കണ്ണൂർ രൂപതയ്ക്ക് ഒരു സഹായമെത്രാൻ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മോൺസിഞ്ഞോർ ഡെന്നീസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.
പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന് വ്യാഴാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
നിയുക്തമെത്രാൻ ഡെന്നീസ് മാൾട്ടയിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ സേവനമനുഷ്ഠിച്ചുവരവെയാണ് ഈ നിയമനം.
കോട്ടപ്പുറം രൂപതയിൽപ്പെട്ട പള്ളിപ്പുറത്ത് 1967 ആഗസ്റ്റ് 4-ന് ജനിച്ച നിയുക്ത മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി ആലുവയിൽ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കുകയും കാനൻ നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. 1991 ഡിസംബർ 23-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സഹവികാരി, വികാരി എന്നി നിലകളിൽ സേവനമനുഷ്ഠിക്കുകയും 2001 ജൂലൈ മാസത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രവിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തു.
ബുറുന്ദി, ഈജീപ്റ്റ്, തായ്ലൻറ്, ചെക് റിപ്പബ്ലിക്, ഗാബോൺ, അമേരിക്കൻ ഐക്യനാടുകൾ, മാൾട്ട എന്നിവിടങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ അപ്പൊസ്തോലിക് നൺഷിയേച്ചറുകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: