അന്ത്യോക്യയിലെ കത്തോലിക്കാ പാത്രിയാർകീസ് ഇഗ്‌നാസിയോ യൂസഫ് യൂനാൻ മൂന്നാമൻ അന്ത്യോക്യയിലെ കത്തോലിക്കാ പാത്രിയാർകീസ് ഇഗ്‌നാസിയോ യൂസഫ് യൂനാൻ മൂന്നാമൻ  

പൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നു: അന്ത്യോക്യൻ കത്തോലിക്കാ പാത്രിയാർകീസ്

റിമിനിയിൽ നടക്കുന്ന ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാസമ്മേളനത്തിനു ആശംസകൾ അർപ്പിച്ചുകൊണ്ട് നാസറത്ത് സമൂഹത്തിനു അന്ത്യോക്യയിലെ കത്തോലിക്കാ പാത്രിയാർകീസ് ഇഗ്‌നാസിയോ യൂസഫ് യൂനാൻ മൂന്നാമൻ സന്ദേശം കൈമാറി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസഹോദരങ്ങൾക്കുവേണ്ടിയും, ലോക സമാധാനത്തിനുവേണ്ടിയും  പ്രാർത്ഥിക്കുവാൻ, ഇറ്റലിയിലെ റിമിനിയിൽ, നാസറത്ത് സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥനാസമ്മേളനത്തിനു അന്ത്യോക്യയിലെ കത്തോലിക്കാ പാത്രിയാർകീസ് ഇഗ്‌നാസിയോ യൂസഫ് യൂനാൻ മൂന്നാമൻ സന്ദേശം കൈമാറി. സന്ദേശത്തിൽ മതമമർദ്ദനം  ഇന്നും നേരിടുന്ന മധ്യപൂർവേഷ്യയിലേ സ്ഥിതിഗതികൾ പാത്രിയാർകീസ് എടുത്തു പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി നാസറത്ത് സമൂഹം നടത്തുന്ന പ്രാർത്ഥനാസമ്മേളനത്തിനു അദ്ദേഹം നന്ദിയർപ്പിച്ചു. അവർക്കു നൽകുന്ന സാഹോദര്യകൂട്ടായ്മ. ക്രൂശിക്കപ്പെട്ട ക്രിസ്തുശിഷ്യരുടെ മാതൃകാപരമായ സാക്ഷ്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തെപ്രതി രക്തസാക്ഷിത്വം വഹിക്കുന്ന സഹോദരങ്ങളോട് സമൂഹം കാണിക്കുന്ന അടുപ്പത്തിനും, ഐക്യദാർഢ്യത്തിനും, അന്ത്യോക്യൻ സഭയുടെ നാമത്തിലുള്ള നന്ദിയും പാത്രിയാർക്കീസ് അറിയിച്ചു.

2014 ആഗസ്റ്റ് മാസം 6, 7 തീയതികളിൽ ഐ എസ് തീവ്രവാദികളുടെ കടന്നുകയറ്റം മൂലം തൂത്തെറിയപെട്ട നിനെവേയിലെ ക്രൈസ്തവസമൂഹത്തെയും പാത്രിയാർകീസ് ഓർമ്മിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം ക്രിസ്ത്യാനികളെ കുടിയിറക്കുകയും, നിരവധി ദേവാലയങ്ങൾ  നശിപ്പിക്കുകയും,  ആളുകൾക്ക് ജീവഹാനി വരുത്തുകയും ചെയ്ത തീവ്രവാദികളുടെ ഹീനപ്രവൃത്തികളുടെ കയ്പുനിറഞ്ഞ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി നടത്തുന്ന പ്രാർത്ഥനാസമ്മേളനം അർത്ഥപൂർണ്ണമാണെന്നും പാത്രിയാർക്കീസ് പറഞ്ഞു. ആദ്യകാല ക്രിസ്തുമതത്തിന്റെ  അവകാശികൾ സമീപ പൗരസ്ത്യദേശത്ത് വളരെയധികം ചുരുങ്ങിയത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, യേശുവിന്റെ രൂപാന്തരീകരണ തിരുനാൾ വിശ്വാസത്തിലും പ്രത്യാശയിലും ഉറച്ചുനിൽക്കാൻ നമ്മെ വിളിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2024, 13:07