ശ്രവണവും ഐക്യവും ഇഴചേർന്നു നില്ക്കുന്നു, സോൾ അതിരൂപതാദ്ധ്യക്ഷൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്രവണം ഐക്യത്തിനു അനുകൂലസാഹചര്യം ഒരുക്കുന്നുവെന്നും അങ്ങനെ ഭിന്നിപ്പിൽ നിന്ന് സൗഖ്യം നേടിയവർ വിശ്വാസത്തിൻറെ സുദൃഢ സരണികളിലേക്കു കടക്കുന്നുവെന്നും ദക്ഷിണ കൊറിയയിലെ സോൾ അതിരൂപതയുടെ ആർച്ചുബിഷപ്പ് പീറ്റർ സൂൺ തയിക് ചുംഗ്.
ആഗസ്റ്റ് 15-ന് ആചരിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാളിനോടും 1945 ആഗസ്റ്റ് 15-ന് ജപ്പാനിൽ നിന്നുള്ള കൊറിയയുടെ സ്വാതന്ത്ര്യലബ്ധിയനുസ്മരണത്തോടും അനുബന്ധിച്ച് വിശ്വാസികൾക്കായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയുള്ളത്.
ശ്രവണത്തിലും കൂട്ടായ്മയിലും ഹൃദയത്തെ ചേർത്തുവച്ച് സ്വന്തം ജനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് ദൈവം ഉയർത്തുന്നതെന്ന സത്യം പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിൽ പ്രകടമാണെന്ന് ആർച്ചുബിഷപ്പ് തയിക് ചുംഗ് തൻറെ സന്ദേശത്തിൽ പറയുന്നു.
സ്വയം താഴ്ത്തുന്നവരുടെ ഭാഗധേയത്തിൻറെ മുന്നാസ്വാദനമാണ് സ്വർഗ്ഗാരോപണത്തിരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഇന്നത്തെ നമ്മുടെ ലോകത്തിൽ കാണുന്നത് എല്ലാം കൈവശപ്പെടുത്തുന്നതിനുള്ള അടങ്ങാത്ത ആസക്തിയാലും ഭ്രാന്തമായ ഉപഭോഗമനസ്ഥിതിയാലും നയിക്കപ്പെടുന്ന വ്യക്തികളെയാണെന്നും ഭൗതിക സമ്പത്താണ് ലോകത്തെയും ബന്ധങ്ങളെയും അളക്കുന്ന അവരുടെ അളവുകോലെന്നും ഇത് മറ്റുള്ളവരെ ശ്രവിക്കുന്നതിനായി ഹൃദയം തുറക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും ആർച്ചുബിഷപ്പ് ചുംഗ് പറയുന്നു. ആധികാരികമായ ശ്രവണത്തിന് നിശബ്ദത ആവശ്യമാണെന്നും ഈ നിശബ്ദതയിൽ ആത്മദാനത്തിൻറെ, മറ്റുള്ളവർക്കായി സമയം നീക്കിവയ്ക്കലിൻറെ മാനം കണ്ടെത്താൻ കഴിയുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഫീദെസ് പ്രേഷിതവാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.
ദക്ഷിണ കൊറിയയിൽ ഫ്രാൻസീസ് പാപ്പാ ആറാം ഏഷ്യൻ യുവജന സംഗമത്തോടനുബന്ധിച്ച് ഇടയസന്ദർശനം ആരംഭിച്ചതിൻറെ പത്താം വാർഷികം ആഗസ്റ്റ് 13-നാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. 2014 ആഗസ്റ്റ് 13-18 വരെയായിരുന്നു പാപ്പായുടെ പ്രസ്തുത അപ്പൊസ്തോലിക സന്ദർശനം
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: