ആഘോഷങ്ങളുടെ ചിത്രം ആഘോഷങ്ങളുടെ ചിത്രം  

സഹാനുഭാവത്തിന്റെ മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷം ഇറ്റലിയിൽ

ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ, സാന്ത് എജിദിയോ സമൂഹം, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിനം ഭവനരഹിതരോടും, അഭയാർത്ഥികളോടുമൊപ്പം ആഘോഷിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സാഹോദര്യത്തിന്റെ ഭാവങ്ങളുണർത്തിക്കൊണ്ട്, പരിശുദ്ധ  കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിനാഘോഷങ്ങൾ ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ദരിദ്രരായ സഹോദരങ്ങളോടൊപ്പം ആഘോഷിക്കുന്നു. ഉപവിപ്രവർത്തനങ്ങൾക്കായുള്ള സാന്ത് എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ഭവനരഹിതരും, അഭയാർത്ഥികളും, ജയിലുകളിൽ കഴിയുന്നവരുമായ സഹോദരങ്ങളോടൊപ്പം ആഗസ്റ്റ് മാസം 14, 15  തീയതികളിൽ ആഘോഷിക്കുന്നത്. വേനൽക്കാലമായതുകൊണ്ട് , 'തണ്ണിമത്തൻ പാർട്ടികൾ' എന്നപേരിലും വിവിധ ആഘോഷങ്ങൾ ജയിലുകളിൽ നടത്തുന്നു.

വേനൽ ചൂടിനൊപ്പം,  ഏകാന്തതയുടെ നൊമ്പരവും പേറുന്ന ഈ സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാൻ സാന്ത് എജിദിയോ  സമൂഹം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് സംഘാടകർ പറഞ്ഞു. വൃദ്ധരായവർ, ഭവനരഹിതർ, കുടിയേറ്റക്കാർ എന്നിവർക്കുവേണ്ടി സംഘടന നടത്തുന്ന നിരവധി പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്. വൈകുന്നേരങ്ങളിൽ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷണപ്പൊതി വിതരണത്തിലും നിരവധി കുടുംബങ്ങളാണ് ഭാഗഭാക്കുകളാകുന്നത്.

റോം, ജെനോവ, പാദുവ, നേപ്പിൾസ് തുടങ്ങിയ പ്രധാന നഗരങ്ങളിലും, മറ്റു ചെറിയ ഗ്രാമങ്ങളിലും സാന്ത് എജിദിയോ  സമൂഹം ഇപ്രകാരം സ്വർഗാരോപണ തിരുനാളും, മധ്യ വേനലവധി ആഘോഷങ്ങളും സംയുക്തമായി കൊണ്ടാടുന്നു. അതുപോലെ തന്നെ അഗതികളും, അശരണരുമായ ആളുകൾക്കു വേണ്ടി നിർമ്മിക്കപ്പെട്ട ഭവനങ്ങളിലും സമൂഹം ആഘോഷങ്ങൾ നടത്തുന്നു. ഇറ്റലിയിലെ വേനലവധിയുടെ മധ്യദിനമായ ആഗസ്റ്റ് 15 അറിയപ്പെടുന്നത് " ഫെറാഗോസ്തോ" എന്ന പേരിലാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2024, 15:24