നിണസാക്ഷികളുടെ രക്തം സമാധാന ദാനം സംലഭ്യമാക്കട്ടെ, കർദ്ദിനാൾ ഫ്രിദൊളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എവിടെ ആയിരുന്നാലും അവിടെ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകുന്നവനാണ് ക്രൈസ്തവനെന്ന് കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ കിൻഷാസ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രിദൊളിൻ അംബോൺഗൊ ബെസുംഗു.
വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ, ജൊവാന്നി ദിദൊണേ, പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, വിത്തോറിയൊ ഫാച്ചിൻ കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ (എന്നീ രക്തസാക്ഷികളെ ആഗസ്റ്റ് 18-ന് (18/08/24) ഞായറാഴ്ച കോംഗൊയിലെ ഉവീറയിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കർമ്മത്തിൽ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാർമ്മികത്വം വഹിച്ച അദ്ദേഹം തദ്ദവസരത്തിൽ സുവിശേഷ സന്ദേശം നല്കുകയായിരുന്നു.
പീഢനങ്ങളും പ്രലോഭനങ്ങളും ഉണ്ടായാലും യഥാർത്ഥ ക്രൈസ്തവൻ ചെറുത്തു നില്ക്കുകയും ജീവൻ ബലികൊടുത്തുപോലും വിശ്വാസത്തിൽ ഉറച്ചു നില്ക്കുകയും ചെയ്യുമെന്നും ഇപ്രകാരം സാക്ഷ്യം നല്കുന്നവരാണ് നിണസാക്ഷികളെന്നും കർദ്ദിനാൾ ഫ്രിദൊളിൻ വിശദീകരിച്ചു.
രക്തസാക്ഷികൾ ആകാശത്തു നിന്നു പൊട്ടിവീഴുന്നവരല്ലെന്നും അവർ അതിമാനുഷരല്ലെന്നും നമ്മെപ്പോലെ സാധാരണക്കാരാണെന്നും എന്നാൽ തങ്ങളുടെ വിശ്വാസം അസാധാരണമാം വിധം ജീവിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരം, ആധിപത്യം, സമ്പത്തിൻറെ സായുധ നിയന്ത്രണം എന്നിവയ്ക്കുള്ള ഭോഷത്തപരമായ ആസക്തി വെടിയാനും ചർച്ചയ്ക്കും സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനും മുൻഗണന നൽകാനും ശത്രുതയും അക്രമങ്ങളും അവസാനിപ്പിക്കാനും കർദ്ദിനാൾ ഫ്രിദൊളിൻ കോംഗൊയിലെ സംഘർഷാവസ്ഥയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മൾ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തം ചിന്തിയ അനുഗ്രഹീത രക്തസാക്ഷികളെ ആദരിക്കുകയായിരിക്കും ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: