തിരയുക

കുടിയേറ്റക്കാരായ സഹോദരങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പാ (ലാംബെദൂസ, ഇറ്റലി ) കുടിയേറ്റക്കാരായ സഹോദരങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പാ (ലാംബെദൂസ, ഇറ്റലി ) 

മാറ്റിനിർത്താതെ ചേർത്തുനിർത്തുന്നതാണ് ക്രൈസ്തവസാഹോദര്യം

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം അഞ്ചാം ഭാഗം.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"എല്ലാവരും സഹോദരീ സഹോദരന്മാരാണ്", വാക്കുകൾ കൊണ്ട് ഏറെ പ്രസംഗങ്ങൾക്കും, ചർച്ചകൾക്കും വിഷയീഭവിച്ച ചിന്തയെ, ജീവിതത്തിന്റെ പ്രാവർത്തിക തലത്തിൽ കൊണ്ടുവരുവാനുള്ള ഒരു ക്ഷണമാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി. സമൂഹത്തിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ ഈ ചാക്രികലേഖനം തുടർന്ന് ലോകമെമ്പാടും സൃഷ്ടിച്ച വലിയ മാറ്റം എടുത്തുപറയേണ്ടതാണ്. സാഹോദര്യത്തിന്റെ പുതിയ ആഹ്വാനങ്ങൾ ചെറിയ സമൂഹങ്ങളിൽ മുഴങ്ങിക്കേൾക്കുവാൻ തുടങ്ങിയെങ്കിലും, ദൗർഭാഗ്യകരമെന്നു പറയട്ടെ, പലപ്പോഴും ആഹ്വാനങ്ങൾ വാക്കുകളിൽ വിശ്വസ്തത പുലർത്തിക്കൊണ്ട് ജീവിതത്തിൽ മാതൃകയാക്കുവാൻ പലരും പരിശ്രമിച്ചില്ല. സഹോദരൻ എന്ന് നാവിൽ പറഞ്ഞുകൊണ്ട്, ഹൃദയം കൊണ്ട് അവനെ വെറുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. വാക്കും, പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മയെ, മനഃസാക്ഷിയുടെ ചോദ്യങ്ങൾക്ക് പോലും വിധേയമാക്കാതെ, മന്ദോഷ്ണതയിൽ ജീവിതം നയിക്കുന്ന ആളുകൾ ഏറെ ഉള്ളയിടത്താണ്, ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനത്തിന്റെ പ്രസക്‌തി.

ഉപദേശപരമെന്നതിനേക്കാൾ, ഈ ചാക്രികലേഖനം, ഉദ്ദേശിക്കുന്നത് നല്ല നാളെയെ കെട്ടിപ്പടുക്കുക എന്നതാണ്.  വ്യവസ്ഥാപിതമായ ഒരു നിർദേശവും ഈ ലേഖനം നൽകുന്നില്ല മറിച്ച്, പാവപ്പെട്ടവരുടെ നിലവിളി കേട്ടുകൊണ്ട്, അവർക്കു വേണ്ടി സംസാരിക്കുന്ന ഒന്നാണ് ഫ്രത്തെല്ലി തൂത്തി. വ്യത്യസ്ത സംസ്കാരങ്ങളെ ചേർത്തുനിർത്തുവാൻ ഫ്രാൻസിസ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന ഒരേയൊരു മാർഗം സാഹോദര്യത്തിന്റേതാണ്. മറ്റുള്ളവർ എന്നെക്കാളും തികച്ചും വിഭിന്നരാണെങ്കിലും, അവരുടെ കുറവുകളോടെയും, നിറവുകളോടെയും ചേർത്തുനിർത്തുവാനുള്ള ഒരു ആത്മീയക്ഷണമാണ് ഈ ചാക്രികലേഖനം.

നമ്മുടെ കാലത്തെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ഇത്. മാനവികതയുടെ പ്രശ്നങ്ങളെയും ദുരന്തങ്ങളെയും കുറിച്ചുള്ള സംഭാഷണത്തിനുള്ള ഒരു നിർദ്ദേശമാണ് ഈ ലേഖനം മുൻപോട്ടു വയ്ക്കുന്നത്. മറ്റുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനോ അവഗണിക്കുന്നതിനോ ഉള്ള വ്യത്യസ്ത വഴികൾ അഭിമുഖീകരിക്കുമ്പോൾ, നമുക്ക് സാഹോദര്യത്തിൻ്റെയും സാമൂഹിക സൗഹൃദത്തിൻ്റെയും ഒരു പുതിയ സ്വപ്നവുമായിസഹകരിക്കുവാൻ സാധിക്കണമെന്നും, ഇപ്രകാരം പ്രതികരണശേഷിയുള്ള ഒരു സമൂഹമായി ഈ ലോകം  മുഴുവൻ ഉയിർത്തെഴുന്നേൽക്കണമെന്നും ഈ ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നു.

കത്തോലിക്കാ സഭയുടെ ആത്മീയ നേതാവെന്ന നിലയിൽ, പാപ്പാ വിശ്വാസികൾക്കു നൽകുന്ന ഈ പ്രബോധനങ്ങൾ, ക്രൈസ്തവർക്കെന്ന പോലെ മറ്റുള്ളവർക്കും സ്വീകാര്യമാണെന്നതും, ഈ ലേഖനാശയങ്ങളുടെ പ്രത്യേകതയാണ്. സാഹോദര്യത്തെ എടുത്തു പറഞ്ഞുകൊണ്ട്, കുടിയേറ്റക്കാരോട് നാം സ്വീകരിക്കേണ്ടുന്ന സമീപനത്തെ പാപ്പാ തന്റെ ലേഖനത്തിൽ എടുത്തു കാണിക്കുന്നുണ്ട്. മറ്റുള്ളവരെ സഹോദരങ്ങളായി കാണേണ്ടത്, അവർക്ക് നാം നൽകുന്ന ഔദാര്യമല്ല, മറിച്ച് അവരോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഇപ്പോഴും ലോകത്തിന്റെ വിവിധ കോണുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്. മഹത്തായ സാംസ്കാരികവും മതപരവുമായ പൈതൃകത്തിൻ്റെ സഹായത്തോടെ, മനുഷ്യ വ്യക്തിയുടെ കേന്ദ്രീകൃതയെ പ്രതിരോധിക്കാനും അതിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ധാർമ്മികമായ കടമയെയും പാപ്പാ ലേഖനത്തിൽ അടിവരയിട്ടു പറയുന്നു.

കുടിയേറ്റക്കാരുടെ കാര്യത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: " ആരെയും മാറ്റിനിർത്തരുത്. അവർ എവിടെയാണ് ജനിച്ചതെന്ന് പരിഗണിക്കാതെ, അവരെ ചേർത്തുനിർത്തുകയും, അവസരങ്ങൾ നൽകിക്കൊണ്ട് ജീവിതത്തിന് വെളിച്ചം നൽകുകയും വേണം.” ഒരു പക്ഷെ മറ്റുള്ളവർക്ക് വേണ്ടി ഏറെ സംസാരിക്കുന്ന ഒരു പാപ്പായെന്ന നിലയിൽ, ഏറെ കുറ്റപ്പെടുത്തലുകൾക്ക് വിധേയനായിട്ടുണ്ടെങ്കിലും, കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുവാനും, പ്രവർത്തിക്കുവാനും ഒരിക്കലും പാപ്പാ പിന്നോട്ട് പോയിട്ടില്ല.

സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നീതിയുക്തമായ രീതിയിൽ വാദിക്കുന്നവർ, കുടിയേറ്റക്കാരുടെ മനുഷ്യത്വപരമായ അവകാശങ്ങൾക്കുവേണ്ടിയും വാദിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിഗതമായ താത്പര്യങ്ങളോ, വൻകിട വിപണികളോ, ജനങ്ങളുടെ അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും, അന്തസ്സിനും മുകളിൽ നടത്തുന്ന ചൂഷണങ്ങൾ ഒഴിവാക്കുകയും, പരിസ്ഥിതി എല്ലാവർക്കും സ്വന്തമാണെന്നുള്ള, ഒരു കൂട്ടായ്‍മയുടെ ജീവിതം കെട്ടിപ്പടുക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.

നിർബന്ധിത കുടിയേറ്റം എന്നാൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല, മറിച്ച് ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം മൗലീകമെന്നും, അതിനു സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും പാപ്പാ അടിവരയിട്ടുപറയുന്നു. വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനു കുടിയേറ്റത്തിനായുള്ള ആഗോള നിയമനിർമ്മാണത്തിനും, പൗരാവകാശ സംരക്ഷണത്തിനും ലേഖനം ആവശ്യം ഉന്നയിക്കുന്നു. ഇപ്രകാരം ഇന്നത്തെ സമൂഹത്തിൽ, പ്രത്യേകമായും, ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളിലൂടെയും, അസ്വാരസ്യങ്ങളിലൂടെയും കടന്നു പോകുന്ന ഒരു അവസരത്തിൽ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രിക ലേഖനം മുൻപോട്ടു വയ്ക്കുന്ന നിരവധി ജീവിത പ്രമാണങ്ങൾ വളരെ പ്രധാന്യം അർഹിക്കുന്നു.

ഇപ്രകാരം അപരനിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുകൊണ്ടു അവന്റെ ജീവിതത്തിന്റെ ഭാഗമാകുവാനുള്ള നമ്മുടെ ക്രിസ്തീയവും, സാമൂഹികവുമായ വിളിയെയാണ് നാലാം അദ്ധ്യായം പ്രതിപാദിക്കുന്നത്.

നാലാം അദ്ധ്യായം

ലോകം മുഴുവനിലേക്കും തുറന്നിരിക്കുന്ന ഹൃദയം

ഒരുപക്ഷെ ഈ അധ്യായത്തിന്റെ ശീർഷകം പോലും നമ്മുടെ ചിന്തകളെ ഏറെ സ്വാധീനിച്ചേക്കാം. 'തുറന്ന ഹൃദയം' എന്നത്  ക്രൈസ്തവ പാരമ്പര്യത്തിന്റെ ഒരു ഭാഗം തന്നെയാണ്. ക്രിസ്തു തന്റെ ഇഹലോക വാസകാലത്ത് നിരവധി തവണ ഓർമ്മിപ്പിക്കുന്ന വചനമാണ് ദൈവത്തെയും, മറ്റുളവരെയും  ശ്രവിക്കുവാൻ തക്കവണ്ണം തുറന്ന മനസ്സിനുടമകളാകുക എന്നത്. ഈ മഹത്തരമായ ആഹ്വാനം മനുഷ്യകുലത്തിനു നൽകുവാൻ അവൻ തിരഞ്ഞെടുത്തത് കുരിശിന്റെ വഴിയായിരുന്നു. കുരിശിൽ കിടക്കുന്ന യേശുവിന്റെ വക്ഷസിലേക്ക് പടയാളികളിൽ ഒരുവൻ കുന്തം കൊണ്ട് കുത്തിയപ്പോൾ, യേശു ദാനമായി നൽകിയത് തുറന്ന ഹൃദയത്തിൽ നിന്നും ജീവന്റെ, കരുണയുടെ , അത്ഭുതത്തിന്റെ, ക്ഷമയുടെ, സമാധാനത്തിന്റെ, പ്രത്യാശയുടെ, വിശ്വസ്തതയുടെ കണികകളായിരുന്നു. പരിധികളോ, അതിരുകളോ നിശ്ചയിക്കാത്ത സ്നേഹത്തിന്റെ നീർച്ചാലുകൾ. ഈ ഒരു ശീർഷകം, ഒരിക്കൽ കൂടി യേശുവിന്റെ തുറന്ന ഹൃദയത്തിലേക്ക് നോക്കുവാനും, അവനിൽ  നിന്നും ശക്തി സ്വീകരിക്കുവാനും നമ്മെ ക്ഷണിക്കുന്നു.

നമ്മിൽ നിന്നും പുറത്തുകടക്കുക  

ശരിയാണ് മറ്റൊരുവനിലേക്ക് നടന്നടുക്കണമെങ്കിൽ, അവന്റെ ജീവിതത്തിന്റെ ഭാഗമാകണമെങ്കിൽ നാം നമ്മുടെ അഹന്തയുടെയും, വ്യക്തിമാഹാത്മ്യസിദ്ധാന്തങ്ങളുടേയുമൊക്കെ ചങ്ങലകളിൽ നിന്നും പുറത്തേക്ക് കടന്നുവരേണ്ടതുണ്ട്. അതിനാൽ മനുഷ്യർ തമ്മിലുള്ള കൂടിക്കാഴ്ച സൃഷ്ടിക്കുന്ന ഊഷ്മളത, കുടിയേറ്റമെന്ന, ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർഥ്യത്തിനും കൈവരണമെന്ന് പാപ്പാ ഈ അധ്യായത്തിൽ എടുത്തു പറയുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ, സ്വന്തം ഇഷ്ടങ്ങളും, താത്പര്യങ്ങളും മാറ്റിവച്ചുകൊണ്ട് ജീവൻ പണയപ്പെടുത്തിയും മറ്റു ദേശങ്ങളിലേക്ക് കുടിയേറുന്ന സഹോദരങ്ങളുടെ നിലവിളി, 'പാവപ്പെട്ടവന്റെ നിലവിളിയായിട്ടാണ്' പാപ്പാ എടുത്തു പറയുന്നത്. കുടിയേറ്റക്കാരായ സഹോദരങ്ങൾ എന്ന് പറയുമ്പോൾ പാപ്പായുടെ ലേഖനത്തിൽ, യാതൊരു തരംതിരിവുകളോ, തിരിച്ചുവ്യത്യാസങ്ങളോ പ്രകടമാകുന്നില്ല. ഇതാണ് ലോകം മുഴുവനിലേക്കും തുറന്നിരിക്കുന്ന ഹൃദയം എന്ന ആശയം സ്പഷ്ടമാക്കുന്നത്. അതുപോലെ തന്നെ ലോകം മുഴുവനിലും ഇപ്രകാരം ചെറുതും വലുതുമായ ആഭ്യന്തരവും, അന്തർദേശീയവുമായ കുടിയേറ്റം നടക്കുന്നു എന്ന യാഥാർഥ്യവും വെളിപ്പെടുത്തുന്നു.

പാവപ്പെട്ടവന്റെ നിലവിളികളിലേക്ക് കാതോർക്കുക

ഈ നിലവിളികളിലേക്കാണ് നമ്മുടെ ഹൃദയം നാം തുറക്കേണ്ടത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ റോമിലെ തോർ വെർഗാത്ത എന്ന സ്ഥലത്തു, മഹാജൂബിലി വർഷമായ രണ്ടായിരത്തിൽ നടന്ന ആഗോള യുവജനസംഗമ വേദിയിൽ, യുവജനങ്ങളോട് തന്റെ വിറയാർന്ന ശബ്ദത്തിൽ ആവശ്യപ്പെട്ടതും ഇത് തന്നെയാണ്, " യുവജനങ്ങളായ നിങ്ങൾ ഭയം കൂടാതെ നിങ്ങളുടെ ഹൃദയം തുറക്കണം." ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തിൽ മുൻകാലത്തെ പാപ്പാമാരോട് ചേർന്ന് നിന്നുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം  പറയുന്നത് , " മറ്റുള്ളവരിലേക്ക് നമ്മുടെ ഹൃദയം തുറക്കണം" എന്ന്.

പങ്കുവയ്ക്കലിന്റെ ജീവിതശൈലി

അഭയാർത്ഥികളായി കടന്നുവരുന്നവരെ  സ്വീകരിക്കുവാനും, സംരക്ഷിക്കുവാനും ഫ്രാൻസിസ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന ആശയം പങ്കുവയ്ക്കലിന്റേതാണ്. എല്ലാവരും രക്ഷപെടണമെന്ന നിസ്വാർത്ഥമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. എല്ലാം കൂട്ടിവയ്ക്കുന്നതും, ഒറ്റയ്ക്ക് അനുഭവിക്കുന്നതുമായ ഒരു സമൂഹ വീക്ഷണം മാറ്റിവച്ചുകൊണ്ട്, എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിച്ചുകൊണ്ട് മുൻപോട്ടു പോകുവാൻ പാപ്പാ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന ഒരു ജീവിത രീതി അവലംബിക്കുന്നില്ലെങ്കിൽ  എല്ലാവരുടെയും ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. അതിനാൽ സാമ്പത്തികത്തിന്റെ പേരിലുള്ള അന്യതാമനോഭാവം മാറ്റിവച്ചുകൊണ്ട്, സാമ്പത്തികമായി ദുർബലരായ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശനവും, തീരുമാനങ്ങളിൽ പ്രാതിനിധ്യവും പാപ്പാ ആവശ്യപ്പെടുന്നു.

പരസ്പരാശ്രിതമായ സാമൂഹിക സൗഹൃദം

ഈ അധ്യായത്തിൽ പാപ്പാ പറയുന്ന മറ്റൊരു പ്രധാന ആശയമാണ്: പരസ്പരാശ്രിതമായ സാമൂഹിക സൗഹൃദം. ഗാർഹികമായ നിസാരതയിൽ നിന്നും സാർവത്രികമായ സാഹോദര്യത്തിലേക്ക് നയിക്കുന്നതിന് ഈ സാമൂഹികസൗഹൃദം അനുവദിക്കുന്നു. അതിനാൽ വിശാലമായ ഒരു ലോകത്തിലേക്ക് മനുഷ്യർ എല്ലാവരും ഒരുമിച്ചുനടക്കുന്ന ഒരു നല്ല ഭാവിയിലേക്കാണ് ഈ ചാക്രികലേഖനം നമ്മെ ക്ഷണിക്കുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഭാരതീയ കാഴ്ചപ്പാടിനെ പാപ്പാ ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കുണ്ട്. വ്യത്യസ്തങ്ങളായ സംഭാവനകൾ കൂട്ടിച്ചേർത്തുകൊണ്ട് വിലമതിക്കാനാവാത്ത ഒരു സമൂഹ സമ്പത്ത് ഉരുവാക്കണമെങ്കിൽ അന്യോന്യമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കണമെന്ന് പാപ്പാ പറയുന്നു.

ജീവന്റെ സംസ്കാരത്തിന്റെ വക്താക്കളാകുക

മരീചികയെന്നോണം ജീവിക്കുന്നവരോട് വിശാലമായ ലോകത്തിലേക്ക് ഇറങ്ങിവന്നു കൊണ്ട് സൗന്ദര്യം ആസ്വദിക്കുവാനുള്ള ക്ഷണമാണ് പാപ്പാ നൽകുന്നത്. ഇതാണ് ജീവന്റെ സംസ്കാരം എന്ന് വിശേഷിപ്പിക്കാവുന്നത്. മറ്റുള്ളവരുടെ, വ്യത്യസ്തരായവരുടെ വീക്ഷണകോണിൽ നിന്ന് സ്വയം വീക്ഷിക്കുന്നതിലൂടെ, സ്വന്തം വ്യക്തിത്വത്തിന്റെയും,  സംസ്കാരത്തിൻ്റെയും പ്രത്യേകതകൾ നന്നായി തിരിച്ചറിയാൻ കഴിയും. പൊതുനന്മയ്ക്കുവേണ്ടിയുള്ള ഒരു പൊതുപദ്ധതി പിറവിയെടുക്കുന്നത് ഇത്തരത്തിലുള്ള വീക്ഷണങ്ങളിൽ നിന്നും, പരസ്പര സഹകരണങ്ങളിൽനിന്നുമാണെന്നും ഫ്രത്തെല്ലി തൂത്തി ചാക്രികലേഖനത്തിന്റെ  ഈ നാലാം അധ്യായത്തിൽ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2024, 12:26