നിക്കരാഗ്വയിൽ വൈദികരെ തടങ്കലിലാക്കുന്ന നടപടി നിർബ്ബാധം തുടരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന ദനിയേൽ ഒർത്തേഗയുടെ ഭരണകൂടം ഏതാനം വൈദികരെകൂടി അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ പത്താം തീയതി (10/08/24) ശനിയാഴ്ച അന്നാട്ടിലെ എസ്തെലീ രൂപതയിൽപ്പെട്ട “ഹെസൂസ് ദെ കരിദാദ്” ഇടവക വികാരിയായ വൈദികൻ ലെയോണെൽ ബൽമസേദ, പതിനൊന്നാം തീയതി ഞായറാഴ്ച മത്തഗാൽപ രൂപതയുടെ കത്തീദ്രൽ വികാരിയായ വൈദികൻ ഡെന്നീസ് മർത്തീനെസ് എന്നീവരെയാണ് പൊലീസ് അകാരണമായി അറസ്റ്റുചെയ്തത്. കൂടാതെ മത്തഗാൽപ രൂപതയിലെ അജപാലന പ്രവർത്തകയായ കാർമെൻ സയേൻസും ശനിയാഴ്ച അറസ്റ്റുചെയ്യപ്പെട്ടിരുന്നു.
അന്നാട്ടിൽ അറസ്റ്റു ചെയ്തു നാടുകടത്തിയ 7 വൈദികർ ഇക്കഴിഞ്ഞ ഏഴാം തീയതി റോമിലെത്തിയതിനു പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. അന്നാടിൻറെ ഭരണകൂടം കത്തോലിക്കാസഭയെ വേട്ടയാടുന്നതു തുടരുകയാണ്. കൂടുതൽ അറസ്റ്റുകൾ നടക്കുന്നത് മത്തഗാൽപരൂപതയിലാണ്.
മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ നിക്കരാഗ്വയുടെ ഭരണകൂടം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം ആവശ്യപ്പെട്ടിരുന്നു. അറസ്റ്റുചെയ്യപ്പെട്ട 7 വൈദികർ നാടുകടത്തപ്പെട്ടുവെങ്കിലും റോമിലെത്തിയ അവർ സ്വതന്ത്രരായതിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച “എക്സ” സന്ദേശത്തിലൂടെയാണ് ഈ കാര്യാലയം ഈ ആവശ്യം ഉന്നയിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: