തിരയുക

കർദിനാൾ പരോളിൻ ഉക്രൈൻ സന്ദർശനവേളയിൽ ഒഡേസയിൽ ആളുകളെ കാണുന്നു കർദിനാൾ പരോളിൻ ഉക്രൈൻ സന്ദർശനവേളയിൽ ഒഡേസയിൽ ആളുകളെ കാണുന്നു  

കർദിനാൾ പരോളിന്റെ സന്ദർശനം ഒഡേസ നഗരത്തിനുള്ള വീരപതക്കം: ബിഷപ്പ് ജാൻ സോബിലോ

നീതിപൂർവ്വമായ സമാധാനത്തിനു വേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പരിശ്രമങ്ങളാണ്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ സന്ദർശനം വെളിപ്പെടുത്തുന്നതെന്ന്, ഖാർകീവിന്റെ സഹായ മെത്രാൻ ബിഷപ്പ് ജാൻ സോബിലോ പറഞ്ഞു.

ബെയാത്ത സയാച്ച്കോവ്സ്ക, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഉക്രൈനിൽ സന്ദർശനം നടത്തുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, യുദ്ധത്തിൽ ഏറെ യാതന അനുഭവിച്ച ഒഡേസയിൽ എത്തുകയും, ആളുകളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഉക്രൈൻ രാജ്യം, പരിശുദ്ധ പിതാവിന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടെന്നും, നീതിയുക്തമായ സമാധാനത്തിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹവുമാണ് കർദിനാൾ പരോളിന്റെ സന്ദർശനത്തിലൂടെ വെളിപ്പെടുന്നതെന്ന്, ഖാർകീവിന്റെ സഹായ മെത്രാൻ ബിഷപ്പ് ജാൻ സോബിലോ പങ്കുവച്ചു.

2014 മുതൽ യുദ്ധത്തിന്റെ യാതനകൾ അനുഭവിക്കുന്നവരാണ് ഉക്രൈൻ ജനതയെന്നും, ഇത് ആരും  വിസ്മരിക്കരുതെന്നും, എന്നാൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി ഉക്രൈൻ ജനത നേരിടുന്നത് യഥാർത്ഥ കുരിശുമരണമാണെന്നും അദ്ദേഹം  പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ, ഒഡേസയെന്ന മനോഹര നഗരത്തിന്റെ സൗന്ദര്യം മങ്ങിയെങ്കിലും, നഗരത്തെ കീഴടക്കുവാൻ സാധിക്കാതെ പോയതിൽ സന്തോഷമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

രണ്ട് വർഷത്തെ യുദ്ധത്തിൽ, നിലയ്ക്കാത്ത ആക്രമണങ്ങൾ നേരിട്ട ഒഡേസ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള തുറമുഖ നഗരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. "മനുഷ്യമഹത്വം സംരക്ഷിച്ച, മഹത്തായ സംസ്‌കാരത്തെയും വിവിധ ദേശീയതകളുടെ സമാധാനപരമായ സഹവർത്തിത്വത്തെയും സംരക്ഷിച്ച ഈ വീരനഗരത്തിനുള്ള സമ്മാനമാണ്  കർദിനാൾ പരോളിൻ്റെ സന്ദർശന"മെന്നും  ബിഷപ്പ് സോബിലോ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2024, 12:56