ദക്ഷിണകൊറിയയിൽ യുവജനങ്ങൾ മെത്രാന്മാരുമായി സംവാദം നടത്തി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
2024 ജൂൺ 28 ന് മയോങ്‌ഡോംഗ് കത്തീഡ്രലിൽ ഒത്തുചേർന്ന നൂറുകണക്കിന് യുവജനങ്ങൾ, മെത്രാന്മാരുമായി വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തി. ആർച്ചുബിഷപ്പ് പീറ്റർ സൂൺ-ടേക്ക് ചുങ്, ബിഷപ്പ് ജോബ് യോ, ബിഷപ്പ് പോൾ ക്യുങ്-സാങ് ലീ എന്നിവരും മറ്റ് സഭാ നേതാക്കളും, സംവാദത്തിൽ പങ്കാളികളായി. 2027 ൽ സിയോളിൽ നടക്കുന്ന ആഗോള യുവജന സംഗമത്തിനുള്ള ഒരുക്കമെന്നോണമാണ് ഈ സംഗമം നടത്തിയത്. ഏകദേശം അറുനൂറോളം യുവജനങ്ങൾ സംവാദത്തിൽ പങ്കെടുത്തു.
"ഭയപ്പെടേണ്ട: ഞാൻ നിങ്ങളോടൊപ്പമുണ്ട്" എന്ന ഏശയ്യാ പ്രവാചകൻ വഴിയായി ദൈവം അരുളിച്ചെയ്ത വചനമാണ് സംഗമത്തിന്റെ ആദർശവാക്യമായി തിരഞ്ഞെടുത്തത്. സംഭാഷണങ്ങളിലൂടെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സഭാനേതാക്കൾക്കും, യുവജനങ്ങൾക്കുമിടയിൽ സാഹോദര്യത്തിന്റെ പാലം നിർമ്മിക്കുവാൻ ഈ സംഗമം വഴിയായി സാധിച്ചുവെന്ന് സംഘാടകർ പങ്കുവച്ചു. പത്തുപേരടങ്ങുന്ന ചെറിയ സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ്, സംവാദത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
നാല് യുവ മുഖ്യ പ്രഭാഷകർ സമകാലിക യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും, അവരുടെ വിശ്വാസാനുഭവങ്ങളുടെ സന്തോഷനിമിഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സിനഡിൽ നിന്നും ആശയം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സംവാദവേദിക്ക് രൂപം നൽകിയത്. യുവാക്കളുടെ ഇടയിലുള്ള ആത്മീയ നിസ്സംഗതയും, യുവജനപ്രവർത്തനങ്ങൾക്ക് ഇനിയും നൽകേണ്ട പ്രോത്സാഹനത്തെക്കുറിച്ചും പ്രഭാഷകർ അടിവരയിട്ടു പറഞ്ഞു.
യുവജനങ്ങളുടെ വിലപ്പെട്ട ജീവിതകഥകൾ ശ്രവിക്കുവാൻ ലഭിച്ച അവസരം ഏറെ വിലപ്പെട്ടതാണെന്ന്, സമാപനസന്ദേശത്തിൽ ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു. യുവാക്കളുടെ ശബ്ദം കേൾക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു സംഘടിപ്പിച്ച ഈ വേദി ഏറെ വ്യതിരിക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: