തിരയുക

കാരിത്താസ് സംഘടന പ്രവർത്തനത്തിൽ കാരിത്താസ് സംഘടന പ്രവർത്തനത്തിൽ  

ഗാസാ മുനമ്പിൽ സഹായവുമായി കാരിത്താസ് സംഘടന

കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള സംഘടനയായ കാരിത്താസ്, ഗാസാ മേഖലയിൽ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി മെഡിക്കൽ സംഘത്തെ രൂപീകരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാനുഷികസഹായങ്ങൾ നൽകുവാനുള്ള സാഹചര്യങ്ങൾ അസാധ്യമായ ഗാസാ മേഖലയിൽ, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യങ്ങൾ  കണക്കിലെടുത്ത്, കാരിത്താസ് സംഘടന വാക്സിൻ വിതരണത്തിനു വിവിധ സംഘങ്ങൾ രൂപീകരിക്കുന്നു, ഏകദേശം പതിനാലോളം സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് വേഗത്തിൽ കാര്യങ്ങൾ പൂർത്തീകരിക്കത്തക്കവണ്ണം സജ്ജീകരണങ്ങൾ ചെയ്യുന്നത്. 2023 ഒക്ടോബർ മാസം ഏഴാംതീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങൾ കൊല്ലപ്പെട്ടുവെങ്കിലും, സഹായങ്ങൾ, ഏറെ ദുരിതങ്ങൾ സഹിച്ചും ആളുകളിലേക്ക് എത്തിക്കുന്നതിൽ സംഘടന ഒരിക്കലും പിന്മാറിയിരുന്നില്ല.

പോളിയോ ബാധയ്ക്ക് എതിരെയുള്ള വാക്സിൻ വിതരണമാണ് ആദ്യം നടത്തുന്നതെന്നും, ഇതിനായി സന്നദ്ധപ്രവർത്തകർക്ക് വിദഗ്ധർ പരിശീലനം നൽകിവരികയാണെന്നും കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇതിനോടകം മേഖലയിൽ ലഭ്യമാക്കിയ വാക്സിനുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിതരണം ചെയ്തു തുടങ്ങും. നിലവിൽ കാരിത്താസ് സംഘടനയ്ക്ക് ഒൻപതു ചികിത്സാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും, വിവിധ സുരക്ഷാകാരണങ്ങളാൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ല. ഗാസ നഗരത്തിലെ തിരുക്കുടുംബ ദേവാലയം ചികിത്സാകേന്ദ്രങ്ങളിൽ ഒന്നാണ്. ദേർ അൽ ബലാഹിലെ പുതിയ യുദ്ധഭീഷണികൾ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങൾക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നു.

നാളിതുവരെ കാരിത്താസ് സംഘടനയുടെ നിസ്വാർത്ഥമായ സേവനങ്ങളുടെ ഭാഗമായി ഏകദേശം ഇരുപത്തിയെട്ടായിരത്തിലധികം ആളുകൾക്കാണ് സഹായങ്ങൾ ലഭിച്ചത്. അതിൽ 12000 ലധികം ആളുകൾക്ക് ചികിത്സാസഹായങ്ങളും നൽകി, അവരെ ജീവിതത്തിലേക്ക് തിരിക്കൊണ്ടുവരുവാനും, സംഘടന അത്യധ്വാനം ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2024, 15:40