ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

ചരിത്രസത്യങ്ങൾ, ഭാവിക്ക് വേരുകൾ നൽകുന്നു

2025, കത്തോലിക്കാ തിരുസഭ മഹാജൂബിലി ആഘോഷിക്കുന്ന വേളയിൽ, സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം എട്ടാം ഭാഗം. പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് മഹാജൂബിലി വർഷത്തിന്റെ ആപ്തവാക്യം.
സഭാദർശനം:ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെത്രാന്മാരെ അവരുടെ ശുശ്രൂഷയിൽ സഹായിക്കുന്നതിനും, നയിക്കുന്നതിനും  മുൻനിർത്തി അവരെ അഭിസംബോധന ചെയ്തുകൊണ്ട് രചിക്കുന്ന ലേഖനമാണ് ചാക്രികലേഖനങ്ങൾ അഥവാ എൻസൈക്ളിക്കൽ (encyclical) എന്ന പേരിൽ അറിയപ്പെടുന്നത്. കത്തോലിക്കാ വിശ്വാസം ഏറ്റുപറയുന്നവർക്കും, മറ്റുള്ളവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന വിഷയങ്ങളും പലപ്പോഴും ചാക്രികലേഖനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. പൊതുവായത് അല്ലെങ്കിൽ വലയം ചെയ്യുന്നത് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നുമാണ് (ἐνκύκλιος) എൻസൈക്ളിക്കൽ എന്ന നാമം ഈ ലേഖനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

ഇപ്രകാരം ഫ്രാൻസിസ് പാപ്പായും തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷയിൽ മൂന്നു ചാക്രികലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യത്തേത്, 2013 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി രചിച്ച, ലൂമെൻ ഫിദെയ് (Lumen Fidei), 2015 മെയ് ഇരുപത്തിനാലാം തീയതി രചിച്ച ലൗദാത്തോ സി (Laudato Si), തുടർന്ന് 2020 ഒക്ടോബർ മൂന്നാം തീയതി രചിച്ച ഫ്രത്തെല്ലി തൂത്തി (Fratelli Tutti ) എന്നിവയാണവ. ഈ മൂന്നു ചാക്രികലേഖനങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്, വിവിധ സന്ദർഭങ്ങളും, സാഹചര്യങ്ങളും മുൻനിർത്തിയുള്ളതാണെന്ന് ശീർഷകത്തിന്റെ അർത്ഥം മനസിലാക്കുന്നതിലൂടെ ബോധ്യപ്പെടുന്നതാണ്.

ഈ മൂന്നു ചാക്രികലേഖനങ്ങളിൽ ഏറ്റവും അവസാനത്തെ ഫ്രത്തെല്ലി തൂത്തി എന്ന രേഖയുടെ ഏഴാം അദ്ധ്യായത്തിന്റെ വിചിന്തനങ്ങളാണ് ഇന്നത്തെ സഭാദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ഏഴാം അദ്ധ്യായം

ഇന്നത്തെ സമൂഹം നേരിടുന്ന യുദ്ധ വിപത്തുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  ഈ അദ്ധ്യായം ആരംഭിക്കുന്നത്. പരസ്പരമുള്ള വിദ്വേഷവും, വെറുപ്പും മറ്റു തിന്മകളും ഹൃദയങ്ങൾ തമ്മിൽ സൃഷ്‌ടിച്ച അകൽച്ചകളും, മനസ്സിൽ അവശേഷിപ്പിച്ച മുറിവുകളും പാപ്പാ പ്രത്യേകം അടിവരയിട്ടുപറയുന്നു. പക്ഷെ ഭൂതകാലത്തെപ്പറ്റിയുള്ള പ്രതീക്ഷയറ്റ ഓർമ്മകളല്ല പാപ്പാ പറയുന്നത്, മറിച്ച് നവീകരിക്കപ്പെട്ട സംവാദപാതകളാണ്. കഴിഞ്ഞ അധ്യായത്തിന്റെ തുടർച്ചയെന്നോണം സമൂഹ സംവാദത്തിന്റെയും, സൗഹൃദത്തിന്റെയും ഉന്നതിയിലുള്ള ഒരു കാഴ്ചപ്പാടിലേക്കാണ് പാപ്പാ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

വേദനകളും, സംഘർഷങ്ങളും മനുഷ്യഹൃദയങ്ങളെയും, ജീവിതത്തെയും, ബന്ധങ്ങളെയും വളരെയധികം സ്വാധീനിക്കുമെന്നും ഈ സ്വാധീനം ജീവിതത്തിന്റെ ആകമാനമുള്ള പരിവർത്തനത്തിനു വഴിതെളിക്കുമെന്ന സത്യം, ഈ അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ പാപ്പാ പറയുന്നു. ഒരു പക്ഷെ ഭൂതകാലത്തിന്റെ ഗതകാല സ്മരണകൾ നമ്മെ ആലസ്യത്തിലാഴ്ത്തുമ്പോൾ, ഭാവിയുടെ പ്രതീക്ഷകൾക്ക് ചിറകു മുളപ്പിക്കണമെങ്കിൽ, നാം അനുരഞ്ജനത്തിന്റെ സംവാദപാതയിലേക്ക് കടന്നുവരണമെന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു നമ്മെ ഓർമ്മിപ്പിക്കുന്നു.

ചരിത്ര സത്യങ്ങളെ കുറിച്ചുള്ള ബോധ്യം

ഇന്ന് ചരിത്ര സത്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് പലരും ആഗ്രഹിക്കുന്നത്. ഒരു പക്ഷെ  കഴിഞ്ഞകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ  മറന്നാൽ മാത്രമേ, ജീവിതം സ്വൈര്യമായി മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ എന്ന് വിചാരിക്കുന്നതുകൊണ്ടാവാം. എന്നാൽ ഫ്രാൻസിസ് പാപ്പാ പറയുന്നത്, ഭൂതകാലത്തിന്റെ അനുഭവങ്ങൾ പാകപ്പെടുത്തിയ ജീവിതം വർത്തമാനകാലം മുൻപോട്ടു കൊണ്ടുപോകുവാൻ ഏറെ സഹായിക്കും എന്നതാണ്. "ചരിത്ര സത്യങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളിൽ അടിയുറച്ചുനിന്നാൽ മാത്രമേ, സഹജീവികളെ മനസിലാക്കുവാനുള്ള വിശാലവും സുസ്ഥിരവുമായ പ്രയത്നത്തിൽ ഏർപ്പെടുവാൻ സാധിക്കുകയുള്ളൂ.അപ്പോഴാണ് എല്ലാവരുടെയും നന്മയ്ക്കുതകുന്ന നവീനമായ ഒരു ഉത്ഗ്രഥനത്തിനായി പ്രവർത്തിക്കുവാൻ സാധിക്കുന്നത്." (ഫ്രത്തെല്ലി തൂത്തി ഖണ്ഡിക 226).

കഴിഞ്ഞകാലങ്ങളിൽ സംഭവിച്ചതിന്റെയെല്ലാം മൂലകാരണങ്ങളിലേക്ക് യാത്രചെയ്തു കൊണ്ട്, യാഥാർഥ്യം തിരിച്ചറിയുമ്പോഴാണ്, പല പ്രശ്‍നങ്ങളുടെയും പരിഹാരം കാണുവാൻ നമുക്ക് സാധിക്കുന്നത്. ഓരോ യുദ്ധവും ഒരു ദിവസം കൊണ്ട് ആരംഭിക്കുന്നതല്ല എന്നും, ഇവയെല്ലാം നിരവധി വർഷങ്ങളിലെ ചെറിയ പിണക്കങ്ങളുടെ മൂടിവയ്ക്കപ്പെട്ട അന്തഃക്ഷോഭങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞവയാണെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകുന്നു. ഒരുപക്ഷെ ഈ അടുത്ത നാളുകളിൽ നമ്മുടെ ചുറ്റുപാടുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെയും ഇപ്രകാരം നമുക്ക് വിലയിരുത്താവുന്നതാണ്.

സത്യം മനസിലാക്കുന്നതുകൊണ്ട്, നീതിയും കാരുണ്യവും കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ നമുക്ക് സാധിക്കും. സത്യം ഒരിക്കലും പ്രതികാരത്തിലേക്കല്ല, മറിച്ച് ക്ഷമയിലേക്കും, അനുരഞ്ജനത്തിലേക്കുമാണ് മനുഷ്യനെ  നയിക്കുന്നതെന്നും പാപ്പാ പ്രത്യേകം ഈ അധ്യായത്തിൽ പറയുന്നു. മനുഷ്യന്റെ വേദനയുടെ നേർക്കാഴ്ചയാണ് സത്യം. ഓരോ മനുഷ്യകൊലപാതകവും മനുഷ്യരാശിയെ ചെറുതാക്കുന്നുവെന്ന തിരിച്ചറിവാണ് സത്യം. ഇപ്രകാരമുള്ള സത്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ്, സമാധാനത്തിലേക്കുള്ള ആദ്യപടി. "സത്യം നിങ്ങളെ  സ്വതന്ത്രരാക്കുമെന്ന" (യോഹ 8, 31) ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകുന്ന ആഹ്വാനമാണ്: സത്യം സമാധാനത്തിലേക്കു നയിക്കും എന്നുള്ളത്.

സർഗാത്മകമായ സമാധാന പാതകൾ

സമാധാനത്തിലേക്കുള്ള പാതകളെയും ഫ്രാൻസിസ് പാപ്പാ ഈ അധ്യായത്തിൽ എടുത്തു കാണിക്കുന്നുണ്ട്. സമാധാനമെന്നാൽ യുദ്ധമില്ലാത്ത അവസ്ഥ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സമൂഹത്തെ ശാന്തമായി ഏകീകരിക്കണമെങ്കിൽ, ഫലപ്രദമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ജനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ പ്രതെയ്കളെ അടിവരയിട്ടുപറയുന്നു. ഇതിനു ആദ്യമായി നിർദേശിക്കുന്നത്: മറ്റുള്ളവരെ മനസിലാക്കുക എന്നതാണ്. ഒരു സമൂഹം നേരിടുന്ന ഒരു പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അവിടെ  സമാധാനം സ്ഥാപിക്കുവാൻ സാധിക്കുകയുള്ളൂ. പട്ടിണിമരണങ്ങൾ കൂടുന്ന ഒരു സമൂഹത്തിൽ, വിവരസാങ്കേതിക വിദ്യയുടെ ഉന്നമനം ഒരിക്കലും മെച്ചപ്പെട്ട സാഹചര്യം കൊണ്ടുവരികയില്ല.

മറ്റൊരു മാർഗം ആരെയും അവഗണിക്കാതെ, എല്ലാവരുടെയും ആശയങ്ങൾക്ക് വിലകല്പിക്കുക എന്നതാണ്. "സഹജീവികൾക്ക് പറയാനുള്ള കാര്യങ്ങളെ ഒരിക്കലും അവഗണിക്കരുത്." (ഫ്രത്തെല്ലി തൂത്തി ഖണ്ഡിക 228). ഇതാണ് സമാധാനം ഒരു സംസ്കാരമാണെന്നു പറയുന്നത്. ആശയങ്ങൾ പലതാണെങ്കിലും, ആശയങ്ങളുടെ സംഗമം  പുറത്തുകൊണ്ടുവരുന്നത് ഐക്യത്തിന്റെ സന്ദേശമാണ്.

മറ്റൊന്ന് മുൻവിധികൾ വച്ചുപുലർത്താതെയും, പരപ്രേരണ ഒഴിവാക്കിക്കൊണ്ടും മനുഷ്യർ പരസ്പരം സഹകരിക്കുക എന്നതാണ്. പങ്കുവയ്ക്കലിന്റെ ഒരു സാമൂഹ്യമാനം പാപ്പാ ഇവിടെ വിവക്ഷിക്കുന്നു. മറ്റുള്ളവരുടെ ചെറുതും വലുതുമായ മൂല്യങ്ങളെ ഗൗനിക്കുകയും, വിലനല്കുകയും, ബഹുമാനിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ സമാധാനം കൈവരിക്കുവാൻ സാധിക്കുന്നു. എന്നാൽ ഈ പരിശ്രമങ്ങളിൽ നമ്മുടെ വ്യക്തിത്വം ഒരിക്കലും അടിയറവു വയ്‌ക്കേണ്ട കാര്യവുമില്ല. സമൂഹത്തിൽ നമ്മുടെ സ്വത്വ ബോധം നഷ്ടപ്പെടുത്തിയാൽ, തുടർന്നുള്ളതെല്ലാം വെറും യാന്ത്രികമായി മാറുമെന്ന മുന്നറിയിപ്പ് ഈ ചാക്രികലേഖനത്തിൽ പാപ്പാ എടുത്തു കാണിക്കുന്നു. ഈ വ്യക്തിത്വകൂട്ടായ്മയാണ്, കുടുംബത്തിന്റെ സുദൃഡമായ ബന്ധത്തിനു കാരണം. എല്ലാവരും എന്റേതാണ്, എനിക്കുള്ളതാണ്. അവരുടെ സന്തോഷവും സന്താപവും എന്റേതാണെന്നുള്ള തിരിച്ചറിവിലാണ് യഥാർത്ഥ സമാധാനം രൂപപ്പെടുന്നതെന്നും പാപ്പാ പറയുന്നു. ഈ ബന്ധമാണ് സന്ധിസംഭാഷണങ്ങളുടെ അടിസ്ഥാനം.

സമാധാനപാതകൾ ലളിതമാകണം

കടലാസുകളിൽ ഒതുങ്ങുന്ന വാക്മയ ചിത്രങ്ങളുടെ സംഗമമല്ല യാഥാർത്ഥസമാധാന പാത. മറിച്ച് ഇത് വാക്കുകളിൽനിന്നും വാതിലുകളിലേക്കും, തുടർന്ന് വിശാലമായ ഹൃദയബന്ധങ്ങളിലേക്കും വഴിതെളിക്കണം. പക്ഷെ ഇവയുടെയെല്ലാം തുടക്കം സങ്കീർണ്ണമാകരുതെന്നും, ലളിതമായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാതെ ആർക്കും സമാധാനാന്തരീക്ഷത്തെ പറ്റി ചർച്ച ചെയ്യുവാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് പാപ്പാ പറയുന്നത്, "ഏറ്റവും പിന്നിൽ നിൽക്കുന്ന നമ്മുടെ സഹോദരങ്ങളിൽ നിന്നുമാവണം നാം നവീനമായൊരു തുടക്കം കുറിക്കേണ്ടത്." (ഫ്രത്തെല്ലി തൂത്തി ഖണ്ഡിക 235).

ക്രൈസ്തവ അനുരഞ്ജനം

കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ ഫ്രാൻസിസ് പാപ്പാ, ക്ഷമയെയും, സമാധാനത്തെയും ക്രിസ്തുവിന്റെ വീക്ഷണത്തിലും വിശദീകരിക്കുന്നുണ്ട്. ക്ഷമയും, അനുരഞ്ജനവും ക്രിസ്തീയതയുടെ കേന്ദ്രപ്രതിപാദ്യങ്ങൾ ആണെന്നിരിക്കെ, മറ്റുള്ളവരെ ഉൾച്ചേർക്കുവാൻ ഓരോ ക്രിസ്ത്യാനിക്കുമുള്ള കടമ പാപ്പാ അടിവരയിട്ടുപറയുന്നു. അക്രമത്തിനും അസഹിഷ്ണുതയ്ക്കും പ്രോത്സാഹനം നൽകാത്ത യേശു വിഭാവനം ചെയ്ത സഭയും സമാധാനത്തിന്റെയും സ്നേഹത്തിന്റേയുമാണ്. അതുകൊണ്ടാണ് മതമർദ്ദനം രൂകഷമായി ക്രിസ്ത്യാനികൾക്കെതിരെ ലോകത്തിന്റെ പലയിടങ്ങളിലും അരങ്ങേറുന്നത്. പക്ഷെ ഗുരു നൽകിയ ക്ഷമയുടെ സന്ദേശം, ജീവൻ  പോലും സമാധാനത്തിനായി നൽകുവാൻ കൈസ്തവരെ പ്രേരിപ്പിക്കുന്നു .

അനുരഞ്ജനം അടിയറവുവയ്ക്കലല്ല

അനുരഞ്ജനമെന്നാൽ വിട്ടുകൊടുക്കൽ ആണെങ്കിലും, സത്യത്തെ അടിയറവു വച്ചുകൊണ്ടുള്ള ഒരു സമാധാന സ്ഥാപനം ശ്വാശതമായിരിക്കുകയില്ല. കുറ്റവാളികളെ അവരുടെ തെറ്റുകളിൽ തുടരുവാൻ മൗന സമ്മതം  നടത്തുന്നത് ഒരിക്കലും സമാധാനം കൊണ്ടുവരികയില്ല.മറിച്ച് സാഹോദര്യത്തിൽ അടിയുറച്ച  ഒരു നവീകരണം പാപ്പാ എടുത്തു പറയുന്നു. ജീവിതത്തിൽ സംഭവിച്ചുപോയ ചില ഏടുകൾ നമുക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ലെങ്കിൽ തന്നെയും, ക്രൈസ്തവസ്നേഹത്തിൽ പൊറുക്കുവാനുള്ള കൃപ നാം ജീവിതത്തിൽ സ്വീകരിക്കണമെന്ന് പാപ്പാ പറയുന്നു.

യഥാർത്ഥ നീതി വ്യക്തിബന്ധങ്ങളിലാണ്

വിധിക്കുവാനുള്ള മനുഷ്യന്റെ വെമ്പലുകൾ പലപ്പോഴും വലിയ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. നീതിപൂർവമായ ശിക്ഷാ നടപടികളാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്. തെറ്റു ചെയ്യുന്ന മനുഷ്യന് അത് തിരുത്തുവാനും, അവൻ ആ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ അവനു മാനസാക്ഷിയുടെ വാതിൽ തുറന്നുകൊടുക്കുവാനും നമുക്ക് കടമയുണ്ട്. ഈ സാഹചര്യത്തിലാണ് പാപ്പാ വധശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നത്. ചിലക്രൂരകൃത്യങ്ങളിന്മേൽ നാം വധശിക്ഷ ആഗ്രഹിക്കാറുണ്ട്. പക്ഷെ ഇതിനുമപ്പുറമാണ് തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ട് ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളുടെ കദനകഥകൾ.

നിരപരാധികളായ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന യുദ്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിക്കൊണ്ടാണ് ഈ അധ്യായം അവസാനിപ്പിക്കുന്നത്. ഈ ചാക്രികലേഖനം എഴുതുമ്പോൾ ഫ്രാൻസിസ് പാപ്പാ, ഇന്ന് നാം അനുഭവിക്കുന്ന യുദ്ധക്കെടുതികൽ മുൻകൂട്ടിക്കണ്ടിട്ടുണ്ടാവണം. ഇപ്രകാരമാണ് പാപ്പാ എഴുതുന്നത്: "യുദ്ധത്തിലേക്ക് നയിക്കാനിടയുള്ള സാഹചര്യങ്ങൾ  വീണ്ടും ഉടലെടുത്തുവരുന്നുണ്ട്. യുദ്ധം എല്ലാ അവകാശങ്ങളെയും ഹനിക്കുകയും, പരിസ്ഥിതിയെ തകർക്കുകയും ചെയ്യും. സമഗ്രമാനവവികസനമാണ് നാം ലക്ഷ്യമിടുന്നതെങ്കിൽ വ്യക്തികൾ തമ്മിലും, രാജ്യങ്ങൾ തമ്മിലുമുള്ള യുദ്ധം ഒഴിവാക്കാൻ അക്ഷീണ പ്രയത്നം നടത്തേണ്ടതുണ്ട്." (ഫ്രത്തെല്ലി തൂത്തി ഖണ്ഡിക 257). നീതി നിഷേധിക്കപ്പെടുന്നു എന്നു കാണുമ്പോൾ  ആരംഭിക്കുന്ന യുദ്ധം,  പിന്നീട്ട് സർവ്വനാശവും വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, നമ്മുടെ മാനുഷിക നിയന്ത്രണങ്ങൾ കൊണ്ട് നമ്മുടെ ചൊല്പടിയിൽ കൊണ്ടുവരുവാൻ സാധിക്കുകയില്ല. അതിനാൽ സമാധാനത്തിനുള്ള പരിശ്രമങ്ങൾ ഓരോ വ്യക്തിയുടെ ജീവിതത്തിൽ നിന്നും ആരംഭിക്കണം. എല്ലാ യുദ്ധങ്ങളും ആരംഭിച്ചത്, ലളിതമായ കാരണങ്ങൾ കൊണ്ടായിരുന്നുവെന്നിരിക്കെ, ലളിതവും, വ്യക്തിപരവുമായ ജീവിതത്തിൽ സമാധാനത്തിനുള്ള ചര്യകൾ സ്വന്തമാക്കുവാൻ പാപ്പാ ഈ അധ്യായത്തിൽ നമ്മെ ക്ഷണിക്കുന്നു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2024, 15:09