അസ്സീസിയിലെ വിശുദ്ധ ബലിയുടെ അവസരത്തിൽ അസ്സീസിയിലെ വിശുദ്ധ ബലിയുടെ അവസരത്തിൽ  

യുദ്ധം ഒരു നന്മയും കൊണ്ടുവരുന്നില്ല: കർദിനാൾ പിയെത്രോ പരോളിൻ

വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അസീസിയിലെ പുണ്യവതിയുടെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കുകയും, സമാധാനത്തിനു ആഹ്വാനം നൽകുകയും ചെയ്തു.

വത്തിക്കാൻ ന്യൂസ്

ഉപഭോക്തൃത്വം, സുഖഭോഗം, തിന്മകളുടെ ആധിക്യം എന്നിവയ്ക്കെതിരെ തന്റെ ജീവിതം കൊണ്ട് പടപൊരുതുകയും, ക്രിസ്തു സ്നേഹം വിശുദ്ധ ഫ്രാൻസിസ് അസീസിയോടൊപ്പം ഈ ലോകത്തിനു പങ്കുവയ്ക്കുകയും ചെയ്ത വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ, അസ്സീസിയിലെ, പുണ്യവതിയുടെ ബസിലിക്കയിൽ വച്ച് ആഘോഷിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. വിശുദ്ധ ബലിക്ക് മുൻപായി, റഷ്യയിലെ കുർസ്‌കിൽ ഉക്രൈൻ നടത്തിയ യുദ്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അനിയന്ത്രിതമായി തുടരുന്ന യുദ്ധം നമ്മെ ഏറെ ആശങ്കാകുലരാക്കുന്നുവെന്ന് കർദിനാൾ പ്രതികരിച്ചു. ഈ ആക്രമണം വെളിവാക്കുന്നതുപോലെ  സമാധാനസാധ്യതകൾ ഇനിയും ഏറെ ദൂരത്താണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. 

വിശുദ്ധ ബലി  മദ്ധ്യേ നൽകിയ സന്ദേശത്തിലും, സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം കർദിനാൾ ആവർത്തിച്ചു. ഈ തിരുനാളിനോടനുബന്ധിച്ച്, ലോകമെമ്പാടും സമാധാനം പുലരുവാൻ ശക്തമായ പ്രാർത്ഥന നടത്തുവാൻ താൻ അഭ്യർത്ഥിക്കുന്നതായി കർദിനാൾ പറഞ്ഞു. ‘യുദ്ധം എപ്പോഴും ഒരു പരാജയം മാത്രമെന്നും, അത് യാതൊരു പ്രയോജനയും ആർക്കും നൽകുന്നില്ലെന്നും’ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ അടിവരയിട്ടു പറഞ്ഞു.

വിശുദ്ധ ബലിയിൽ, അസ്സീസിയുടെ ആർച്ചുബിഷപ്പ്, മോൺസിഞ്ഞോർ ഡൊമെനിക്കോ സോറെന്തീനോ,  ക്ലാരിസ്റ്റ് സന്യാസിനിമാർ, വൈദികർ, സർക്കാർ അധികാരികൾ, നിരവധി അത്മായർ എന്നിവർ പങ്കെടുത്തു. സ്നേഹത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്നും, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന നിരവധിയാളുകൾ ഉണ്ടെന്നും സന്ദേശത്തിൽ കർദിനാൾ പരോളിൻ പറഞ്ഞു. ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള അനിയന്ത്രിതമായ അന്വേഷണത്തിൽ, ദാരിദ്ര്യം തിരഞ്ഞെടുത്തുകൊണ്ട്, യഥാർത്ഥ സ്നേഹം എന്താണെന്നു പഠിപ്പിച്ച വ്യക്തിയാണ് വിശുദ്ധ ക്ലാര എന്നും  കർദിനാൾ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2024, 13:06