തിരയുക

അറസ്റ്റ് ചെയ്യപ്പെട്ട ഫാ. സിമോൺ-പിയർ മദു ബൈഹാന അറസ്റ്റ് ചെയ്യപ്പെട്ട ഫാ. സിമോൺ-പിയർ മദു ബൈഹാന 

ചാഡിൽ അറസ്റ്റ് ചെയ്യപ്പെട്ട ഫാ. മദു സ്വാതന്ത്രനാക്കപ്പെട്ടു

ഓഗസ്റ്റ് അഞ്ചാം തീയതി, തന്റെ ഇടവകയിൽ നിന്ന്, പ്രത്യേക കാരണങ്ങൾ ഇല്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട ഫാ. മദുവിനെ ഓഗസ്റ്റ് ആറാം തീയതി പോലീസുകാർ സ്വാതന്ത്രനാക്കി. ഗവൺമെന്റിനെതിരെ അദ്ദേഹമെടുത്ത നിലപാടുകളുടെ പേരിൽ ഭയപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതെന്ന്‌ കരുതുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു. വാഴ്ത്തപ്പെട്ട ഇസിദോർ ബാക്കാഞ്ച ഇടവക വികാരിയാണ് അദ്ദേഹം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓഗസ്റ്റ് അഞ്ചാം തീയതി ചാഡിൽ, ഞ്ചമേന അതിരൂപതയിലെ വാഴ്ത്തപ്പെട്ട ഇസിദോർ ബാക്കാഞ്ച ഇടവകയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയ ഫാ. സിമോൺ-പിയർ മദു ബൈഹാനയെ ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ പോലീസ് വിട്ടയച്ചതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാതെയാണ്, വിശുദ്ധ മദർ തെരേസയുടെ പേരിലുള്ള ആരോഗ്യകേന്ദ്രത്തിനുകീഴിൽ ചികിത്സയിലായിരുന്ന ഫാ. മദുവിനെ ഓഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം 6.33-ന് ഇടവകയിൽ അതിക്രമിച്ച് കയറി പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്‌.

ഫാ. മദുവിന്റെ അറസ്റ്റിനെത്തുടർന്ന് ഞ്ചമേന അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഗോത്ബേ എഡ്മണ്ട് ജിത്താംഗർ, നടത്തിയ പ്രസ്‌താവനയിൽ, അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ആരും ഇതുവരെ ബോധിപ്പിച്ചിട്ടില്ലെന്നും, എവിടേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് അറിവില്ലെന്നും പ്രസ്താവിച്ചിരുന്നു. തുടർന്ന് ചാഡ് വിദേശകാര്യമന്ത്രിയും സർക്കാർ വക്താവുമായ അബ്ദെറമാൻ കുലമല, നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഫാ. മദുവിനെ അറസ്റ്റ് ചെയ്തതെന്നും, ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് ഇതിന് കാരണമെന്നും അവകാശപ്പെട്ടിരുന്നു.

സ്വാതന്ത്രനാക്കപ്പെട്ട ഫാ. മദു, അറസ്റ്റുമായി ബന്ധപ്പെട്ട് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടിവന്നെങ്കിലും നിലവിൽ സുഖമായിരിക്കുന്നെന്നും, ഓഗസ്റ്റ് ആറാം തീയതി ഉച്ചകഴിഞ്ഞ് അദ്ദേഹത്തെ കാത്തിരുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ തിരികെ ഇടവകയിലെത്തിയ അദ്ദേഹം അവിടെ വിശുദ്ധബലി അർപ്പിച്ചുവെന്നും പ്രാദേശികസഭാവൃത്തങ്ങൾ അറിയിച്ചു.

ഫാ. മദു അറസ്റ്റ് ചെയ്യപ്പെട്ട രീതിയും, പ്രോസിക്യൂട്ടർ അദ്ദേഹത്തിനതിരെയുള്ള ആരോപണങ്ങൾ വെളിവാക്കാതിരുന്നതും, ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ വിട്ടയച്ചതും, സർക്കാരിനെതിരെ അദ്ദേഹമെടുത്ത നിലപാടുകളുടെ പേരിൽ അദ്ദേഹത്തെ ഭീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് വ്യക്തമാണെന്ന് ഫീദെസ് വാർത്താ ഏജൻസി, വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉറവിടങ്ങളെ ആധാരമാക്കി വ്യക്‌തമാക്കി.

ഞ്ചമേന അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഗോത്ബേ എഡ്മണ്ട് ജിത്താംഗറുടെ പ്രസ്താവനയും, കത്തോലിക്കാ അല്മായരുടെ വൻ പ്രതിഷേധവും, ഫാ. മദുവിന്റെ സ്വാതന്ത്ര്യത്തിന് പിന്നിലുണ്ടാകാമെന്നും ഫീദെസ് എഴുതി. ഞ്ചമേന അതിരൂപതാദ്ധ്യക്ഷന്റെ പരസ്യപ്രസ്താവനയ്ക്ക് ശേഷവും, ഫാ. മദുവിനെതിരെയുള്ള കുറ്റാരോപണം സംബന്ധിച്ച രേഖകൾ പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2024, 16:29