യേശു ശിഷ്യരോടൊപ്പം യേശു ശിഷ്യരോടൊപ്പം  

അറിവല്ല, അനുഭവമാണ് ദൈവവവിശ്വാസത്തിൽ നമ്മെ വളർത്തുന്നത്

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയൊന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - യോഹന്നാൻ 6, 60-69
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ദൈവവചനത്തിന്റെ രഹസ്യാത്മകതയും, ആത്മീയശക്തിയും എന്നാൽ അവ ഗ്രഹിക്കുവാൻ തക്കവണ്ണം മനുഷ്യബുദ്ധിയുടെ കഴിവില്ലായ്മയുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശ്വാസജീവിതത്തിൽ ബുദ്ധിയെക്കാളുപരി ഹൃദയത്തിന്റെ തുറന്ന ശ്രവണം ആവശ്യപ്പെടുന്ന വചനഭാഗം. ദൈവീകമായ വെളിപ്പെടുത്തലുകളെല്ലാം നമ്മുടെ മാനുഷികശക്തികൊണ്ട് മനസിലാക്കാം എന്ന് വിചാരിക്കുന്നവർ ജീവിതത്തിൽ സത്യത്തിൽ നിന്നും ഓടിയകലുന്ന സ്ഥിതിവിശേഷവും കർത്താവ് ഇന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നാൽ ഈ സുവിശേഷസന്ദേശത്തിലേക്ക് നമുക്ക് പ്രവേശിക്കണമെങ്കിൽ, നമ്മെ സഹായിക്കുന്ന ആദ്യവായനകളെ കൂടി ധ്യാനവിഷയമാക്കണം. 

തൻ്റെ പിൻഗാമിയായി മോശ തിരഞ്ഞെടുത്ത നേതാവായ ജോഷ്വയുടെ പുസ്തകത്തിൽ നിന്നാണ് ആദ്യ വായന എടുത്തിരിക്കുന്നത്. ജോഷ്വയുടെ പുസ്തകത്തിന് ചരിത്രപരമായ മൂല്യം കുറവാണെന്നും വിവരിച്ച സംഭവങ്ങൾ പിൽക്കാല ചരിത്ര സംഭവങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണെന്നുമൊക്കെയുള്ള കാര്യങ്ങൾ ബൈബിൾ പണ്ഡിതന്മാർ പറയുന്നുണ്ടെങ്കിലും, ഒരു കാര്യം വളരെ വ്യക്തമാണ്: മോശയുടെ മരണശേഷം ജോഷ്വ ഭരമേറ്റ ഉത്തരവാദിത്വം ഏറെ ഭാരിച്ചതായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത കാണാൻ ദേശത്തേക്ക് ഇസ്രായേൽ ജനതയെ കൂട്ടിക്കൊണ്ടു പോകുന്നതിനു കേവലം മാനുഷികമായ ഭരണപാടവമോ, അധികാരമോ, ആജ്ഞാശക്തിയോ, ശരീരബലമോ മതിയാവുകയില്ലായിരുന്നു.

ജോഷ്വ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ദൈവത്തിങ്കലേക്കു തിരിയുവാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്  ഉന്നതത്തിൽ നിന്നുള്ള ശക്തി സ്വീകരിച്ചുകൊണ്ടാണ്. തൻ്റെ ജീവിതാവസാനത്തിൽ, പ്രദേശങ്ങൾ കൈവശപ്പെടുത്താൻ എല്ലാവരും പിരിഞ്ഞുപോകുന്നതിനുമുമ്പ്, ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ട് ദേശവും,  സന്തതികളും വാഗ്ദാനം ചെയ്ത അതേ സ്ഥലത്ത്, ജോഷ്വ,  ഷെക്കെമിൽ ഒരു വലിയ സമ്മേളനം വിളിച്ചുകൂട്ടുന്നു. ഒരു പക്ഷെ ഇത്ര ധൈര്യത്തോടെ ഇസ്രായേൽ ജനതയെ ഒരുമിച്ചുകൂട്ടുവാൻ ജോഷ്വയെ സഹായിച്ചത്, മോശയുടെ അനുഭവമാണ് ആയിരുന്നിരിക്കും.

ജോഷ്വയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ഒരു പക്ഷെ, സുവിശേഷത്തിലേക്കുള്ള വാതിലെന്നോ, താക്കോലെന്നോ നമുക്ക് ഈ ഒന്നാം വായനയെ വിശേഷിപ്പിക്കാവുന്നതാണ്. പ്രവാചധീരതയോടെ ജോഷ്വ ചോദിക്കുന്നു: “ആരെയാണ് നിങ്ങൾ സേവിക്കുവാൻ ആഗ്രഹിക്കുന്നത്?”. യാതൊരു വളച്ചുകെട്ടും ഇല്ലാതെ, ദൈവത്തിങ്കലേക്കു നടന്നടുക്കുവാൻ, അവനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ജോഷ്വ നൽകുന്നു. ദൈവത്തെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവന്റെ കല്പനകൾക്കനുസരണം ജീവിക്കണം. ഇന്നത്തെ കാലഘട്ടത്തിൽ ദൈവത്തെ കുറിച്ചും, അവന്റെ കല്പനകളെക്കുറിച്ചും, ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുവാൻ ഭയപ്പെടുകയും, മടികാണിക്കുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ ഉടലെടുക്കാറുണ്ട്. ആരെയും വിഷമിപ്പിക്കാതിരിക്കുവാൻ സത്യത്തെ മറച്ചുവയ്ക്കുകയും, ദൈവത്തെ ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തിൽ ഇന്നത്തെ വായനകൾ നമ്മെ ക്ഷണിക്കുന്നത് ഭയം കൂടാതെ ദൈവത്തെ കുറിച്ച് സംസാരിക്കുവാനും, ആളുകളുടെ കൊഴിഞ്ഞുപോക്കിൽ ഭയപ്പെടാതെ അവർക്കുവേണ്ടി, അവരുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുവാനുമാണ്. "കർത്താവിനെ സേവിക്കുന്നത് നിങ്ങളുടെ ദൃഷ്ടിയിൽ മോശമാണെന്ന് തോന്നുന്നുവെങ്കിൽ, ആരെ സേവിക്കണമെന്ന് ഇന്ന് നിങ്ങൾ സ്വയം തിരഞ്ഞെടുക്കുക", ജോഷ്വയുടെ ഈ വാക്കുകൾ ഇന്നും ഏറെ പ്രസക്തമാണ്.

ഇപ്രകാരം ദൈവത്തെ സേവിക്കുവാൻ നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നമ്മുടെ കുടുംബങ്ങളും, കുടുംബബന്ധങ്ങളും. പരസ്പരസ്നേഹത്തിന്റെ ഭാര്യ ഭർതൃ ബന്ധത്തിലാണ് ദൈവത്തെ നാം സേവിക്കേണ്ടത്. ഭാര്യക്ക് എല്ലാവിധ പിന്തുണയും, പ്രോത്സാഹനവും നൽകി അവളെ സംരക്ഷിക്കുന്ന ഒരു ഭർത്താവിനെയാണ് പൗലോസ് ശ്ലീഹ എടുത്തു കാണിക്കുന്നത്. അതുപോലെ ഭർത്താവിനോട് ചേർന്നുനിന്നുകൊണ്ട് ഏതു കാര്യത്തിലും അവനു തുണയായും ഇണയായും നിൽക്കുന്ന ഭാര്യ. ഈ ബന്ധങ്ങളിലാണ് ദൈവത്തെ സേവിക്കുവാൻ പൗലോസ് നമ്മോട് ആവശ്യപ്പെടുന്നത്. പരസ്പരമുള്ള സമർപ്പണമാണ് ഈ സേവിക്കലിന്റെ ലക്ഷണം.

ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധയും കുറ്റമറ്റതുമാക്കുകയും ചെയ്യുന്നതുപോലെ ഭാര്യാഭർത്താക്കന്മാർ പരസ്പരം പഴിച്ചേരാതെ, ലക്‌ഷ്യം പൂർത്തീകരിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ദൈവീകസാന്നിധ്യം കുടുംബങ്ങളിൽ അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നത്.

സേവനത്തിന്റെ ഈ ദൈവീകത മനസിലാകാതെ വരുമ്പോൾ ഓരോരുത്തരും  സത്യത്തിൽ നിന്നും അകലങ്ങളിലേക്ക് യാത്രയാകുന്നു. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നതും ഇതുതന്നെയാണ്. എല്ലാം നമ്മുടെ കഴിവുകൊണ്ട് മാത്രം നേടാമെന്നു ചിന്തിക്കുന്നതും , ജീവിതമെന്നത് ഭൗതീകത മാത്രമാണെന്ന തെറ്റിധാരണയും നമ്മെ സത്യത്തിൽ നിന്നും തിന്മയുടെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

"ഈ വാക്ക് കഠിനമാണ്! ആർക്കാണ് അത് കേൾക്കാൻ കഴിയുക?". സുവിശേഷത്തിലെ ഈ വചനം നമുക്ക് നമ്മുടെ  മനസാക്ഷി വിമർശനത്തിന് സഹായിക്കുന്നു. പക്ഷെ ഏതായിരുന്നു ആ വാക്ക്? അപ്പം തിന്നു വയറു നിറഞ്ഞപ്പോഴും കഠിനമാകാതിരുന്ന വാക്കുകൾ  എപ്പോഴാണ് കൂടിയിരുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയത്? ആ വചനം ഇതായിരുന്നു: “സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം താനാണെന്നുള്ള”  യേശുവിന്റെ വെളിപ്പടുത്തൽ. വിശ്വാസത്തിൻ്റെ മഹത്തായ രഹസ്യം ഗ്രഹിക്കാതെ ഒരു പക്ഷെ ഭക്ഷിച്ച വസ്തുക്കളുടെ രുചി നാവിൽ ഉണ്ടായിരുന്നതുകൊണ്ടാവാം യേശുവിന്റെ വചനങ്ങൾ അസംബന്ധമായി ശിഷ്യർക്ക് തോന്നിയത്.

വയറിനെ തൃപ്തിപ്പെടുത്തുന്ന അപ്പം, ഇന്നും ഏറെ ആവശ്യമാണെന്ന് യേശുവിന്റെ അത്ഭുതം നമുക്ക് കാണിച്ചുതരുന്നു.  പക്ഷെ ഉദരം മാത്രല്ല ആത്മാവിനും പോഷണം നൽകുന്നതാണ് ക്രിസ്തീയ ജീവിതമെന്ന് യേശു പഠിപ്പിക്കുന്നു. ഇതിനു  അവൻ നമുക്ക് നൽകുന്ന ഭക്ഷണം അവന്റെ ശരീരവും രക്തവുമാണ്. വിശുദ്ധ കുർബാനയിൽ നാം പങ്കെടുക്കുമ്പോഴും നമ്മുടെ ഇന്ദ്രിയങ്ങൾക്ക് എല്ലാം മനസിലാകണമെന്നില്ല, മറിച്ച് വിശ്വാസത്തോടെ അവന്റെ ശരീരവും, രക്തവും ഉൾക്കൊള്ളുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം നാം അനുഭവിക്കുന്നു.

ദൈവത്തിൽ നിന്നും അകന്നുപോകാതിരിക്കണമെങ്കിൽ, ദൈവത്തെ ജീവിതത്തിന്റെ നിമിഷങ്ങളിൽ നാം അനുഭവിക്കണം. പത്രോസ് ചോദിക്കുന്ന ചോദ്യം ഏറെ പ്രസക്തമാണ്: "കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവൻ്റെ വചസുകൾ നിന്റെ പക്കൽ  ഉണ്ട്, അങ്ങ് ദൈവത്തിൻ്റെ പരിശുദ്ധനാണെന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു." അനുഭവമാണ് ദൈവവിശ്വാസത്തിൽ നമ്മെ ചേർത്തുനിർത്തുന്നത്. അറിവല്ല, അനുഭവമാണ് , വിശ്വാസത്തിൽ ഏറ്റവും പ്രധാനം. ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ നാം ഭയപ്പെടേണ്ടതില്ല. ഒരു പക്ഷെ രക്തസാക്ഷികളായ ആളുകളുടെ ധീരത നമ്മുടെ ജീവിതത്തിലും ഉൾക്കൊള്ളുവാൻ ഉന്നതമായ ഒരു ശക്തി കൂടിയേ തീരൂ.

പക്ഷെ യേശു നമുക്ക് നൽകുന്ന ഒരു സ്വാതന്ത്ര്യവും, ദൈവ വിശ്വാസത്തിൽ പ്രധാന ഘടകമാണ്. നമ്മുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു ദൈവമല്ല നമുക്കുള്ളത്. പക്ഷെ നാം അകന്നു പോയാലും നമ്മുടെ വരവ് കാത്തിരിക്കുന്ന  ഒരു ദൈവമാണ് നമുക്കുള്ളത്. അതുകൊണ്ടാണ് യേശു ചോദിക്കുന്നത്: "നിങ്ങളും പോകുവാൻ ആഗ്രഹിക്കുന്നുവോ എന്ന്?"  ആദ്യ വായനയും ഈ ആശയം

ഊന്നിപ്പറയുന്നു: കർത്താവിനെ സേവിക്കുന്നത് നിങ്ങളുടെ ദൃഷ്ടിയിൽ മോശമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ആരെ സേവിക്കണമെന്ന് ഇന്ന് തിരഞ്ഞെടുക്കുക. ഈ വചനം നമുക്ക് നൽകുന്ന വലിയ ഒരു വിളി തിരഞ്ഞെടുപ്പിന്റേതാണ്. പക്ഷെ ഇത് ഒരിക്കൽ മാത്രമായുള്ള തിരഞ്ഞെടുപ്പല്ല, മറിച്ച് ജീവിതത്തിന്റെ ഓരോ  നിമിഷവും നാം തിരഞ്ഞെടുപ്പുകൾ നടത്തണം.

സ്നേഹം നിറഞ്ഞവരെ, ഇപ്രകാരം ധൈര്യപൂർവം ദൈവത്തെ പ്രഘോഷിക്കുവാനും, അവനോട് ചേർന്നുനിന്നുകൊണ്ട്  മറ്റുള്ളവർക്ക് അവന്റെ അനുഭവം പങ്കുവയ്ക്കുവാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2024, 09:07