കസാഖ്സ്ഥാനിൽ കത്തോലിക്കാ സമൂഹം ഉപവിപ്രവർത്തനത്തിൽ മുന്നണിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യേഷ്യൻ രാജ്യമായ കസാഖ്സ്ഥാനിൽ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹം ഉപവിപ്രവർത്തനത്തിലും കലാരംഗത്തും മുൻനിരയിലാണെന്ന് അന്നാട്ടിലെ കരഖണ്ട രൂപതയുടെ സഹായമെത്രാൻ യെവ്ജെനി ത്സിങ്കോവ്സ്ക്കി.
മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള കസാഖ്സ്ഥാനിൽ ചെറിയൊരു സമൂഹം മാത്രമായ കത്തോലിക്കാസഭയുടെ ജീവസുറ്റ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുകയയായിരുന്നു അദ്ദേഹം.
പൊതുവായിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കില്ലെങ്കിലും സഭാസംവിധാനങ്ങൾക്കകത്ത് വിശ്വാസാവിഷ്ക്കാരത്തിനു തങ്ങൾക്കു സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് യെവ്ജനി വെളിപ്പെടുത്തി. യേശുവിനെ എല്ലാവരിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങൾക്ക് അവബോധം ഉണ്ടെന്നും കസാഖ്സ്ഥാനിലെ സമൂഹമാകുന്ന ഉദ്യാനത്തിലെ ഒരു മുകുളം മാത്രമാണ് അന്നാട്ടിലെ കത്തോലിക്കസഭയെന്നും അദ്ദേഹം പറഞ്ഞു.
യേശുവിനെ സകലരിലും എത്തിക്കാൻ തങ്ങൾക്ക് രണ്ടു സവിശേഷ വഴികളുണ്ടെന്നും കരുണാദ്ര സ്നേഹത്തിൻറെ പാതയും സൗന്ദര്യത്തിൻറെ വഴിയുമാണ് അവയെന്നും ബിഷപ്പ് യെവ്ജനി കൂട്ടിച്ചേർത്തു. കൂടുതൽ ഐക്യമുള്ളതും ഉപരിമനോഹരവുമായ ഒരു സമൂഹത്തിൻറെ നിർമ്മിതി ഈ വഴികളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: