തിരയുക

ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ   (ANSA)

സർഗാത്മകമായ സംവാദം സാഹോദര്യത്തിലേക്കുള്ള മാർഗ്ഗമാണ്

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം ഏഴാം ഭാഗം.
സഭാദർശനം - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്വത്തിക്കാൻ സിറ്റി

ഫ്രത്തെല്ലി തൂത്തി എന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം, വെറും അക്ഷരങ്ങളിൽ ഒതുങ്ങിക്കൂടിയ ചിന്തകളല്ല. മറിച്ച് അത് ജീവിതത്തിനു ദിശാബോധം നൽകുന്ന വഴികാട്ടിയാണ്. യുദ്ധങ്ങളാൽ കലുഷിതമായ വർത്തമാനകാലത്തിൽ, ജനം അന്വേഷിക്കുന്നത് വാക്കുകളാലുള്ള സാന്ത്വനമല്ല, മറിച്ച് അവർക്കാവശ്യം, ജീവിതം കൊണ്ട് അവരുടെ കൂടെ ആയിരിക്കുന്ന വ്യക്തികളെയാണ്. ഈ ചാക്രികലേഖനത്തിന്റെ ഉള്ളടക്കം, വാക്കുകളുടെ സംഗമം അല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള തുറന്ന, ആരോഗ്യപരമായ സംവാദത്തിനു നമ്മെ ക്ഷണിക്കുന്നതാണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും സംവാദത്തിന്റേതായിരുന്നു.

ദൈവവുമായുള്ള സംവാദത്തിനു  വിശുദ്ധൻ പ്രാർത്ഥനയെന്ന പേര് നൽകി. ഈ പ്രാർത്ഥന വഴിയായി ദൈവവുമായി അവൻ ഒരു വ്യക്തിബന്ധം ഊട്ടിയുറപ്പിക്കുകയും, ആ ദൈവീകപ്രതിഫലനം ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവൻ ദർശിക്കുകയും ചെയ്തു. ഈ സംവാദത്തിന്റെ തുടർച്ചയായി അവൻ സ്വന്തം സഹോദരങ്ങളോടും, സകല ജീവജാലങ്ങളോടുപോലും അടുപ്പം പ്രകടിപ്പിച്ചു. അതുകൊണ്ടാണ് അവൻ എല്ലാറ്റിനെയും, സഹോദരൻ എന്ന സംബോധന നൽകി വിളിക്കുന്നത്. സകലതിനെയും സഹോദരനായി കാണുവാൻ ഫ്രാൻസിസിനെ പ്രേരിപ്പിച്ച ഘടകം ഏതാണെന്നു ചോദിച്ചാൽ, സകലത്തിലും അവൻ ദർശിച്ച ദൈവീകത എന്ന് ഒറ്റവാക്കിൽ പറയുവാൻ നമുക്ക് സാധിക്കും. ഇന്നും ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം വഴിയായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നമുക്ക് നൽകുന്ന ആഹ്വാനവും ഇത് തന്നെയാണ്, സകലത്തിലും ദൈവീക സാന്നിധ്യം ദർശിച്ചുകൊണ്ട്, തുറന്ന സംവാദത്തിനു നമ്മെ തന്നെ വിട്ടുകൊടുക്കുക.

ഇപ്രകാരം, നമ്മുടെ അഹത്തിൽ നിന്നും പുറത്തു കടന്നുകൊണ്ട് മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള ഒരു ക്ഷണമാണ് ഈ ചാക്രികലേഖനം നമുക്ക് നൽകുന്നത്. ഒരു പക്ഷെ തുറന്ന സംവാദത്തിനും, സംഭാഷണങ്ങൾക്കും നമ്മെ ക്ഷണിക്കുന്ന ഈ ലേഖനം, പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെങ്കിൽ, വായിച്ച വചനങ്ങൾക്കൊപ്പം, പ്രയത്നങ്ങളും നമ്മിൽ നിന്നും ആവശ്യപ്പെടുന്നു. ഈ സംവാദത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന പ്രധാനപ്പെട്ട  ഒരു കാര്യം, 'നമ്മുടെ കൈയിൽ എന്തുണ്ട്' എന്നുള്ള ചിന്തയല്ല  മറിച്ച്, 'നമുക്ക് ഇല്ലാത്തത് എന്താണെന്നുള്ള' തിരിച്ചറിവും, അത് നേടുവാനുള്ള സാഹോദര്യകൂട്ടായ്‍മയുമാണ്. വിശുദ്ധ ഫ്രാൻസിസിന്റെയും, ഫ്രാൻസിസ് പാപ്പായുടെയും ജീവിതശൈലിയായ ദരിദ്രരോടുള്ള പ്രത്യേക പരിഗണനയും, എളിമയാർന്ന പ്രവൃത്തികളും വെളിപ്പെടുത്തുന്നതും ഇപ്രകാരം സാഹോദര്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

ദൈവം എളിമ തന്നെയാണെന്നുള്ള തിരിച്ചറിവിൽ നിന്നുമാണ്, എളിമയുള്ള ജീവിതത്തിൽ സഹോദരങ്ങളെ ചേർത്ത് നിർത്തുമ്പോൾ അത് ദൈവത്തെത്തന്നെ ചേർത്ത് നിർത്തുന്നതിനു തുല്യമാണെന്ന് പാപ്പാ പഠിപ്പിക്കുന്നത്. താൻ ഗുരുവും, ബാക്കിയുള്ളവർ ശിഷ്യരുമാണെന്ന ചിന്തയല്ല ഫ്രാൻസിസ് പുണ്യവാൻ വച്ചുപുലർത്തിയത്, മറിച്ച്, യേശുവിനെപ്പോലെ ശിഷ്യരുടെ പാദങ്ങൾ കഴുകിക്കൊടുത്തുകൊണ്ട്, എല്ലാവരും ദൈവത്തിന്റെ തുല്യ അവകാശം പേറുന്ന സഹോദരങ്ങൾ ആണെന്നുള്ള തിരിച്ചറിവാണ് ഫ്രാൻസിസിന്റെ ജീവിതത്തിൽ അർത്ഥം നല്കിയ ഘടകം.

ഇപ്രകാരം യേശുവിന്റെ മാതൃക സ്വീകരിക്കുന്ന, പാവങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഒരു സഭയെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിലൂടെ അവതരിപ്പിക്കുന്നതും. പാപ്പാ, ദരിദ്രരായ സഹോദരങ്ങളെ പറ്റി സംസാരിക്കുമ്പോൾ എപ്പോഴും അവരുടെ പ്രത്യേകതകളായി  എടുത്തു പറയുന്നത് ഇതാണ്: 'അമൂർത്തങ്ങളായ ഒരു വിഭാഗമല്ല മറിച്ച്, മുഖങ്ങളും, കഥകളും, പേരുകളുമുള്ള സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗം’. പലപ്പോഴും ഇന്നത്തെ ലോകം ഗൗനിക്കാതെ ഒഴിവാക്കുന്ന ദരിദ്രരായ ആളുകളെ, വിശുദ്ധ ഫ്രാൻസിസ് അസീസിയെപോലെ, സഹോദരങ്ങളായി ചേർത്ത് നിർത്തുകയും, അവരുമായി സംവദിക്കുകയും ചെയ്യുന്ന ഒരു ജീവിത ശൈലിയാണ് പാപ്പാ നമ്മോട് ആവശ്യപ്പെടുന്നത്. സാർവത്രിക സാഹോദര്യത്തിൻ്റെയും സാമൂഹിക സൗഹൃദത്തിൻ്റെയും ആശയങ്ങൾ നമ്മുടെ ചിന്തയെയും പ്രവർത്തനങ്ങളെയും നയിക്കാൻ കഴിയുന്ന ആദർശങ്ങളാണെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. എല്ലാ ആളുകളും ഈ തുറന്ന സ്വഭാവം  ജീവിതത്തിൽ പകർത്തുകയാണെന്നു തീരുമാനിക്കുകയാണെങ്കിൽ, അത് എല്ലാ സാമൂഹിക തലങ്ങളിലും അനന്തരഫലങ്ങളുള്ള വലിയ ശക്തിയുടെ ഒരു യഥാർത്ഥ അനുഭവമായിരിക്കുമെന്നും പാപ്പാ എടുത്തു പറയുന്നു.

തുറന്ന ഒരു ലോകസൃഷ്ടിക്കുവേണ്ടിയുള്ള മൂല്യങ്ങളാണ് ഈ ചാക്രികലേഖനം നമുക്ക് നൽകുന്നത്. അതിൽ ഒരു പ്രധാന മൂല്യമായ സംവാദത്തെക്കുറിച്ചു പരാമർശിക്കുന്ന അധ്യായമാണ് ആറാമത്തേത്. ഓരോ സംസ്കാരത്തെയും ബഹുമാനിച്ചുകൊണ്ടും, അവരുടെ പ്രത്യേകതകളെ തിരിച്ചറിഞ്ഞുകൊണ്ടും, അവന്റെ നന്മകളെ സ്വീകരിക്കുവാനും, നമ്മുടെ ജീവിതത്തിന്റെ നല്ല വശങ്ങളെ അവനു പരിചയപ്പെടുത്തി നൽകുന്നതിനും ഫ്രാൻസിസ് പാപ്പാ ഉപയോഗിക്കുന്ന വാക്കാണ് സംഭാഷണം. സംഭാഷണം  എന്നാൽ വാക്കുകളുടെ സംഗമം അല്ല വിവക്ഷിക്കുന്നത്, മറിച്ച് അത് മനുഷ്യർ തമ്മിലുള്ള കൂട്ടായ്മയുടെയും, സൗഹൃദത്തിന്റെയും ആകെത്തുകയാണ്. ഇപ്രകാരം വ്യത്യസ്തവീക്ഷണങ്ങൾ കൂട്ടായ്‍മയിൽ ഒന്നിക്കുമ്പോൾ, അതിന്റെ മൂല്യവും ഏറെ കൂടുതലാണെന്ന് പാപ്പാ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയുടെയും അന്തസ്സിനെ ബഹുമാനിക്കുന്നതിനും, അത് സ്വീകരിക്കുന്നതിനുമുള്ള ഹൃദയവിശാലതയാണ്, സംഭാഷണത്തിന്റെ അടിസ്ഥാന ഘടകം.

ഒരു ബഹുസ്വര സമൂഹത്തിൽ പരസ്പരമുള്ള കൂട്ടായ്മ വളർത്തുന്നതിനും, മറ്റുള്ളവരെ ബഹുമാനിക്കുന്നതിനും, സമവായത്തിൽ പലകാര്യങ്ങളിലും എത്തിച്ചേരുന്നതിനും നമ്മെ സഹായിക്കുന്ന മൂല്യമാണ് സംഭാഷണം എന്നുള്ളതാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. സമവായത്തിൽ, ഒഴിവാക്കാൻ സാധിക്കുന്നതല്ല മാനുഷിക അന്തസും, മൗലികമായ മാനുഷിക അവകാശങ്ങളുമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. ചിലപ്പോഴെങ്കിലും സമൂഹത്തിൽ ദുർബലരായ ആളുകളുടെ മൗലികമായ അവകാശങ്ങൾക്കും, മാന്യതയ്ക്കും സമവായത്തിന്റെ മറവിൽ ചൂഷണം നൽകുന്ന ഒരു സമൂഹത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

സംവാദമെന്നത് ഇത്തരമൊരു ബഹുമുഖ സംസ്കാരത്തെ പരിപോഷിപ്പിക്കുന്ന  ഒരു ജീവിതശൈലിയായി ഫ്രാൻസിസ് പാപ്പാ അവതരിപ്പിക്കുകയും, അത് ജീവിതത്തിൽ സ്വാംശീകരിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷെ ഈ പല മുഖങ്ങൾക്കിടയിൽ ഐക്യത്തിന്റെ മധുരം മനസ്സിലാകണമെങ്കിൽ, സൂക്ഷ്മമായ വീക്ഷണം ആവശ്യമെന്നു പാപ്പാ ആവശ്യപ്പെടുന്നു. പുറമെ കാണുന്ന മോടികൾക്കും, അഭംഗികൾക്കും അപ്പുറം ചേർത്തുനിർത്തുന്ന ഹൃദയത്തിന്റെ മനോഹാരിതയെയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. ജ്യാമിതിയിലെ ഒരു പോളിഹൈഡ്രോൺ  മാതൃകയാണ് ഈ ഒരു ആശയം പഠിപ്പിക്കുന്നതിന് പാപ്പാ ഉപയോഗിക്കുന്നത്. പല മുഖങ്ങൾ ഒരു പ്രതലത്തിൽ ഒന്നിക്കുന്നതുപോലെ, സമൂഹത്തിൽ ഒന്നിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് പാപ്പാ വിവക്ഷിക്കുന്നത്. ഈ സംവാദം, സർഗാത്മകമായ ഒന്നായിരിക്കണമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. എല്ലാവർക്കും എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കുവാൻ സാധിക്കുമെന്ന, ലളിതവും എന്നാൽ ശക്തവുമായ ആശയമാണ് പാപ്പാ ഈ അധ്യായത്തിൽ മുൻപോട്ടു വയ്ക്കുന്നത്. ആരും ഉപയോഗശൂന്യരല്ല. ഒരു പക്ഷെ വലിച്ചെറിയുന്ന  ഒരു സംസ്കാരം അടയാളപ്പെടുത്തുന്ന കാലഘട്ടത്തിൽ സംസ്കാരങ്ങളുടെ സംഗമവേദിയിൽ ഞാൻ ആരാണെന്നു കണ്ടെത്തുവാനും, എന്നിൽ മറ്റുള്ളവർ ആരാണെന്നു കണ്ടെത്തുവാനുമുള്ള വിളിയാണ് നാം പ്രാവർത്തികമാക്കേണ്ടത്. വ്യത്യസ്തരായിട്ടിരിക്കുമ്പോൾ തന്നെ, മറ്റുള്ളവരോട് എനിക്കുള്ള ഐക്യവും നാം തിരിച്ചറിയണം. ഇതിനെയാണ് സാംസ്കാരിക  ഉടമ്പടിയെന്നു പാപ്പാ വിശേഷിപ്പിക്കുന്നത്. ലോകത്തിൻ്റെ വ്യത്യസ്ത കാഴ്ചപ്പാടുകൾ, സംസ്കാരങ്ങൾ, സമൂഹത്തിൽ നിലനിൽക്കുന്ന ജീവിതരീതികൾ എന്നിവയെ ബഹുമാനിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന വിശാലമായ ഒരു സംസ്കാര സമ്പന്നതയാണ് പാപ്പാ പറയുന്നത്.

പുരോഗതിയെക്കുറിച്ച് വ്യത്യസ്തമായ ആശയമുണ്ടെങ്കിലും, പൊതുനന്മയ്ക്കുവേണ്ടി ചേർന്നുനിൽക്കുവാനുള്ള വിളിയാണ് യഥാർത്ഥ സംവാദമെന്നതുകൊണ്ട് പാപ്പാ അർത്ഥമാക്കുന്നത്.  സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കിയുള്ള സംസ്‌കാരമല്ല അത്. സംസ്കാരങ്ങളോടുള്ള അസഹിഷ്ണുതയും അവഹേളനവും അക്രമത്തിൻ്റെ യഥാർത്ഥ രൂപമാണ്. വിവിധ സംസ്‌കാരങ്ങളിൽ നിന്ന്, പ്രധാനമായും ദരിദ്രരിൽ നിന്ന് പൊതുവായുള്ള നന്മ  നേടിയെടുക്കുന്നില്ലെങ്കിൽ ആധികാരികവും, അഗാധവും, സുസ്ഥിരവുമായ ഒരു മാറ്റവും കൊണ്ടുവരിക സാധ്യമല്ലെന്നും പാപ്പാ പ്രത്യേകം പറയുന്നു.

പ്രോത്സാഹനത്തിൻ്റെയും സാമൂഹിക സമന്വയത്തിൻ്റെയും വഴികൾ വാഗ്ദാനം ചെയ്തുകൊണ്ട് വൈവിധ്യത്തെ മാനിച്ചു ജീവിക്കുന്ന ഒരു ശൈലിയാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്. ഇപ്രകാരം  മറ്റുള്ളവരിലേക്ക് നടന്നടുക്കുവാനും, അവനെ ചേർത്ത് നിർത്തുവാനും, അവന്റെ നൊമ്പരങ്ങൾ മനസിലാക്കുവാനും, പാപ്പാ പറയുന്ന ദൈവീകപുണ്യമാണ്: സ്നേഹം. യഥാർത്ഥമായി മറ്റൊരാളെ തിരിച്ചറിയുക എന്നാൽ, അവനെ സ്നേഹിക്കുക എന്നതാണ്.  സ്നേഹിക്കാതെ ഒരു വ്യക്തിയെയും മനസിലാക്കുവാൻ നമുക്ക് സാധിക്കുകയില്ല.

പ്രചോദനങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഇടയിൽ, മറ്റൊരാൾ ആരാണെന്നു പൂർണ്ണമായി മനസിലാക്കുവാൻ, സ്നേഹം കൂടിയേ തീരൂ. ഈ സ്നേഹമാണ് കരുണയെന്ന മറ്റൊരു ദൈവീക ഭാവം നമ്മുടെ ജീവിതത്തിൽ പുലർത്തുവാൻ നമ്മെ സഹായിക്കുന്നത്. നമ്മുടെ സഹോദരങ്ങൾ പ്രശ്‌നങ്ങളുടെയും അടിയന്തിരങ്ങളുടെയും ഉത്കണ്ഠകളുടെയും ഭാരം വഹിക്കുമ്പോൾ, അതിനോട് സഹതാപപൂർവം സമീപിക്കുന്നതിനും, ആരോഗ്യപരമായ രീതിയിൽ അവയെ ഏറ്റെടുക്കുന്നതിനും സ്നേഹത്താൽ നിറഞ്ഞ കാരുണ്യഭാവമാണ് നമുക്ക് ഏറെ ആവശ്യം.

ഇന്ന് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്ന അവസരത്തിൽ, ഈ ചാക്രികലേഖനം മുൻപോട്ടു വയ്ക്കുന്ന ‘എല്ലാവരും സഹോദരങ്ങൾ’ എന്ന ആശയം ജീവിതത്തിൽ ഉടനീളം പുലർത്തിയ ഒരു വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. തന്റെ മകന്റെ ശിഷ്യന്മാരെ , അവർ വ്യത്യസ്ത ചിന്താഗതിക്കാരായിരുന്നിട്ടും , അവരെ സ്നേഹത്താൽ, കരുണയാൽ, ആർദ്രതയാൽ, മാതൃഹൃദയത്താൽ ചേർത്ത് നിർത്തിയ പരിശുദ്ധ അമ്മ, സംവാദത്തിന്റെ തുറന്ന വേദി ജീവിതത്തിൽ പുലരുവാൻ നമ്മെ സഹായിക്കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 14:42