പരിശുദ്ധ മറിയം നമുക്കൊരു പ്രവചനം, ഫാ.ഫ്രൻചേസ്കൊ പാത്തൊൺ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ജീവിതത്തിൻറെയും അഖില മാനവരാശിയുടെ ചരിത്രത്തിൻറെയും ആത്യന്തികപൊരുൾ താഴേയ്ക്കു വലിച്ചിഴയ്ക്കാനുള്ളതല്ല, പ്രത്യുത, ദൈവത്തിങ്കലേക്ക് ഉയർത്തിക്കൊണ്ടു പോകാനുള്ളതാണെന്ന് ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട പരിശുദ്ധ മറിയം നമുക്ക് മനസ്സിലാക്കിത്തരുന്നുവെന്ന് വിശുദ്ധ നാടിൻറെ സംരക്ഷണച്ചുമതലയുള്ള വൈദികൻ ഫ്രൻചേസ്കൊ പാത്തൊൺ പറയുന്നു.
പരിശുദ്ധ മറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ആഗസ്റ്റ് 15-ന് വ്യാഴാഴ്‌ച, ഗത്സേമിനിയിൽ കഠോരവേദനയുടെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ മറിയം അവളുടെ വ്യക്തിത്വത്തിലൂടെയും ജീവിതത്തിലൂടെയും വചസ്സുകളിലൂടെയും നമുക്കൊരു പ്രവചനമാണെന്നും ഭാവി മുൻകൂട്ടികാണുക എന്നതല്ല പ്രവചനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നതെന്നും പറഞ്ഞ വൈദികൻ പാത്തൊൺ ദൈവവചനത്തിൻറെ വെളിച്ചത്തിൽ വർത്തമാനകാലത്തെ വ്യാഖ്യാനിക്കാനുള്ള കഴിവാണ് അതെന്നു വിശദീകരിച്ചു.
തൻറെ പുത്രനെ ദാനമായി നല്കിക്കൊണ്ട് ദൈവം സാക്ഷാത്ക്കരിക്കുന്നതിന് അഭിലഷിക്കുന്ന നവലോകത്തിൻറെ പ്രവചനമാണ് മറിയം എന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച ഫാദർ പാത്തൊൺ, അക്രമത്തിലൂടെ മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്നവർക്കും സ്വന്തം രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും സംസ്കാരവും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നവർക്കും അധികാരം ലഭിക്കാതിരിക്കട്ടെയെന്ന അഭിലാഷം ദൈവതിരുമുമ്പിൽ സമർപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: