തിരയുക

മേജർ ആർച്ച്ബിഷപ് മാർ റഫേൽ തട്ടിൽ വിശുദ്ധ ബലിയർപ്പിക്കുന്നു - ഫയൽ ചിത്രം മേജർ ആർച്ച്ബിഷപ് മാർ റഫേൽ തട്ടിൽ വിശുദ്ധ ബലിയർപ്പിക്കുന്നു - ഫയൽ ചിത്രം 

മിഷനറി സ്വഭാവം വിളിച്ചോതി ഖത്തറിലെ സീറോ മലബാർ സഭ

ദോഹയിൽ സീറോ മലബാർ സഭയുടെ ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധ ബലി അർപ്പിക്കപ്പെട്ടതിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിൽ തങ്ങളുടെ മിഷനറി സ്വഭാവം വിളിച്ചറിയിച്ച് സീറോമലബാർ വിശുദ്ധ ബലിയും പ്രദക്ഷിണവും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തപ്പെട്ടു. വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരി, ബിഷപ് ആൽദോ ബെരാൾദി O.SS.T., സീറോ മലബാർ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്താ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ, സീറോ മലബാർ സഭയുടെ മുൻ തലവൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, നിരവധി വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയും, കൊന്തമാതാവിന്റെ നാമധേയത്തിലുള്ള ലത്തീൻ ദേവാലയത്തിൽനിന്ന് വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള സീറോ മലബാർ ദേവാലയത്തിലേക്ക് നടന്ന പ്രദക്ഷിണവും, പൊതുസമ്മേളനവുമായി ഖത്തറിലെ സീറോ മലബാർ സഭ രാജ്യത്തെ പ്രഥമ സീറോമലബാർ വിശുദ്ധബലിയർപ്പണത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങളുടെ ആഘോഷം നടത്തി.

വിവിധ സാംസ്‌കാരിക, മത ചടങ്ങുകളോടെ ജൂലൈ മൂന്നാം തീയതി നടന്ന ജൂബിലി ആഘോഷം, സീറോ മലബാർ സഭയുടെ മിഷനറി സ്വഭാവത്തിന്റെ പ്രഖ്യാപനം കൂടിയായി മാറി. ദോഹയിൽ അർപ്പിക്കപ്പെട്ട പ്രഥമ സീറോമലബാർ കുർബാനയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അടുത്തിടെ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിലും നടന്നിരുന്നു.

ഖത്തറിൽ നടന്ന ചടങ്ങുകളിൽ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരി, ബിഷപ് ആൽദോ ബെരാൾദി O.SS.T., സന്നിഹിതനായിരുന്നു. കത്തോലിക്കാവിശ്വാസത്തിന് സീറോ മലബാർ സഭ നൽകുന്ന സാക്ഷ്യവും, സഭയിലെ ഐക്യവും തന്റെ പ്രഭാഷണത്തിൽ അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു.

സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, അദ്ദേഹം നടത്തിയ പ്രഭാഷണമധ്യേ, ഗൾഫ് ദേശത്ത് തങ്ങളുടേതായ ഒരു സഭാഘടന സ്ഥാപിക്കപ്പെടുക എന്നതിനെക്കുറിച്ചുള്ള സീറോ മലബാർ സഭയുടെ ദീർഘകാല സ്വപ്നം പങ്കുവച്ചു.

“സീറോമലബാർ സഭയുടെ മിഷനറി സ്വഭാവ”വുമായി ബന്ധപ്പെട്ട്, സീറോ മലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫിസ് അംഗം ഡോ. കൊച്ചുറാണി ജോസഫ് സെമിനാർ നയിച്ചു. തുടർന്ന് നടന്ന മീറ്ററിംഗിൽ വിവിധ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഖത്തറിൽ സീറോമലബാർ സഭ സഭ ശുശ്രൂഷകൾ ആരംഭിച്ച കാലത്ത് സഭയോട് ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അറുപതോളം വ്യക്തികൾക്ക് മേജർ ആർച്ച്ബിഷപ് നന്ദിയർപ്പിക്കുകയും ചെയ്‌തു.

ചടങ്ങുകളിൽ, വികാരി ഫാ. നിർമൽ വേഴപ്പറമ്പിൽ, അസി. വികാരി ഫാ. ബിജു മാധവത്ത് എന്നീ കപ്പൂച്ചിൻ വൈദികരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2024, 16:35