അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷൻ അഭിവന്ദ്യ ഹന്നാ ജാല്ലൂഫ് അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷൻ അഭിവന്ദ്യ ഹന്നാ ജാല്ലൂഫ് 

സിറിയ: യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പുഷ്പിച്ച ഫ്രാൻസിസ്കൻ ദൈവവിളികൾ

നിരവധി സായുധസംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ ഫ്രാൻസിസ്കൻ സന്ന്യസ്താന്തസ്സിലേക്ക് രണ്ട് ഇരട്ടസഹോദരങ്ങൾ കൂടി. വിശുദ്ധ നാടുകളുടെയുൾപ്പെടെ ക്രൈസ്തവസഭയ്ക്ക് പ്രധാനപ്പെട്ട വിവിധയിടങ്ങളുടെ കാവൽച്ചുമതല നിർവ്വഹിക്കുന്ന ഫ്രാൻസിസ്കൻ സഭയ്ക്കിത് മധുരനിമിഷം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയിൽ, ജൂലൈ പത്താം തീയതി ഇരട്ടസഹോദരങ്ങൾ ഫ്രാൻസിസ്കൻ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടു. ജോർജ്ജ് പൗളോ, ജോണി ജാല്ലൂഫ് എന്നിവർ, അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനും, തങ്ങളുടെ കുടുംബത്തിൽനിന്നുതന്നെയുള്ളതുമായ, അഭിവന്ദ്യ ഹന്നാ ജാല്ലൂഫിന്റെ കൈവയ്പ്പിലൂടെയാണ് അഭിഷിക്തരായത്. ചടങ്ങുകളിൽ മുപ്പത് ഫ്രാൻസിസ്കൻ സന്ന്യസ്തരും പങ്കെടുത്തിരുന്നു.

സിറിയയിൽ യുദ്ധം ആരംഭിക്കുന്നതിനുമുൻപ് രണ്ടുലക്ഷത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ന് ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ക്രിസ്ത്യാനികൾ മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്.

1860-ൽ ഡമാസ്കസിൽ വച്ച് കൊല്ലപ്പെട്ട ഫ്രാൻസിസ്കൻ രക്തസാക്ഷികളുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം കൂടിയാണ് ജൂലൈ 10 എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം 2024 ഒക്ടോബർ 20-ന് ഇവരെ സഭ ഔദ്യോഗികമായി രക്തസാക്ഷികളായി പ്രഖ്യാപിക്കുന്ന ചടങ്ങുണ്ടാകും.

കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച ഇരുസഹോദരങ്ങളും മറ്റു ഫ്രാൻസിസ്കൻ സഹോദരങ്ങൾക്കൊപ്പം കഴിഞ്ഞ ജൂലൈ ആറാം തീയതിയാണ് സിറിയയിലെത്തിയത്. സഹോദരങ്ങൾ വൈദികരായി അഭിഷിക്തരായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിറിയയിലെ ഫ്രാൻസിസ്കൻ സഭയിൽ ഇരട്ടസഹോദരങ്ങൾ വൈദികരായി അഭിഷിക്തരാകുന്നത്. വിശുദ്ധനാടുകളിൽ ഏറ്റവും കൂടുതൽ ഫ്രാൻസിസ്കൻ സന്ന്യസ്തവൈദികരുള്ളത് സിറിയയിലാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം പേരാണ് സിറിയയിൽ കൊല്ലപ്പെട്ടത്. എൺപത് ലക്ഷത്തോളം ആളുകൾ രാജ്യത്ത് തുടരുന്ന സായുധസംഘർഷങ്ങൾ മൂലം കുടിയൊഴിയാൻ നിർബന്ധിതരായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2024, 16:04