നു. കാരണം എത്തിച്ചേരുന്ന ഒരോ യാനവും മഹത്തായ കൂടിക്കാഴ്ചകളും കൈമാറ്റങ്ങളും അർത്ഥമാക്കുന്നുവെന്നും പ്രാദേശിക തീരങ്ങൾക്കപ്പുറത്തേക്കു തുറക്കുന്ന  പുതുമകളോടും അനന്ത സാദ്ധ്യതകളോടും തുറവുകാട്ടുന്നുവെന്നും കർദ്ദിനാൾ ചേർണി കുറിക്കുന്നു. 

സമുദ്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനത എവിടെപ്പോയാലും അവർ സഭയുടെ ഭാഗമാണ് എന്ന പ്രതീതി അവർക്കുണ്ടാകുന്നതിന് പരസ്പരം മനസ്സിലാക്കുന്നതിലും ഐക്യദാർഢ്യത്തിലും ഒത്തൊരുമിച്ചു വളരുന്നതിനായി അവരെ  വേർതിരിവില്ലാതെ ഉൾപ്പെടുത്തുക എന്നതാണ് സഭയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1975-ൽ ഇംഗ്ലണ്ടിലാണ് സമുദ്രഞായർ ആചരണത്തിന് തുടക്കം കുറിച്ചത്. ഒരു ദശലക്ഷത്തിലേറെ വരുന്ന കപ്പൽ ജീവനക്കാരെയും തുറമുഖങ്ങളിലും കപ്പലുകളിലും മറ്റുമായി അജപാലനപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും അനുസ്മരിക്കുന്നതിന് സമുദ്രപ്രേഷതിത്വവും സമുദ്രസഞ്ചാരികൾക്കും നാവികർക്കും വേണ്ടിയുള്ള പ്രേഷിതസമൂഹവും ആണ് ഈ ദിനാചരണത്തിന് മുൻകൈയ്യെടുത്തത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2024, 15:22