തെക്കൻ സുഡാനിലെ സാമൂഹ്യവ്യവസ്ഥിതി തകരാറിലാക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം: സുഡാൻ മെത്രാൻസമിതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിൽ സമാധാനം സ്ഥാപിക്കപ്പെടാനായി പ്രാർത്ഥിക്കുകയും, ദൈവത്തിന്റെയും ജനങ്ങളുടെയും സ്വരത്തിന് കാതോർക്കുകയും ചെയ്യാൻ രാജ്യത്തെ എല്ലാ ജനങ്ങളെയും ആഹ്വാനം ചെയ്‌ത് കത്തോലിക്കാസഭ. കഴിഞ്ഞ ദിവസങ്ങളിൽ ജൂബയിൽ നടന്ന ത്രിദിനയോഗത്തിന്റെ അവസാനത്തിലാണ്, സായുധസംഘർഷങ്ങൾ മൂലം തകർന്ന സാമൂഹ്യവ്യവസ്ഥിതി പുനഃസ്ഥാപിക്കാൻ സുഡാനിലെയും തെക്കൻ സുഡാനിലെയും മെത്രാൻ സമിതി ആവശ്യപ്പെട്ടത്.
കത്തോലിക്കാസഭാംഗങ്ങൾ കൂടുതലുള്ള തെക്കൻ സുഡാനിലെ ജനതയോടാണ് തങ്ങളുടെ കൂടുതൽ ഉത്തരവാദിത്വമെങ്കിലും, സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സായുധസംഘർഷങ്ങളുടെ മുന്നിൽ തങ്ങൾക്ക് നിശ്ശബ്ദരായിരിക്കാനാകില്ലെന്ന് സുഡാൻ മെത്രാൻ സമിതി (SSSCBC) വ്യക്തമാക്കി. ലോകത്തെത്തന്നെ ഏറ്റവും യുവരാജ്യമായ സുഡാനിൽ, ധ്രുതകർമ്മസേനയും (RSF), സായുധസുഡാൻ സേനയും (SAF) തമ്മിൽ ഒരു വർഷമായി നടന്നുവരുന്ന സംഘർഷങ്ങളെ പരാമർശിച്ചുകൊണ്ടാണ് സുദാനമെത്രാൻസമിതി ഇത്തരമൊരു പ്രസ്‌താവന പുറത്തിറക്കിയത്.
സുഡാനിൽ നടന്നുവരുന്ന സംഘർഷങ്ങൾ ഇരുഭാഗത്തും കടുത്ത നാശനഷ്ടങ്ങൾക്കും, മനുഷ്യാവകാശലംഘനങ്ങൾക്കും കാരണമായിട്ടുണ്ടെന്നും, ഒരു മാനവികദുരന്തത്തിനാണ് ഇവ വഴിയൊരുക്കിയതെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു. ഈയൊരു അവസ്ഥയിൽ, മാനവികസഹായം ലഭ്യമാക്കാനും, സമാധാനശ്രമങ്ങൾക്കായി ചർച്ചകൾ നടത്താനും, യുദ്ധത്തിന്റെ അവസാനത്തിൽ നടക്കേണ്ട, അനുരഞ്ജനത്തിനും, പുനരധിവാസത്തിനും, സാമൂഹ്യവ്യവസ്ഥിതിയുടെ പുനഃസ്ഥാപനത്തിനുമായി പ്രവർത്തിക്കാൻ സുഡാനിലെ ജനങ്ങളെ സുഡാൻ മെത്രാൻസമിതി ആഹ്വാനം ചെയ്‌തു.
യുദ്ധം അവസാനിപ്പിക്കാനും, സമാധാനം സ്ഥാപിക്കപ്പെടാനുമായുള്ള ശ്രമങ്ങൾ തങ്ങൾ ഇരുവിഭാഗങ്ങളിലും കാണുന്നില്ല എന്ന് കുറ്റപ്പെടുത്തിയ മെത്രാൻസമിതി, സുഡാനിലെ ജനങ്ങളെക്കുറിച്ചും, തങ്ങളുടെ രാജ്യത്തെക്കുറിച്ചും സുഡാനിലെ നേതാക്കന്മാർ ശരിയായി ചിന്തിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ചു. സംഘർഷങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് വിദ്വേഷവും വർദ്ധിച്ചുവരുമെന്ന് ഓർമ്മിപ്പിച്ച മെത്രാന്മാർ, കൂടുതലായി പ്രാർത്ഥിക്കാനും, ദൈവത്തിന്റെയും മനുഷ്യരുടെയും സ്വരം ശ്രവിക്കാനും, സമാധാനത്തിനായി വിലപിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും രോദനം ശ്രവിക്കാനും ആവശ്യപ്പെട്ടു.
ഇരു സംഘങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിസ്കളങ്കരായ മനുഷ്യരുടെ രക്തം മണ്ണിൽനിന്ന് നിലവിളിയുയർത്തുന്നുണ്ടെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു. ഒരേ മാതാപിതാക്കളുടെ മക്കളെന്ന നിലയിൽ പര്സപരസംവാദങ്ങൾക്ക് തയ്യാറാകണമെന്നും ഇരുകക്ഷികളോടും മെത്രാന്മാർ ആവശ്യപ്പെട്ടു.
അടുത്തിടെ, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥന പരാമർശിച്ചുകൊണ്ട്, ആയുധങ്ങൾ താഴെവയ്ക്കാനും, സമാധാനചർച്ചകൾ ആരംഭിക്കാനും മെത്രാൻസമിതി ആഹ്വാനം ചെയ്‌തു.
ഫീദെസ് വാർത്താ ഏജൻസിയാണ് സുഡാൻ മെത്രാൻസമിതി നടത്തിയ സമാധനാഭ്യർത്ഥനയെക്കുറിച്ച് ജൂലൈ 23 ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: