രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക സഹോദരസേവനമാണ്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
2013 മാർച്ചു മാസം പതിമൂന്നാം തീയതി, ഫ്രാൻസിസ് പാപ്പാ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പിൻഗാമിയായി, തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ, വത്തിക്കാൻ ചത്വരത്തിൽ കൂടിയിരുന്ന പതിനായിരക്കണക്കിനു വിശ്വാസികളുടെ മുൻപിൽ ശിരസു നമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, "നമുക്ക് പരസ്പരം എപ്പോഴും പ്രാർത്ഥിക്കാം. മഹത്തായ ഒരു സാഹോദര്യം സൃഷ്ടിക്കപ്പെടുവാൻ നമുക്ക് ലോകത്തിനു മുഴുവനും വേണ്ടി പ്രാർത്ഥിക്കാം." പത്രോസിനടുത്ത തന്റെ അജപാലന ശുശ്രൂഷ ഫ്രാൻസിസ് പാപ്പാ ആരംഭിച്ചതുതന്നെ സാഹോദര്യത്തിനുവേണ്ടിയുള്ള ആഹ്വാനവുമായിട്ടാണ്. ദൃഢനിശ്ചയത്തോടെയായിരുന്നു തുടർന്നുള്ള തന്റെ പ്രവർത്തനങ്ങൾ സാഹോദര്യരൂപീകരണത്തിനു ഉതകുംവിധം അദ്ദേഹം ക്രമീകരിച്ചത്.
സാഹോദര്യത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം
ഒരു മെത്രാനും, അജഗണവും തമ്മിലുള്ള സഹോദര്യബന്ധത്തിന്റെ ഊഷ്മളതയാണ് അന്ന് വത്തിക്കാൻ ചത്വരത്തിൽ സാക്ഷ്യപ്പെടുത്തിയതെങ്കിൽ, ഈ സാഹോദര്യം ജീവിതത്തിന്റെ സമസ്തമേഖലകളിലും പുലരുന്നതിനുള്ള ആഹ്വാനമാണ് തുടർന്ന് ഫ്രാൻസിസ് പാപ്പാ നൽകുന്നത്. 2013 ജൂലൈ മാസം എട്ടാം തീയതി, റോം രൂപതയ്ക്ക് പുറത്തേക്കുള്ള തന്റെ ആദ്യ സന്ദർശനം നടത്തിയത്, ലാംബെദൂസ ദ്വീപിലേക്കായിരുന്നു. അഭയാർഥികളായി, സ്വന്തം നാടും വീടും ഉപേക്ഷിച്ചു കുടിയേറുവാൻ വിധിക്കപെട്ട ആളുകളോടൊപ്പം തന്റെ നീണ്ടമണിക്കൂറുകൾ ഫ്രാൻസിസ് പാപ്പാ ചിലവിട്ടപ്പോൾ, സാഹോദര്യത്തിന്റെ ഒരു വസന്തമാണ് മനുഷ്യഹൃദയങ്ങളിൽ വിടർന്നത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്കുള്ള യാത്രയും, തുടർന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു നടത്തിയ പ്രാർത്ഥനയും, വിശുദ്ധ ബലിയർപ്പണവുമെല്ലാം ആ ചെറിയ ദ്വീപിനെ സംബന്ധിച്ചിടത്തോളം സാഹോദര്യത്തിലേക്കുള്ള കവാടം തുറക്കുന്നതായിരുന്നു. വിലാപത്തിന്റെയും, കഷ്ടതകളുടെയും സ്വരം ശ്രവിക്കുവാനും, സഹായത്തിന്റെ കരം നീട്ടുവാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം മനുഷ്യമനഃസാക്ഷിയെ സാഹോദര്യത്തിലേക്ക് ക്ഷണിക്കുന്നതായിരുന്നു.
തുടർന്ന് ഫ്രാൻസിസ് പാപ്പായുടെ ചെറുതും വലുതുമായ ഓരോ പ്രവൃത്തികളും ഇപ്രകാരം എളിമയുടെ, ഉൾച്ചേർക്കലിന്റെ സാഹോദര്യ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു. ‘മനുഷ്യചിന്തയുടെ മത’ങ്ങൾക്കുമപ്പുറം, ഏക ദൈവത്തിന്റെ കൂട്ടായ്മയിൽ സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കുവാൻ പാപ്പാ ആഹ്വാനംചെയ്തു . എന്നാൽ ഇത് മതങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല. മറിച്ച്, മതങ്ങളുടെ യഥാർത്ഥ പൂർത്തീകരണം ഉൾക്കൊള്ളുന്നതായിരുന്നു.
സങ്കുചിതമായ പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറം, മതമെന്നാൽ ദൈവസ്നേഹത്തിന്റെ ഊഷ്മളതയാണെന്നു ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചു. പരസ്പരം വൈരികളായി കരുതുന്ന ചിന്താഗതികൾ മതത്തിന്റേതല്ലെന്നും, മറിച്ച് മതത്തിന്റെ പേരിൽ നടത്തുന്ന ധാർഷ്ട്യമാണെന്നും പാപ്പാ പല സന്ദേശങ്ങളിലൂടെ പഠിപ്പിച്ചു. 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വെച്ച് ഫ്രാൻസിസ് പാപ്പായും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യീബും സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ രേഖയിൽ ഒപ്പുവച്ചുകൊണ്ട് സാഹോദര്യത്തിന്റെ വലിയ മാതൃക ലോകത്തിനു കാട്ടിത്തന്നതു സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഫ്രത്തെല്ലി തൂത്തി എന്ന ഈ ചാക്രികലേഖനത്തിന്റെ പശ്ചാത്തലചരിത്രമാണ്.
സാഹോദര്യത്തിന്റെ ഉത്ഭവസ്ഥാനം കുടുംബം
‘ഇവാൻജെലി ഗൗദിയും’, ‘അമോറിസ് ലെറ്റീത്സിയ’ തുടങ്ങിയ ഫ്രാൻസിസ് പാപ്പായുടെ രചനകളും ഫ്രാൻസിസ് പാപ്പായുടെ സാഹോദര്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഒരു പക്ഷെ ഈ ആഹ്വാനങ്ങളുടെയെല്ലാം മൂർത്തീമത് ഭാവമാണ് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം നമുക്ക് നൽകുന്നത്. സാഹോദര്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ എപ്പോഴും മുഴങ്ങിക്കേട്ടിരുന്ന ഒന്നാണ്, യഥാർത്ഥ സാഹോദര്യം ആരംഭിക്കുന്നത് കുടുംബങ്ങളിൽ നിന്നുമാണ് എന്നത്. "സാഹോദര്യത്തെ ലോകത്തിലേക്ക് പരിചയപ്പെടുത്തുന്നത് കുടുംബമാണ്! കുടുംബ വാത്സല്യവും വിദ്യാഭ്യാസവും കൊണ്ട് പരിപോഷിപ്പിക്കപ്പെടുന്ന സാഹോദര്യത്തിൻ്റെ ഈ ആദ്യ അനുഭവത്തിൽ നിന്ന് ആരംഭിച്ച്, സാഹോദര്യത്തിൻ്റെ ശൈലി മുഴുവൻ സമൂഹത്തിലും ഒരു വാഗ്ദാനമായി പ്രസരിക്കുന്നു"(അമോറിസ് ലെറ്റീത്സിയ 194)
സാഹോദര്യ സ്നേഹം വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന സാമൂഹിക ബന്ധങ്ങൾക്ക് വഴി തുറക്കുന്നത് കുടുംബങ്ങളിൽ നിന്നും ലഭിക്കുന്ന വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു. ഇത് പങ്കുവയ്ക്കലിന്റെ അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നു. മറ്റുള്ളവരുമായി ഈ സാഹോദര്യം പങ്കുവയ്ക്കുമ്പോൾ, സ്നേഹം കുറയുകയല്ല, മറിച്ച് വർധിക്കുകയാണ് ചെയ്യുന്നതെന്ന്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിൽ എപ്പോഴും അടിവരയിട്ടു പറയുന്നു. എല്ലാ തടസ്സങ്ങളെയും മറികടക്കാനുള്ള വഴികൾ കണ്ടെത്തുന്നത് സാധ്യമാക്കുന്ന മനോഭാവമാണ് സാഹോദര്യം. ഇക്കാരണത്താൽ, നശിപ്പിക്കാനാവാത്തതും മാറ്റാനാകാത്തതുമായ ഈ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തിയിലൂടെ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
അരക്ഷിതാവസ്ഥയുടെ ലോകത്ത് സാഹോദര്യത്തിന്റെ ആവശ്യകത
നിരവധി യുദ്ധങ്ങളും, സംഘട്ടനങ്ങളും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ അരങ്ങേറുന്ന അരക്ഷിതാവസ്ഥയുടെ ഒരു കാലഘട്ടത്തിലാണ് നാമേവരും ജീവിക്കുന്നത്. രാഷ്ട്രീയക്കാരുടെ വ്യക്തിതാത്പര്യങ്ങൾ യഥാർത്ഥ രാഷ്ട്രീയത്തിന്റെ ഉദാത്തമായ സേവന രംഗത്തെ മറയ്ക്കുന്ന അവസ്ഥാവിശേഷം എങ്ങും ഉടലെടുക്കുന്നു. മനുഷ്യന്റെ ജീവനും, സ്വത്തിനും വിലനൽകേണ്ട ഭരണകൂടങ്ങൾ, സാഹോദര്യത്തിന്റെ പാലങ്ങൾ പണിയേണ്ടതിനു പകരം, പണിയുന്നതോ മതിലുകൾ. ലോകം ഒരു കുടുംബമെന്ന വിശാലമായ ഒരു ചിന്താഗതി വളർത്തേണ്ടതിനു പകരം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ശത്രുതയാണ് ഇന്ന് ഭരണാധികാരികൾ മുന്പോട്ടുവയ്ക്കുന്നത്. ഈ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരെയാണ് ഫ്രാൻസിസ് പാപ്പാ ഫ്രത്തെല്ലി തൂത്തിയുടെ അഞ്ചാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്.
ആധിപത്യസിന്ധാന്തങ്ങളും, പുരോഗമന വാദവും രാഷ്ട്രീയ പ്രവർത്തനങ്ങളെ യാഥാർഥ്യത്തിൽനിന്നും അകറ്റുന്ന ഒരു സാഹചര്യത്തെയാണ് പാപ്പാ ഈ അധ്യായത്തിൽ അടിവരയിട്ടു പറയുന്നത്. പൊതുനന്മയെ ലക്‌ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കേണ്ട രാഷ്ട്രീയം ഇന്ന് മനുഷ്യരിൽ നിന്ന് അകന്നു നിന്നുകൊണ്ട് അവർക്കിടയിൽ വെറുപ്പ് ഉളവാക്കുന്നു. അതിനാൽ ഒരു നയമാറ്റത്തിനാണ് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നത്.
സ്വാർത്ഥചായ്‌വുകളില്ലാത്ത രാഷ്ട്രീയസൗഹൃദം
രാഷ്ട്രീയ മുതലെടുപ്പിനായി ചില ജനവിഭാഗങ്ങളുടെ സ്വാർത്ഥ ചായ്‌വുകൾ വളർത്തിയെടുത്താണ് ഇന്ന് ജനാധിപത്യസിന്ധാന്തങ്ങളിൽ അധികാരികൾ ഭരണമുറപ്പിക്കുന്നത്. ആളുകളുടെ പ്രയത്നത്തിലൂടെയും, സർഗ്ഗാത്മകതയിലൂടെയും അവരുടെ വികസനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ജോലിയിലൂടെ മാന്യമായ ജീവിതം സാധ്യമാക്കുന്നതിനും പകരം ഒരു ചെറിയ വിഭാഗത്തെ മാത്രം വളർത്തുന്നതിന് വെമ്പൽ കൊള്ളുന്ന തിന്മ നിറഞ്ഞ രാഷ്ട്രീയത്തെ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
വ്യക്തിഗത വളർച്ചയ്ക്കും, ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും, സ്വയം പ്രകടിപ്പിക്കുന്നതിനും, കഴിവുകൾ പങ്കിടുന്നതിനും സഹ-ഉത്തരവാദിത്തം അനുഭവിക്കുന്നതിനുമുള്ള സാമൂഹ്യബന്ധത്തെ ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നുവെന്ന് പാപ്പാ മുന്നറിയിപ്പ് നൽകുന്നു. കൂട്ടായ സ്വപ്നം കണ്ടുകൊണ്ട്, എല്ലാവരെയും സഹോദരന്മാരായി ഉൾക്കൊള്ളുവാനുള്ള ഹൃദയ വിശാലതയാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പാപ്പാ നൽകുന്ന ഉപദേശം.
പൊതുനന്മയെ ലക്‌ഷ്യം വയ്ക്കുന്ന രാഷ്ട്രീയ സൗഹൃദം
അതുപോലെ തന്നെ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു തിന്മയാണ്, പൊതു താത്പര്യങ്ങളെ ഗൗനിക്കാതെ സ്വന്തം താൽപ്പര്യത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ. പൊതുനന്മയുടെ ഉന്നമനമായും, സുസ്ഥിരവും സാഹോദര്യവുമായ ഒരു ലോകത്തിൻ്റെ നിർമ്മാണത്തിലെ പങ്കാളിത്തവുമായി മനസ്സിലാക്കപ്പെടുന്ന രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെയും ധനകാര്യത്തെയും നിയന്ത്രിക്കുന്നതിലേക്ക് മടങ്ങണമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. ദരിദ്രർക്കുള്ള സാമൂഹിക നയങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ പുഷ്ടിപ്പെടുത്തിക്കൊണ്ട്, ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പദ്ധതിയിൽ എത്തിച്ചേരാനും രാഷ്ട്രീയത്തെ പാപ്പാ ക്ഷണിക്കുന്നു. ഇപ്രകാരം, ദാരിദ്ര്യം നിർമാർജനം ചെയ്യുവാനും, ജോലി, പാർപ്പിടം എന്നീ അവകാശങ്ങൾ നേടിയെടുക്കുവാനും എല്ലാവർക്കും സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന രാഷ്ട്രീയ സാഹോദര്യം
മറ്റുള്ളവർ ദുരിതത്തിൽ അകപ്പെടാതിരിക്കാൻ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുവാനും, സാഹോദര്യം രൂപപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ജീവകാരുണ്യ പ്രവർത്തനമാണ് രാഷ്ട്രീയ സ്നേഹം. രാഷ്ട്രീയത്തിൻ്റെ ആത്മാവിൻ്റെ ഹൃദയമായ ഈ ജീവകാരുണ്യപ്രവർത്തനം എല്ലായ്‌പ്പോഴും ഏറ്റവും ചെറിയവരോടുള്ള മുൻഗണനാ സ്‌നേഹമാണെന്നും ഫ്രാൻസിസ് പാപ്പാ ഈ അഞ്ചാം അധ്യായത്തിൽ പഠിപ്പിക്കുന്നു. ആധുനിക ലോകത്തിൽ, യഥാർത്ഥ രാഷ്ട്രീയം എന്താണെന്ന് നമ്മെ പഠിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ അരാജകത്വങ്ങളെയും ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നുണ്ട്. ഇവ്വിധങ്ങളായ തിന്മകളെ തുടച്ചുനീക്കുവാനും, ദുർബലരായവരെ ചേർത്തുനിർത്തുവാനുമുള്ള വിളിയാണ് ഓരോ രാഷ്ട്രീയപ്രവർത്തകന്റെയുമെന്നും പാപ്പാ പ്രത്യേകം പറയുന്നു.
ആയുധ കടത്ത്, തീവ്രവാദം, സംഘടിത അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ എന്നിവ നിരുപാധികം ഒഴിവാക്കേണ്ടത്, രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് പാപ്പാ പഠിപ്പിക്കുന്നു. മനുഷ്യക്കടത്ത്, മനുഷ്യാവയവങ്ങളുടെ വ്യാപാരം, ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യൽ, വേശ്യാവൃത്തി, മയക്കുമരുന്ന്, അടിമവേല എന്നിങ്ങനെ സമൂഹം ഇന്ന് ചർച്ച ചെയ്യുവാൻ മടികാണിക്കുന്ന വിഷയങ്ങളെയും പാപ്പാ പ്രതിപാദിക്കുന്നതിന്റെ കാരണം, ഇവയെല്ലാം യഥാർത്ഥ സാഹോദര്യ സ്വാതന്ത്ര്യത്തിനു തടസങ്ങളായി നിൽക്കുന്നു എന്നുള്ളതാണ്.
പ്രത്യാശ വളർത്തേണ്ട രാഷ്ട്രീയ സാഹോദര്യം
ആർദ്രതയോടെ, അതായത് സമീപസ്ഥവും മൂർത്തവുമായ സ്നേഹത്തോടെ തൻ്റെ മനുഷ്യത്വം പ്രകടിപ്പിക്കുന്നവരാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകനെന്നും പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയത്തെ വെറും അധികാരാന്വേഷണം മാത്രമായി കാണുന്നവർക്ക്, സമൂഹനിർമ്മിതിയിൽ പങ്കാളികളാകുവാൻ സാധിക്കുകയില്ല. അതിനു വിതയ്ക്കപ്പെടുന്ന നന്മയുടെ രഹസ്യശക്തിയിൽ പ്രത്യാശ അർപ്പിച്ച്, അതിൻ്റെ ഫലം മറ്റുള്ളവർ കൊയ്യുന്ന പ്രക്രിയകൾ ആരംഭിക്കുവാൻ രാഷ്ട്രീയപ്രവർത്തകർ തയാറാവണമെന്നും, ഉപസംഹാരമായി പാപ്പാ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: