നിക്കരാഗ്വ: മാത്തഗാൽപ രൂപതയിലെ സെമിനാരി റെക്ടർ അറസ്റ്റിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാത്തഗാൽപ രൂപതയിലുള്ള സെമിനാരിയുടെ റെക്ടർ ഫാ. ഹാർവിൻ തോറെസിനെ നിക്കരാഗ്വയിലെ സർക്കാർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓഗസ്റ്റ് അഞ്ചാം തീയതി തിങ്കളാഴ്ച മാത്തഗാൽപ രൂപത സെമിനാരി റെക്ടറും ഗ്വാദലൂപ്പെ മാതാവിന്റെ പേരിലുള്ള ഇടവകയുടെ വികാരിയുമായ ഫാ. തോറെസിനെ അധികാരികൾ പിടിച്ചുകൊണ്ടുപോയതായി ഇടവകജനം സ്വകാര്യമാധ്യമങ്ങളെ അറിയിച്ചു.
ഗ്വാദലൂപ്പെ ഇടവകയിൽ സേവനമനുഷ്‌ഠിച്ചുവന്നിരുന്ന ലെസ്ബിയ റായോ ബാൽമചേദ എന്ന ഒരു അജപാലനസേവകയേയും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഫാ. ഹാർവിൻ തോറെസിന്റെ അറസ്റ്റോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം നിക്കരാഗ്വയിൽ അറസ്റ്റ് ചെയ്യപ്പെട്ട വൈദികരുടെ എണ്ണം പതിമൂന്നായി. ഇവരിൽ ഭൂരിഭാഗം പേരും മാത്തഗാൽപ രൂപതയിൽനിന്നുള്ളവരാണ്.
രൂപതാമെത്രാൻ അഭിവന്ദ്യ റോളാന്തോ ആൽവാരെസിനെ ജനുവരി പതിനാലിന് നിക്കരാഗ്വ രാജ്യത്തിന് പുറത്താക്കിയിരുന്നു. 2023 മാർച്ചിൽ, നിക്കരാഗ്വയിലുള്ള നയതന്ത്രകേന്ദ്രം അടച്ചുപൂട്ടാൻ നിക്കരാഗ്വൻ റിപ്പബ്ലിക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പൂർണ്ണമായ നയതന്ത്രബന്ധം വിഛേദിനത്തിലേക്ക് എത്താൻ നിക്കരാഗ്വ ആവശ്യപ്പെട്ടിരുന്നില്ല.
രാജ്യത്ത് മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സംഘടനകൾ ഫാ. തോറെസിന്റെ അറസ്റ്റ് സംബന്ധിച്ച് നൽകിയ വിവരങ്ങൾ, "ല പ്രെൻസ" എന്ന പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: