വൈരുദ്ധ്യാത്മകയുദ്ധമല്ല, ദൈവസ്നേഹത്തിന്റെ പങ്കുവയ്ക്കലാണ് മതസൗഹാർദ്ദം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മെത്രാന്മാരെ അവരുടെ ശുശ്രൂഷയിൽ സഹായിക്കുന്നതിനും, നയിക്കുന്നതിനും മുൻനിർത്തി അവരെ അഭിസംബോധന ചെയ്തുകൊണ്ട് രചിക്കുന്ന ലേഖനമാണ് ചാക്രികലേഖനങ്ങൾ അഥവാ എൻസൈക്ളിക്കൽ (encyclical) എന്ന പേരിൽ അറിയപ്പെടുന്നത്. കത്തോലിക്കാ വിശ്വാസം ഏറ്റുപറയുന്നവർക്കും, മറ്റുള്ളവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന വിഷയങ്ങളും പലപ്പോഴും ചാക്രികലേഖനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. പൊതുവായത് അല്ലെങ്കിൽ വലയം ചെയ്യുന്നത് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നുമാണ് (ἐνκύκλιος) എൻസൈക്ളിക്കൽ എന്ന നാമം ഈ ലേഖനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
ഇപ്രകാരം ഫ്രാൻസിസ് പാപ്പായും തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷയിൽ മൂന്നു ചാക്രികലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യത്തേത്, 2013 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി രചിച്ച, ലൂമെൻ ഫിദെയ് (Lumen Fidei), 2015 മെയ് ഇരുപത്തിനാലാം തീയതി രചിച്ച ലൗദാത്തോ സി (Laudato Si), തുടർന്ന് 2020 ഒക്ടോബർ മൂന്നാം തീയതി രചിച്ച ഫ്രത്തെല്ലി തൂത്തി (Fratelli Tutti ) എന്നിവയാണവ. ഈ മൂന്നു ചാക്രികലേഖനങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്, വിവിധ സന്ദർഭങ്ങളും, സാഹചര്യങ്ങളും മുൻനിർത്തിയുള്ളതാണെന്ന് ശീർഷകത്തിന്റെ അർത്ഥം മനസിലാക്കുന്നതിലൂടെ ബോധ്യപ്പെടുന്നതാണ്.
ഈ മൂന്നു ചാക്രികലേഖനങ്ങളിൽ ഏറ്റവും അവസാനത്തെ ഫ്രത്തെല്ലി തൂത്തി എന്ന രേഖയുടെ അവസാന അദ്ധ്യായത്തിന്റെ വിചിന്തനങ്ങളാണ് ഇന്നത്തെ സഭാദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരാളുടെ വ്യക്തിത്വത്തെ മുഴുവൻ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് അയാളുടെ പേര്. സമൂഹത്തിൽ ഒരു വ്യക്തി ബഹുമാനിക്കപ്പെടുന്നതും, അയാളുടെ തനിമ മറ്റുള്ളവർക്കിടയിൽ വ്യത്യസ്തമായി നിൽക്കുന്നതും ഈ പേരുകൾ വഴിയായിട്ടാണ്. 'ഫ്രത്തെല്ലി തൂത്തി' എന്ന ഈ ചാക്രികലേഖനത്തിന്റെ സംജ്ഞ, ഒരു പക്ഷെ ക്രൈസ്തവ ജീവിതത്തിന്റെ പ്രതിഫലനമാണെന്ന് നമുക്ക് വിശേഷിപ്പിക്കാം. പക്ഷെ എല്ലാവരെയും സഹോദരങ്ങളായി മനുഷ്യരായ നമുക്ക് സ്വീകരിക്കുവാൻ പറ്റുമോ എന്ന ചോദ്യം നമ്മുടെ ഉള്ളിൽ ഉയർന്നേക്കാം. നിരവധി യുദ്ധങ്ങളും, വെറുപ്പും, ചേരിതിരിവുകളുമൊക്കെ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, മറ്റൊരുവനെ സഹോദരനായി കാണുന്നതിനും, അവനെ ചേർത്ത് നിർത്തുന്നതിനും, അവനെ സഹായിക്കുന്നതിനും നമുക്ക് സാധിക്കുമോ എന്ന ചോദ്യം സ്വാഭാവികമായി നാം ചോദിച്ചേക്കാം. പക്ഷെ ഇതൊരു ആഹ്വാനമാണ്. യേശുമിശിഹാ നൽകിയ പരിശുദ്ധിയിലേക്കുള്ള, സാഹോദര്യത്തിലേക്കുള്ള, നല്ല അയൽക്കാരനെന്ന നിലയിലേക്കുള്ള, ആഹ്വാനം തന്നെയാണ് ഫ്രാൻസിസ് പാപ്പാ, 'ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രികലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. തന്നെ ഒറ്റിക്കൊടുക്കുവാൻ പോകുന്നവൻ യൂദാസാണെന്നു അറിഞ്ഞിട്ടുപോലും, യേശു അവനെ തന്റെ സാഹോദര്യത്തിൽ നിന്നും തള്ളിക്കളയുന്നില്ല. മൂന്നുവർഷം കൂടെ നടന്നവൻ, ചിലചോദ്യങ്ങൾക്കുമുൻപിൽ ഗുരുവിനെ അറിയില്ല എന്ന് പറയുമ്പോഴും, അവനെ തള്ളിക്കളയുകയല്ല ചെയ്യുന്നത് മറിച്ച് അവന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു, തുടർന്ന് അവനെ സഭയുടെ നേതാവായി മാറ്റുന്നു.
കയ്‌പേറിയ അനുഭവങ്ങൾ പലതും മറ്റുള്ളവരിൽ നിന്നും നമ്മുടെ ജീവിതത്തിൽ നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും, അവർക്കുവേണ്ടിപ്രാർത്ഥിക്കുകയും, അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് യാഥാർത്ഥക്രൈസ്തവരായി മാറുവാൻ നമുക്ക് സാധിക്കുന്നത്. ഈ ഒരു ജീവിതത്തിലേക്കാണ് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിലൂടെ നമ്മെ എല്ലാവരെയും ക്ഷണിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളെ പാപ്പാ തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചാക്രികലേഖനത്തിന്റെ സാമൂഹ്യമാനം ഏറെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിന്റെ ഏതവസ്ഥയിൽ ആയിരുന്നാലും, ക്രിസ്ത്യാനിയുടെ പ്രത്യേകത ഈ സാഹോദര്യമനോഭാവമാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ അവസാന അധ്യായവും വിവിധമതങ്ങൾക്കിടയിൽ കാത്തുസൂക്ഷിക്കേണ്ട സാഹോദര്യമനോഭാവത്തിനാണ് ഊന്നൽ നൽകുന്നതും, നമ്മെ ക്ഷണിക്കുന്നതും.
അധ്യായം 8
മതങ്ങൾ ലോകസാഹോദര്യത്തിന്
പതിനഞ്ചു ഖണ്ഡികകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ അധ്യായമാണ് എട്ടാമത്തേത്. എന്നാൽ ഈ സംക്ഷിപ്തത ഈ അധ്യായം മുൻപോട്ടു ആശയങ്ങളുടെ പ്രാധാന്യം തെല്ലും കുറയ്ക്കുന്നില്ല. ഈ ആശയങ്ങൾ ഒരു പക്ഷെ മതവിശ്വാസികളെന്ന നിലയിൽ നമ്മുടെ ജീവിതത്തിനു വെല്ലുവിളികൾ ഉയർത്തുന്നതാവാം. പക്ഷെ വൈരാഗ്യത്തിന്റെ വെല്ലുവിളികളല്ല, മറിച്ച് വിശ്വാസജീവിതത്തിൽ ആയിരുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് നടത്തേണ്ടുന്ന പരിണാമത്തെയാണ്, ഈ വെല്ലുവിളികൊണ്ട് അർത്ഥമാക്കുന്നത്. സംവദിക്കുവാനും, സഹകരിക്കുവാനും പാപ്പാ ഈ അധ്യായത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു. മതത്തിന്റെ പേരിൽ നിരവധി കൊലകളും, അക്രമങ്ങളും അനീതിയുമെല്ലാം അരങ്ങേറുന്ന ഒരു ലോകത്തിൽ മതങ്ങൾ തമ്മിലുള്ള ഒരു സംവാദമെന്നത് വെല്ലുവിളി നിറഞ്ഞ ഒരു ആശയം തന്നെയാണ്.
ഓരോ മതത്തിന്റെയും മൂല്യങ്ങളും, ധാർമ്മികതയും ഉയർത്തിപ്പിടിച്ചുകൊണ്ട് സൗഹൃദത്തിന്റെയും, സമാധാനത്തിന്റെയും, ഐക്യത്തിന്റെയും ഒരു ജീവിതശൈലി പിന്തുടരുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനമായി പാപ്പാ മുൻപോട്ടു വയ്ക്കുന്ന ആശയം, പരസ്പരമുള്ള ബഹുമാനവും, വ്യക്തികളുടെ അന്തസ്സിനോടുള്ള നീതിബോധവുമാണ്. എത്രയോ മതങ്ങളുടെ നേതാക്കളുമായിട്ടാണ് ഫ്രാൻസിസ് പാപ്പാ ആശയവിനിമയങ്ങൾ നടത്തിയിട്ടുള്ളത്. പക്ഷെ ഒരിക്കൽ പോലും പാപ്പായുടെ വാക്കുകൾ അവരെ ഒരുതരത്തിലും വിഷമിപ്പിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഫ്രാൻസിസ് അസ്സീസിയുടെ മറ്റു മതങ്ങളോടുള്ള ബഹുമാനവും പാപ്പാ അനുസ്മരിക്കുന്നുണ്ട്. ഈജിപ്തിലെ സുൽത്താനായിരുന്ന മാലിക് അൽ കമിലുമായി ഫ്രാൻസിസ് അസ്സീസി നടത്തിയ കൂടിക്കാഴ്ച ഇന്നും ചരിത്രത്താളുകളിൽ ഓർമിക്കപ്പെടുന്നു. പലവിധത്തിലുള്ള അപമാനങ്ങൾക്കു നടുവിലും ഫ്രാൻസിസ് അസീസി എന്തുവിലകൊടുത്തും സാധിക്കണമെന്ന് ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്. താൻ കുരിശുയുദ്ധക്കാരുടെ ദൂതനോ, കുരിശുയുദ്ധക്കാരനായോ അല്ല മറിച്ച്, ദൈവം അയച്ച ഒരു ക്രിസ്ത്യാനിയായിട്ടാണ് സുല്ത്താന് മുൻപിൽ എത്തിയിരിക്കുന്നതെന്ന് ഫ്രാൻസിസ് അസീസി വളരെ വ്യക്തമായി പറയുന്നുണ്ട്.
തുടർന്ന് സുൽത്താൻ തന്നോടൊപ്പം താമസിക്കുവാൻ ഫ്രാൻസിസ് അസീസിയെ അനുവദിക്കുന്നു. ഫ്രാൻസിസ് തന്റെ ജീവിതവും, വാക്കുകളും വഴിയായി സുവിശേഷം, അതായത് ക്രിസ്തുവിനെ തന്നെയാണ് സുൽത്താന് സമ്മാനിക്കുന്നത്. പരസ്പരബഹുമാനം സമ്മാനിച്ച ഇരുവരും വിടപറയുമ്പോൾ സാഹോദര്യത്തിന്റെ സാക്ഷ്യമാണ് നൽകുന്നത്.വേർപിരിയലിൻ്റെ നിമിഷത്തിൽ, സുൽത്താൻ, ഫ്രാൻസിസിനോട് തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു. അവിശ്വസനീയമെങ്കിലും, മതസൗഹാർദ്ദം നമുക്ക് സമ്മാനിക്കുന്ന സാഹോദര്യത്തിന്റെ മനോഹാരിതയാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസി നമുക്ക് നൽകുന്നത്. ഫ്രാൻസിസ് പാപ്പായെ പ്രചോദിപ്പിച്ചതും ഈ മാതൃക തന്നെയാണ്. ചിലപ്പോഴെങ്കിലും പാപ്പായുടെ ചില സൗഹൃദങ്ങൾ നാം സംശയത്തോടെ വീക്ഷിച്ചേക്കാം. പക്ഷെ ഓരോ സൗഹൃദവും ക്രൈസ്തവ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ് വളർത്തുന്നതെന്നതാണ് ഇവിടുത്തെ പ്രത്യേകത.
കുരിശുയുദ്ധങ്ങൾ അടയാളപ്പെടുത്തിയ ആ ചരിത്ര മുഹൂർത്തത്തിൽ വിശുദ്ധൻ നടത്തിയ ആ യാത്ര യഥാർത്ഥത്തിൽ ഒരു തീർത്ഥാടനമായിരുന്നു, അതിരുകൾ താണ്ടി, മതസൗഹാർദ്ദം വിളിച്ചോതിയ വിശുദ്ധയാത്ര. ഫ്രാൻസിസ് അസീസിക്ക് കർത്താവിനോടുള്ള വിശ്വസ്തത തൻ്റെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹത്തിന് ആനുപാതികമായിരുന്നു. പക്ഷെ മറ്റൊരു മതത്തിൽ പെട്ട ആളെ സന്ദർശിക്കുമ്പോഴും ഒരു ഉത്തമ ക്രൈസ്തവൻ എന്ന നിലയിലാണ്, അവരോട് സംസാരിക്കുന്നതും, പെരുമാറുന്നതും. ഇതാണ് മതസൗഹാർദ്ദത്തിന്റെ അടിസ്ഥാനമെന്ന് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിക്കുന്നത്. മതങ്ങളെ നിരാകരിക്കലല്ല, മറിച്ച് മതമൂല്യങ്ങളുടെ പൂർത്തീകരണമാണ്.
എണ്ണൂറ് വർഷങ്ങൾക്ക് മുമ്പ്, ഫ്രാൻസിസ്, തങ്ങളുടെ വിശ്വാസം പങ്കിടാത്തവരോട് പോലും, ഏതെങ്കിലും തരത്തിലുള്ള ആക്രമണവും സംഘട്ടനവും ഒഴിവാക്കാനും വിനയത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാൻ നൽകിയ ഉപദേശമാണ് ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിലൂടെ നമുക്ക് നൽകുന്നത്. വിശുദ്ധന്റെ വാക്കുകളും, പാപ്പായുടെ വാക്കുകളും രണ്ടായിരം വർഷങ്ങൾക്കു മുൻപ് നമ്മെ രക്ഷിക്കുവാൻ ഈ ലോകത്തിൽ വന്ന യേശുവിന്റെ വചനങ്ങൾ തന്നെയാണ്.“ദൈവം സ്നേഹമാണ്; സ്നേഹത്തിൽ നിലനിൽക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16) എന്ന യോഹന്നാൻ ശ്ലീഹായുടെ വാക്കുകൾ. ഈ വാക്കുകളുടെ ഫലമോ, സാഹോദര്യസമൂഹം എന്ന സ്വപ്നസാക്ഷാത്കാരവും. സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിച്ച് ഇവർ വൈരുദ്ധ്യാത്മക യുദ്ധം നടത്തിയില്ല, മറിച്ച് ദൈവസ്നേഹം പങ്കുവച്ചുകൊണ്ട് ആശയവിനിമയം നടത്തി.
ഇവിടെ ചിലപ്പോൾ നിഷേധാത്മകമായി തോന്നാവുന്ന ഒരു ആശയം. "സഭയ്ക്ക് പുറത്തു രക്ഷ സാധ്യമല്ല" എന്നുള്ള വചനമായിരിക്കാം. ഈ ഒരു ആശയത്തിന്റെ ശരിയായ അർത്ഥവും, സാഹചര്യവും നാം മനസിലാക്കേണ്ടതുണ്ട്. ആദ്യവായനയിൽ ഒരുപക്ഷെ മറ്റുമതങ്ങളോടുള്ള വൈരുധ്യമാണ് ഈ വാക്കുകളിൽ തോന്നുന്നതെങ്കിലും, ഫ്രാൻസിസ് പാപ്പാ ഇവയുടെ ശരിയായ അർത്ഥം പറഞ്ഞുവയ്ക്കുന്നുണ്ട്. ക്രൈസ്തവർ തങ്ങൾ ഏറ്റെടുത്തിരിക്കുന്ന സുവിശേഷ ദൗത്യം അഭംഗുരം പൂർത്തീകരിക്കുന്നതിന് നടപ്പിലാക്കിയ ഈ സിദ്ധാന്തം കാലാന്തരത്തിൽ അർത്ഥദ്രുവീകരണം സംഭവിച്ച്, വ്യാഖ്യാനങ്ങൾ പലരീതിയിൽ എഴുതപ്പെട്ടു.അപരിചിതരുടെ, പുറത്തുള്ളവരുടെ മേലുള്ള ഒരു വിധിയായിട്ടാണ് ഇന്ന് ഇതിനെ വ്യാഖ്യാനം ചെയ്യുന്നത്. ഫ്രാൻസിസ് പാപ്പാ ഈ മുൻവിധികളെല്ലാം ഒഴിവാക്കികൊണ്ടാണ് തന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നത്. മതങ്ങൾക്കിടയിലെ സൗഹൃദപരവും പ്രവർത്തനപരവുമായ സംഭാഷണം പാപ്പാ ഒരു മുൻവ്യവസ്ഥ സ്ഥാപിക്കുന്നുണ്ട്: "ദൈവത്തിൻ്റെ പുത്രനോ മകളോ ആകാൻ വിളിക്കപ്പെടുന്ന ഒരു സൃഷ്ടിയെന്ന നിലയിൽ ഓരോ മനുഷ്യൻ്റെയും മൂല്യം തിരിച്ചറിയുക" എന്ന ആശയമാണിത്. ഭാരതമെത്രാൻ സമിതി പുറത്തിറക്കിയ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഈ ആശയം പങ്കുവയ്ക്കുന്നത്.
തുടർന്ന്, അദ്ദേഹം സാർവത്രിക സാഹോദര്യത്തിൻ്റെ ആത്യന്തികമായ അടിത്തറയെ എടുത്തുപറയുന്നു.ദൈവത്തിൻ്റെ സാർവത്രിക പിതൃത്വത്തിൻ്റെ അംഗീകാരം (n. 272) അത് നമ്മെ പുത്രന്മാരും പുത്രിമാരും അതിനാൽ നമുക്കിടയിൽ സഹോദരീസഹോദരന്മാരുമാക്കുന്നു. ഈ സ്ഥാപക അനുഭവത്തിലാണ് സാർവത്രിക സാഹോദര്യം വേരൂന്നുന്നതെന്ന ആശയം പാപ്പാ അടിവരയിട്ടു പറയുന്നു.
അക്രമം, ദൈവത്തിൻ്റെ നാമത്തിൽ യുദ്ധത്തിലേക്ക് തിരിയാനുള്ള പ്രലോഭനം, പകരം ചൂഷണം ചെയ്യുക എന്നീ തിന്മകളും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.അപരനെ പൈശാചികമാക്കുന്ന, ധാർമ്മികമായി മുറിവേൽപ്പിക്കുന്ന, അവനെ പാർശ്വവത്കരിക്കുന്ന അക്രമണങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പാപ്പാ വേദനയോടെ ലേഖനത്തിൽ പങ്കുവയ്ക്കുന്നു. കൃത്രിമത്വം തിരുകികയറ്റി മതങ്ങളുടെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുകയും, തെറ്റായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മറ്റു മതങ്ങളെ ഉന്മൂലനം ചെയ്യുവാനുമുള്ള പ്രവണത ഏറി വരുന്നിടത്താണ്, ഫ്രാൻസിസ് പാപ്പാ സമാധാനത്തിന്റെ ആഹ്വാനം നൽകുന്നതും, സാർവത്രിക സാഹോദര്യം കെട്ടിപ്പടുത്തുവാൻ എല്ലാവരെയും ക്ഷണിക്കുന്നതും. സ്വന്തം താത്പര്യങ്ങളെ മുൻനിർത്തി സത്യത്തെ മറച്ചുവയ്ക്കുന്ന രാഷ്ട്രീയപരമായ മതമൗലീകവാദത്തെയും പാപ്പാ നിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
എല്ലാ മതങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുവാൻ നമ്മെ ക്ഷണിക്കുന്ന പാപ്പാ, വിശുദ്ധ ചാൾസ് ദേ ഫുക്കോൾദേയുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ലേഖനം ഉപസംഹരിക്കുന്നത്, "ഞാൻ എല്ലാവരുടെയും സഹോദരനാകുവാൻ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കുക." ഈ സ്വപ്നസാക്ഷാത്ക്കാരം നമ്മുടെ ജീവിതത്തിലും ഉണ്ടാകുവാൻ ആഗ്രഹിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ലേഖനം അവസാനിപ്പിക്കുന്നു. ഒരുപക്ഷെ, ഈ ലേഖനം വാക്കുകളിൽ അവസാനിക്കുന്നുവെങ്കിലും, ജീവിതത്തിൽ തുടരുവാൻ നമ്മെ പാപ്പാ ക്ഷണിക്കുന്നു. അധ്യായങ്ങൾ അവസാനിക്കുന്നില്ല, മറിച്ച് ജീവിതസാക്ഷ്യത്തിലൂടെ തുടരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: