തിരയുക

കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല  (AFP or licensors)

സ്വർഗാരോപണത്തിരുനാളിനു ഒരുക്കമായി സമാധാന ആഹ്വാനവുമായി കർദിനാൾ പിറ്റ്സബല്ല

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല, മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനുള്ള ഒരുക്കമായി, സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇടയസന്ദേശം നൽകി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മധ്യപൂർവേഷ്യയിൽ തുടർച്ചയായുണ്ടാകുന്ന സംഘട്ടനം ഏറെ ദുരിതങ്ങൾ സൃഷ്ടിക്കുന്ന ആളുകളോടുള്ള തന്റെ അടുപ്പം പ്രകടമാക്കിക്കൊണ്ടും, സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടും, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിനു ഒരുക്കമായി ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദിനാൾ പിയർബത്തിസ്ത്ത പിറ്റ്സബല്ല, ഇടയസന്ദേശം പ്രസിദ്ധീകരിച്ചു. കത്തിൽ വിശുദ്ധ നാട്ടിലും, മറ്റു ഇടങ്ങളിലും യുദ്ധങ്ങളിന്മേൽ വർധിച്ചുവരുന്ന ആശങ്കകളെ കർദിനാൾ എടുത്തു പറഞ്ഞു. സംഘർഷത്തിന്റെ വ്യാപ്തി എത്രമാത്രമെന്നു കണക്കാക്കുവാൻ സാധിക്കാത്തവണ്ണം, ഏറെ ഭീതിപ്പെടുത്തുന്നതാണെന്നും, ഇത് വഴിയായി മനുഷ്യഹൃദയങ്ങളിൽ വെറുപ്പും, നീരസവും, അവഹേളനവുമെല്ലാം വർദ്ധിച്ചുവരുന്നതായും കർദിനാൾ ചൂണ്ടിക്കാട്ടി.

യുദ്ധം ചെലുത്തുന്ന വേദനാജനകമായ സ്വാധീനം എന്നും ഒരു നൊമ്പരമായി മനുഷ്യഹൃദയങ്ങളിൽ നിൽക്കുമെന്നും, അതിനാൽ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ ഉളവാക്കുന്ന സമാധാന ചർച്ചകൾ നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്തുക ഏറെ ശ്രമകരമാണെന്നും കർദിനാൾ പങ്കുവച്ചു.

എന്നിരുന്നാലും, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളായ ആഗസ്റ്റ് മാസം പതിനഞ്ചാം. തീയതി, സമാധാനത്തിനുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. വിശുദ്ധ ബലിക്ക് മുൻപോ, ശേഷമോ മധ്യസ്ഥപ്രാർത്ഥനകൾ നടത്തണമെന്ന് കത്തിലൂടെ കർദിനാൾ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ദുരിതം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതോടൊപ്പം, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ഉത്തരവാദിത്വമുള്ളവരാണ് ക്രൈസ്തവർ എന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയുടെ പതിപ്പും, കത്തിനോടൊപ്പം കർദിനാൾ എല്ലാവർക്കും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2024, 13:01