സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ക്രിസ്തുവേകുന്ന നിത്യജീവൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗലീലിക്കടലിന്റെ മറുകരയിൽ വച്ച് അത്ഭുതകരമായി അപ്പം വർദ്ധിപ്പിക്കുകയും ആയിരക്കണക്കിന് പേർക്ക് തൃപ്തിയാകുവോളം അത് നൽകുകയും ചെയ്‌ത ക്രിസ്‌തുവിന്റെ ചുറ്റും ജനം കൂടുന്നതും, അവർ അവനെ അനുഗമിക്കുന്നതും വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നുണ്ട്. ജനം യേശുവിന്റെ ചുറ്റും കൂടുന്നത് ചിലർക്കെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്ന് നാം സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുണ്ട്. മാത്രവുമല്ല, യേശുവിന്റെ ചുറ്റും കൂടിയ ആളുകളിൽ ഒരുപാട് പേരും അവന്റെ കൂടെ സഞ്ചരിച്ചതിന് കാരണം, ഈ ഭൂമിയിൽ അവൻ ചെയ്‌ത അത്ഭുതങ്ങൾ കണ്ടതുകൊണ്ടും, അവനിൽനിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചുമാണ് എന്നതാണ് സത്യം. ഇന്നത്തെക്കാലത്തും ക്രിസ്തുവിലുള്ള വിശ്വാസമെന്നത് പലർക്കും ഈ ഭൂമിയിലെ അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും നേട്ടങ്ങൾക്കും അനുഗ്രഹങ്ങൾക്കും വേണ്ടിയുള്ള നെട്ടോട്ടമാണ് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
യേശു നിനക്ക് ആരാണ്
യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം നാൽപത്തൊന്ന് മുതൽ അൻപത്തൊന്ന് വരെയുള്ള തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോൾ മൂന്ന് ചിന്തകൾ നമുക്ക് മുന്നിൽ ഉയരുന്നുണ്ട്. ഇതിൽ ഒന്നാമത്തേത്, യേശു സത്യത്തിൽ ആരാണ്, അവൻ എവിടെനിന്ന് വരുന്നു എന്നുള്ളതാണ്. "സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ്" എന്ന് യേശു പറയുന്നിടത്താണ് ഈ സുവിശേഷഭാഗത്തിലെ ഒരു പ്രധാന ചിന്ത ഉയരുന്നത്. ചില യഹൂദർക്ക് ഇത് സംശയത്തിന് കാരണമാകുന്നു. ജോസഫിന്റെയും മറിയത്തിന്റെയും മകനായ യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൽ അവർക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് അവൻ പറയുന്നിടത്താണ് അവർക്ക് പ്രശ്‌നം. യേശു ആരാണ് എന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമേ ആകുന്നില്ല. അവർക്ക് വേണ്ടത് റോമൻ മേധാവിത്വത്തിൽനിന്നുള്ള മോചനം സാധ്യമാക്കുന്ന ഒരു നേതാവിനെയോ, ഒരു രാജാവിനെയോ ഒക്കെയാണ്. യഹൂദപ്രമാണിമാരെ സംബന്ധിച്ചിടത്തോളം, ഒരു മന്ത്രവാദിയെപ്പോലെയോ, ആളുകളെ വിനോദിപ്പിക്കുന്ന ഒരാളെപ്പോലെയോ, ചില അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു മനുഷ്യനെപ്പോലെയോ ഒക്കെ യേശുവിനെ കാണുന്നതിന് അവർക്ക് ബുദ്ധിമുട്ടില്ല. എന്നാൽ, ദൈവത്തെ അവൻ പിതാവേ എന്ന് വിളിക്കുന്നിടത്ത്, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് അവകാശപ്പെടുന്നിടത്ത്, യഹൂദപ്രമാണിമാരുടെയും റബ്ബിമാരുടേയുമൊക്കെ ഉദ്ബോധനങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്നിടത്ത് അവൻ പലർക്കും സ്വീകാര്യനല്ലാതായി മാറുന്നു. യേശുവിനെ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന അവനെ ഇല്ലാതാക്കാൻ അവർ പരിശ്രമിക്കുന്നു. ഇവിടെ നമുക്ക് സ്വയം ചോദിക്കാനുള്ള ചോദ്യം ഇതാണ്: എനിക്ക് യേശു ആരാണ്? അത്ഭുതങ്ങളും അടയാളങ്ങളും അനുഗ്രഹങ്ങളും തേടിയാണോ അവനെ ഞാൻ പിഞ്ചെല്ലുന്നത്? അതോ പിതാവിലേക്ക് എന്നെ നയിക്കുന്ന, രക്ഷയും നിത്യജീവനും എനിക്കേകുന്ന എന്റെ ദൈവമാണോ അവൻ? സാധാരണക്കാരും, പാവപ്പെട്ടവരും, വിജാതീയരും പോലും യേശുവിൽ തിരിച്ചറിയുന്ന ദൈവപുത്രനെ, സ്നേഹിക്കാനും സ്വീകരിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ?
പിതാവും പുത്രനുമായുള്ള ബന്ധം
ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലാതെ ക്രിസ്തുവിനെ പിൻചെല്ലാനാകില്ല എന്ന ഒരു സത്യമാണ് നാൽപ്പത്തിനാലുമുതലുള്ള വാക്യങ്ങളിൽ നാം കാണുക (യോഹ. 6, 44-)). തിരുവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നവർക്കെ മനുഷ്യരുടെ രക്ഷയ്ക്കായി അയക്കപ്പെട്ട സുവിശേഷമാകുന്ന ക്രിസ്‌തുവിനെ മനസ്സിലാക്കാനും സ്വീകരിക്കാനും സാധിക്കൂ എന്ന ഒരു ചിന്ത ഇവിടെ ഉയർന്നുവരുന്നുണ്ട്. പിതാവിനാൽ ആകർഷിക്കപ്പെടുകയും, അവനിൽനിന്ന് പഠിക്കുകയും ചെയ്യുക എന്നതിന്റെ പ്രാധാന്യം യേശു എടുത്തുപറയുന്നതും ഇതുകൊണ്ടാണ്. തിരുവചനം അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതെയും, വചനത്തെ തങ്ങളുടെ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിച്ചും, മതത്തെ തങ്ങളുടെ സ്വകാര്യനേട്ടങ്ങൾക്കും സുഖജീവിതത്തിനുമായി ഉപയോഗിച്ചിരുന്ന മനുഷ്യരുടെ മുന്നിൽ, യേശു പറയുന്നുണ്ട്, ഞാനാണ് വഴി, ഞാനാണ് സത്യം, ഞാനാണ് ജീവൻ (യോഹ. 14, 6-7). പിതാവും ഞാനും ഒന്നാകുന്നു (യോഹ. 10, 38). ചരിത്രത്തിൽനിന്നോ കാലത്തിൽനിന്നോ അടർത്തിയെടുത്ത്, മറ്റേതെങ്കിലും നേതാക്കന്മാരെപ്പോലെയോ, സാമൂഹ്യപ്രവർത്തകരെപ്പോലെയോ, ദൈവങ്ങളെപ്പോലെയോ യേശുവിനെ അവതരിപ്പിക്കുന്നിടത്ത് മനുഷ്യർ വിഡ്ഢികളാകുന്നതും ഇതേ കാരണത്താലാണ്. പരിശുദ്ധ ത്രിത്വത്തിൽ ഒരുവനായ ക്രിസ്തുവിനെ പിതാവിൽനിന്നും പരിശുദ്ധാത്മാവിൽനിന്നും അടർത്തിമാറ്റി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നിടത്ത് നാം പരാജയപ്പെടുന്നു. പിതാവയച്ച സുവിശേഷവും, ഏകരക്ഷകനുമായ ക്രിസ്‌തുവിനെ അംഗീകരിക്കാതെ നിത്യരക്ഷ നേടാനായി പരിശ്രമിക്കുന്നതിലെ തെറ്റും ഈ തിരുവചനം നമുക്ക് മുന്നിൽ വ്യക്തമാക്കുന്നു. പിതാവായ ദൈവത്തെ അംഗീകരിക്കാതെ ക്രൈസ്തവവിശ്വാസത്തിൽ തുടരാനാകാത്തതും ഇതുകൊണ്ടുതന്നെയാണ്. ഇവിടെ നമുക്ക് മുന്നിലുള്ള ചോദ്യം ഇതാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വയ്കദൈവത്തെ അറിയാൻ, ശരിയായ ബോധ്യങ്ങൾ നേടാൻ നാം പരിശ്രമിച്ചിട്ടുണ്ടോ? പഴയനിയമവും പുതിയനിയമവും അടങ്ങുന്ന തിരുവചനം അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ നാം എന്തുമാത്രം ശ്രമിച്ചിട്ടുണ്ട്? പിതാവായ ദൈവമയച്ച ഏകരക്ഷകനാണ് ക്രിസ്‌തുവെന്ന വലിയ സത്യം ഉൾക്കൊള്ളാനും സ്വീകരിക്കാനും നാം എത്രമാത്രം ശ്രമിക്കുന്നുണ്ട്?
ജീവന്റെ അപ്പമായ ക്രിസ്തു
ഇന്നത്തെ സുവിശേഷഭാഗം നമുക്ക് മുന്നിൽ വയ്ക്കുന്ന മൂന്നാമത്തെ ഒരു ചിന്ത, നിത്യജീവൻ പ്രദാനം ചെയ്യുന്ന സ്വർഗ്ഗീയ മന്നയാണ് ക്രിസ്‌തു എന്നതാണ്. ക്രിസ്തു ആരാണ്, അവൻ എവിടെനിന്ന് എന്തുകൊണ്ട് വരുന്നു എന്ന നമ്മുടെ ആദ്യത്തെ ചോദ്യങ്ങളുമായും ബന്ധപ്പെട്ട ഒരു ചിന്തയാണിത്. അത്ഭുതകരമായി വർദ്ധിപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചതിന്റെ പേരിൽ തന്റെ പിന്നാലെ കൂടിയ മനുഷ്യരോടുൾപ്പെടെയാണ് യേശു പറയുക, "ഞാൻ ജീവന്റെ അപ്പമാണ്" (യോഹ. 6, 48). യഹൂദപാരമ്പര്യമുള്ളവർക്കും, പഴയനിയമഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ള ഏവർക്കും മനസ്സിലാകുന്ന ഒരു കാര്യം കൂടി അവൻ എടുത്തുപറയുന്നു: "നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗ്ഗത്തിൽനിന്നിറങ്ങിയ അപ്പമാണ്, ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല" (യോഹ. 6, 49-50). മരുഭൂമിയിൽ വിശന്നുവലഞ്ഞ ജനത്തിന്റെ വിലാപത്തിന് മുന്നിൽ അലിഞ്ഞ്, ദൈവം നൽകിയ അപ്പമാണ് മന്ന. വിശന്നുമരിക്കാതെ ജീവിതത്തിൽ തുടരാൻ കരുത്തേകിയ അപ്പം. എന്നാൽ ഇവിടെ ആ അപ്പത്തിനേക്കാൾ ഏറെ മൂല്യമുള്ള, നിത്യജീവന്റെ അപ്പമാണ് താനെന്ന്, ആത്മാവിന്റെ വിശപ്പിന് ഭക്ഷണമായി ദൈവം നൽകിയ, സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം താനാണെന്ന് യേശു ജനത്തെ ഉദ്ബോധിപ്പിക്കുന്നു (യോഹ. 6, 51). വിശുദ്ധ കുർബാനയിലേക്ക് നമ്മുടെ ചിന്തകളെ നയിക്കുന്ന ഒരു വചനമാണ് അവൻ പറയുക, "ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്" (യോഹ. 6, 51). ക്രിസ്‌തുവിനുവേണ്ടിയുള്ള വിശപ്പ്, നിത്യജീവനുവേണ്ടിയുള്ള ആത്മാർത്ഥമായ തീക്ഷ്‌ണത നമ്മിൽ എന്തുമാത്രമുണ്ട് എന്ന ഒരു ചോദ്യത്തിലേക്ക് ഈ സുവിശേഷഭാഗം നമ്മെ നയിക്കണം.
ദൈവത്തെ അറിയുകയും ദൈവോന്മുഖരായി ജീവിക്കുകയും ചെയ്യുക
വിശുദ്ധ പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം അഞ്ചാം അദ്ധ്യായം ഒന്നാം വാക്യത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, വത്സലമക്കളെപ്പോലെ ദൈവത്തെ അനുകരിക്കുന്നവരാകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ദൈവത്തെ അനുകരിക്കാൻ ആദ്യം വേണ്ടത്, ദൈവത്തെ യഥാർത്ഥത്തിൽ അറിയാനുള്ള ശ്രമമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആഴമളക്കാനുള്ള ഒരു വിളികൂടിയാണ് തിരുവചനം ഇന്ന് നമുക്ക് മുന്നിൽ വയ്ക്കുന്നത്. എന്റെ വിശ്വാസം എത്രമാത്രം ശക്തമാണ്? എന്റെ അനുദിന ജീവിതത്തിൽ, എന്റെ പ്രശ്‌നങ്ങളിൽ, എന്റെ വിജയങ്ങളിൽ ക്രിസ്തു എന്തുമാത്രം സന്നിഹിതനാണ്? അവനെ ഹൃദയത്തിലും, ചിന്തകളിലും അനുനിമിഷം വഹിച്ചുകൊണ്ട് ജീവിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? ക്രിസ്‌തുവിനോടുള്ള എന്റെ സ്നേഹവും, അവനിലുള്ള എന്റെ വിശ്വാസവും ത്രിത്വയ്ക ദൈവത്തിലേക്ക്, എന്തുമാത്രം എന്നെ നയിക്കുന്നുണ്ട്? ക്രിസ്‌തു അയക്കപ്പെട്ടത് നമ്മുടെ കൂടി രക്ഷ മുന്നിൽക്കണ്ടാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ? വിശ്വാസം നിത്യജീവനെക്കുറിച്ചുള്ള ബോധ്യങ്ങളിൽ നമ്മെ വളർത്തുന്നുണ്ടോ? ക്രിസ്‌തുവിന്റെ ശരീരമാകുന്ന വിശുദ്ധകുർബാന സ്വീകരിക്കാൻ തക്ക വിശുദ്ധിയും നൈർമല്യവും എന്നിലുണ്ടോ? തിരുവചനം നമുക്ക് മുന്നിൽ വയ്ക്കുന്ന ഈ ചിന്തകൾ, നമ്മുടെ വിശ്വാസജീവിതത്തിൽ കൂടുതൽ വളരാനും, ക്രിസ്‌തുവിനോടും, ത്രിത്വയ്ക ദൈവത്തോടും കൂടുതൽ ആഴമേറിയ ബന്ധത്തിൽ തുടരാനും നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: