നിക്കരാഗ്വ രണ്ടു വൈദികരെ കൂടി നാടുകടത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കെതിരെ നീങ്ങുന്ന സർക്കാർ രണ്ടു വൈദികരെകൂടി നാടുകടത്തി.
എസ്തെലീ രൂപതാവൈദികനായ ലെയൊണേൽ ബൽമസേദ മത്തഗാൽപ രൂപതാവൈദികനായ ഡെനീസ് മർത്തീനെസ് എന്നിവരാണ് നാടുകടത്തപ്പെട്ടത്. ഇക്കഴിഞ്ഞ പത്താം തീയതി ഫാദർ ബൽമസേദയും അതിനടുത്ത ദിവസം അതായത്, പതിനൊന്നാം തീയതി മർത്തീനെസും അറസ്റ്റു ചെയ്യപ്പെട്ടിരിന്നെങ്കിലും പിന്നീടാണ് ഇരുവരെയും നാടുകടത്തിയത്. ഇവരെ റോമിലേക്കാണ് അയച്ചിരിക്കുന്നത്. ഇതിനു മുമ്പ്, അതായ്ത്, ആഗസ്റ്റ് ഏഴാം തീയിതി ഏഴു വൈദികരെ നിക്കരാഗ്വയുടെ ഭരണകൂടം റോമിലേക്കു നാടുകടത്തിയിരുന്നു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മത്തഗാൽപയിൽ അറസ്റ്റുചെയ്യപ്പെട്ട ഇടവകവികാരി ഡാന്നി ഗർസീയ എന്ന വൈദികനെ പൊലീസ് വിട്ടയച്ചതായും അദ്ദേഹം നിക്കരാഗ്വ വിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.
2018 മുതലിങ്ങോട്ട് മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരുമുൾപ്പടെ 245 പേർ നാടുകടത്തപ്പെട്ടതായി കരുതപ്പെടുന്നു. ഇവരിൽ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് വ്വാദിമിൽ സൊമ്മെർത്താഗും മൂന്നു മെത്രാന്മാരും 136 വൈദികരും 3 ശെമ്മാശ്ശന്മാരും 11 വൈദികാർത്ഥികളും 91 സന്ന്യാസിസന്ന്യാസിനികളും ഉൾപ്പെടുന്നു. മത്തഗാൽപ രൂപതയുടെ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവരെസ്, മെത്രാൻ സിൽവിയൊ ബയേസ്, 14 വൈദികർ എന്നിവരുൾപ്പടെ 19 പേരെ രാജ്യദ്രോഹികൾ എന്ന മുദ്രകുത്തുകയും അവരുടെ പൗരത്വം സർക്കാർ എടുത്തുകളയുകയും ചെയ്തതായും പറയപ്പെടുന്നു.
മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ നിക്കരാഗ്വയുടെ ഭരണകൂടം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: