ദൈവദാസനായ യാൻ ഹാവ്ലിക്ക് (Ján Havlík) ദൈവദാസനായ യാൻ ഹാവ്ലിക്ക് (Ján Havlík)  

സ്ലൊവാക്യ, ദൈവദാസൻ യാൻ ഹാവ്ലിക്ക് വാഴ്ത്തപ്പെട്ടപദത്തിലേക്ക്!

സ്ലൊവാക്യയിൽ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സിൽ മരണമടഞ്ഞ ദൈവദാസൻ യാൻ ഹാവ്ലിക്കിൻറെ ജീവിതകാലം1 928 ഫെബ്രുവരി 12 മുതൽ 1965 ഡിസമ്പർ 27 വരെയായിരുന്നു. ഈ പുണ്യാത്മവ് ശനിയാഴ്ച സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവദാസനായ യാൻ ഹാവ്ലിക്ക് (Ján Havlík) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു.

ആഗസ്റ്റ് 31-ന് ശനിയാഴ്ച സ്ലൊവാക്യയിലെ ഷഷ്ടീനിൽ (Šaštín) കന്യകാമറിയത്തിൻറെ സപ്ത വ്യാകുലങ്ങളുടെ ബസിലിക്കയുടെ അങ്കണത്തിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മങ്ങൾ നടക്കുക.

കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേൽക്കുകയും പിന്നീട്  വർഷങ്ങൾ നീണ്ട ശിക്ഷപൂർത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസൻ യാൻ ഹാവ്ലിക്കിൻറെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു.

സ്ലൊവാക്യയിലെ വ്വോച്കൊവനീയിൽ 1928 ഫെബ്രുവരി 12-നാണ് ദൈവദാസൻ യാൻ ഹാവ്ലിക്കിൻറെ ജനനം. 1943-ൽ അദ്ദേഹം വിശുദ്ധ വിൻസൻറ് ഡി പോളിൻറെ പ്രേഷിത സമൂഹത്തിൽ ചേർന്നു. എന്നാൽ  കമ്മ്യൂണിസ്റ്റ്കാർ പീഢനം അഴിച്ചുവിട്ടതോടെ ആ സമൂഹം അടച്ചുപൂട്ടപ്പെടുകയും രാഷ്ട്രീയ പുനർശിക്ഷണം എന്ന പേരുപറഞ്ഞ് അദ്ദേഹത്തെ സുരക്ഷാധികാരികൾ ഒരിടത്തേക്കു മാറ്റി. കഠിനമായ ജോലികളിലേർപ്പെടേണ്ടി വന്നെങ്കിലും രഹസ്യമായി മതാനുഷ്ഠാനങ്ങൾ തുടർന്ന ദൈവദാസൻ ഹാവ്ലിക്ക് സെമിനാരി അധികാരികളും വൈദികാർത്ഥികളും അറസ്റ്റു ചെയ്യപ്പെടുകയും വഞ്ചനാക്കുറ്റത്തിന് 14 വർഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ശിക്ഷ 10 വർഷമായി ഇളവുചെയ്യപ്പെട്ടു. തടങ്കലിലെ കഠിനമായ അവസ്ഥ അദ്ദേഹത്തെ രോഗിയാക്കി. പിന്നീട് 1962-ൽ ഒക്ടോബർ 29 -ന് കാരാഗൃഹത്തിൽ നിന്നു പുറത്തു വന്ന ദൈവദാസൻ യാൻ ഹാവ്ലിക്ക് 1965 ഡിസമ്പർ 27-ന് സ്കലിത്സായിൽ ആകസ്മിക മരണം സംഭവിച്ചു. 37 വയസ്സായിരുന്നു പ്രായം.

 

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2024, 12:33