തിരയുക

ഉഗാണ്ടയിൽ നിന്നുള്ള കാഴ്ച്ച ഉഗാണ്ടയിൽ നിന്നുള്ള കാഴ്ച്ച  

മനുഷ്യാന്തസ്സിനെ മുറുകെപ്പിടിക്കുവാനും, മനുഷ്യക്കടത്ത് തടയുവാനും ആഹ്വാനം ചെയ്ത് ഉഗാണ്ടയിലെ കസെസെ രൂപത

മനുഷ്യക്കടത്തിനെതിരെ ഉഗാണ്ടയിലെ കസെസെ രൂപത ബോധവത്‌കരണ ക്യാമ്പയിൻ നടത്തിവരുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തുകൾ ഏറെ വിപുലമായ ഉഗാണ്ടയിൽ, മനുഷ്യജീവന്റെ സംരക്ഷണത്തിനും, മനുഷ്യാന്തസ്സിന്റെ അഭംഗുരമായ നിലനിൽപ്പിനും ആഹ്വാനം ചെയ്തു കൊണ്ട് കസെസെ രൂപത ബോധവത്‌കരണവും, സംഘടിത പ്രവർത്തനങ്ങളും ആരംഭിച്ചു. ഓരോ മനുഷ്യജീവനും വിലപെട്ടതും, ദൈവത്തിന്റെ ദാനവുമാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതിനും, അവയുടെ ലംഘനത്തിനും അധഃപതനത്തിനും എതിരെ പോരാടാനുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിച്ചുകൊണ്ടുമാണ് ഈ ബോധവത്ക്കരണ പ്രവർത്തനം രൂപത രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത്.

രൂപതയിലെ ഹോളി ക്രോസ്സ് സന്യാസിനിമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനോടകം പത്തൊൻപതു രൂപതകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യക്കടത്തിനെതിരായ  'ഓമുകേക്കര' എന്ന തത്സമയ ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു. ജോലി തേടി വിദേശത്തേക്ക് പോകുന്ന ആളുകൾ, പിന്നീട് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ശൂന്യമായ കൈകളോടെ തിരികെ വരുന്നതിനെതിരായും ക്യാമ്പയ്‌നിൽ ചർച്ചകൾ നടത്തുന്നു.

രാജ്യത്ത് തന്നെ വിവിധ യോഗ്യതാ കോഴ്‌സുകളിൽ പങ്കെടുത്തുകൊണ്ട്, രാജ്യത്ത് തന്നെ ജോലിസാധ്യതകൾ ഉരുവാക്കേണ്ടതിന്റെ ആവശ്യകതയും ക്യാമ്പയ്‌നിൽ അടിവരയിട്ടു പറയുന്നു. ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വരുന്ന അവസ്ഥ, അരക്ഷിതാവസ്ഥ, അമിതമായ ജോലി സമയം, നിയമവിരുദ്ധമായി പാസ്‌പോർട്ട് തടഞ്ഞുവയ്ക്കൽ, സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ, സ്വന്തം തൊഴിലുടമകളിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, അടിമത്തം എന്നീ വിവിധ ദുരിതങ്ങളും ക്യാമ്പയിൻ എടുത്തുപറയുന്നു.

2014 മാർച്ചിൽ, ഫ്രാൻസിസ് പാപ്പായും, ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും ചേർന്ന് മനുഷ്യക്കടത്ത് എന്ന പ്രതിഭാസത്തെ ചെറുക്കുന്നതിന് ഇൻ്റർഫെയ്ത്ത് ഗ്ലോബൽ ഫ്രീഡം നെറ്റ്‌വർക്ക് ആരംഭിച്ചിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, മനുഷ്യക്കടത്ത് വളരെ വ്യാപകമാണ് അതിൽ ഏറെയും ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറെയും നടക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2024, 12:37