നിയമനിർമ്മാണം മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്നതാവണം: പെറു മെത്രാൻ സമിതി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പെറു രാഷ്ട്രത്തിലെ, നിയമ നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, മെത്രാൻ സമിതി അംഗങ്ങൾ രംഗത്ത് വന്നു. ജീവനും, ജീവിതത്തിനും സംരക്ഷണം നൽകേണ്ട നിയമങ്ങൾ എന്നാൽ, കടുത്ത മനുഷ്യത്വ വിരുദ്ധതയാണ് മുൻപോട്ടു വയ്ക്കുന്നതെന്ന് മെത്രാൻസമിതി ചൂണ്ടിക്കാട്ടി. നിയമത്തിലെ 32107 മത് ഖണ്ഡികയാണ് ഇപ്രകാരം മാനുഷിക അവകാശങ്ങളെ ലംഘിക്കുന്ന ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിവിധങ്ങളായ അക്രമങ്ങൾക്ക് വിധേയരായവരും, ബാധിതരായ കുടുംബങ്ങൾക്കുമുള്ള നീതി പോലും ഇതുവഴിയായി നിഷേധിക്കപ്പടുന്നുവെന്നതും വസ്തുതയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികൾക്ക് വിപരീതമായി നിർമ്മിക്കുന്ന ഇത്തരം നിയമങ്ങൾക്ക് സാധുത നൽകുവാൻ സാധിക്കുകയില്ലെന്നും മെത്രാൻസമിതി വിലയിരുത്തി. ഇത്തരം നിയമങ്ങൾ ദോഷകരമായി ബാധിക്കുന്നത്, സമൂഹത്തിലെ നിശ്ശബ്ദരാക്കപ്പെടുന്ന ദുർബല വിഭാഗത്തെയാണെന്നും, അവരുടെ നിശബ്ദതയെ ഈ നിയമനിർമാണം ചൂഷണം ചെയ്യുകയാണെന്നും സമിതി അടിവരയിട്ടു പറയുന്നു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അക്രമകാരികളെ യാതൊരു തടസവും കൂടാതെ സ്വതന്ത്രമാക്കുവാനുള്ള നിയമം കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ അരക്ഷിതാവസ്ഥയെ വർധിപ്പിക്കുകയാണെന്നും, പൊതുനന്മയെ ദുർബലപ്പെടുത്തുകയാണെന്നും മെത്രാന്മാർ പറയുന്നു. മനുഷ്യാവകാശങ്ങൾ, നീതി, നിയമസാധുത എന്നിവയുടെ സംരക്ഷണം രാജ്യത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമെന്നും മെത്രാൻസമിതിയുടെ പ്രസ്താവനയിൽ എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: