യേശുവിന്റെ രൂപാന്തരീകരണം യേശുവിന്റെ രൂപാന്തരീകരണം  

പ്രവാചകധീരതയുടെ അടിസ്ഥാനം വിശ്വാസമാണ്

സീറോ മലബാർ സഭാ ആരാധനാക്രമം ഏലിയ- സ്ലീവാ - മൂശക്കാലം രണ്ടാം ഞായറാഴ്ച്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: മത്തായി 17, 9 -13
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. സനൽ ജോൺ പന്തിച്ചിറക്കൽ, തക്കല രൂപത

ഏലിയാ-സ്ളീവാ-മൂശക്കാലങ്ങള്‍, കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും സൂചിപ്പിക്കുന്നു. സെപ്തംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ്  ഈ കാലഘട്ടത്തിന്റെ കേന്ദ്രബിന്ദു. ക്രൈസ്തവജീവിതത്തിന്റെ ശക്തിയും, കരുത്തും, കുരിശിൽ നമുക്ക് രക്ഷ നേടിത്തന്ന യേശുമിശിഹായാണെന്നു നമ്മെ ഈ കാലഘട്ടം ഓർമ്മിപ്പിക്കുന്നു.

മിശിഹായുടെ രണ്ടാമത്തെ വരവിനു മുമ്പായി ഏലിയാ വരുമെന്നും (മലാക്കി4:5) വിനാശത്തിന്റെ പുത്രനുമായി തര്‍ക്കിച്ച് അവന്റെ തെറ്റിനെ ലോകത്തിനു ബോദ്ധ്യപ്പെടുത്തുമെന്നും ആദിമസഭ വിശ്വസിച്ചുപോന്നിരുന്നു.  കര്‍ത്താവിന്റെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം ഏലിയായും ഉണ്ടായിരുന്നുവെന്ന വചനങ്ങളാണ്  ഈ വിശ്വാസത്തിന് ആക്കം വര്‍ദ്ധിപ്പിച്ചത്. കര്‍ത്താവിന്റെ രൂപാന്തരീകരണം അവിടുത്തെ രണ്ടാമത്തെ വരവിന്റെ പ്രതീകവുമാണല്ലോ. രൂപാന്തരപ്പെട്ട സമയത്ത് മൂശയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നതായിരിക്കാം സ്ളീവ നടുവില്‍ വരത്തക്കവിധം ഏലിയാ- സ്ളീവാ-മൂശക്കാലങ്ങള്‍ രൂപപ്പെട്ടതിനു കാരണം. ലോകാവസാനം, മരണം, അവസാനവിധി എന്നിവയാണ് ഈ കാലങ്ങളിലെ പ്രധാന വിഷയങ്ങള്‍. അതോടൊപ്പം, പിശാചിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി, പാപത്തെ തുടച്ചുമാറ്റാനുള്ള ആഹ്വാനവും നമുക്കു നല്കുന്നു. ജീവിതത്തിന്റെ പൂർത്തീകരണത്തെയും ഈ കാലഘട്ടം സൂചിപ്പിക്കുന്നുണ്ട്. പ്രവാചകരുടെ പ്രതീകമായ ഏലിയായും, നിയമങ്ങളുടെ പ്രതീകമായ മോശയും, പുതിയനിയമത്തിൽ, ക്രിസ്തുവിന്റെ കുരിശിൽ മാനവകുലത്തിന്റെ രക്ഷ പൂർത്തീകരിക്കുന്നു.

മിശിഹായുടെ ദ്വിതീയാഗമനത്തിനുമുമ്പ് ആകാശമദ്ധ്യത്തില്‍ മഹത്ത്വപൂര്‍ണ്ണമായി പ്രത്യക്ഷപ്പെടുമെന്ന് അവിടുന്ന് പറഞ്ഞിട്ടുള്ള അടയാളം (മത്താ 24:30) കുരിശാണെന്ന വിശ്വാസം ആദിമസഭയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കുരിശിന്റെ ശക്തിയും വിജയവും ഈ കാലത്തില്‍ നാം പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്. കൂടാതെ നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റന്റൈന്‍ രാജാവിനുണ്ടായ കുരിശിന്റെ ദര്‍ശനവും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ വിജയവും, അദ്ദേഹത്തിന്റെ അമ്മയായ ഹെലേനാരാജ്ഞി കുരിശു കണ്ടെത്തിയ കാര്യവും ഈ കാലത്തെ യാമപ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും കാണുന്നു. ചെങ്കടലിനുമീതെ തന്റെ വടി നീട്ടിക്കൊണ്ട് മൂശ ഇസ്രായേല്‍ജനത്തിന് കടലിന്റെ നടുവിലൂടെ നല്ലൊരു വഴി കാട്ടിയതുപോലെ, സ്ളീവാവഴി മിശിഹാ നമുക്കേവർക്കും  പറുദീസയിലേക്ക് വഴികാട്ടിത്തന്നുകൊണ്ട് നമ്മെ രക്ഷിക്കുന്നു. പറുദീസായിലെ ജീവന്റെ വൃക്ഷത്തോടും മൂശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തോടും കുരിശിനെ ഉപമിച്ചുകൊണ്ട്, സ്ളീവാവഴി കൈവന്നിരിക്കുന്ന വിജയത്തിന്റെ മാഹാത്മ്യം ഈ കാലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വരാനിരിക്കുന്ന സ്വര്‍ഗ്ഗീയ സഭയുടെ ഒരു മുന്നാസ്വാദനംകൂടി ഇവിടെ നാം ദര്‍ശിക്കുന്നു.

ഇന്നത്തെ വിവിധ വായനകളും, ഇപ്രകാരം നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ പ്രവാചകധീരതയോടെ മുന്നേറുവാൻ സാധിക്കും എന്ന് നമുക്ക് കാട്ടിത്തരുന്നതാണ്. പലപ്പോഴും ജീവിതത്തിൽ, ഉള്ളതിനേക്കാളുപരി ഇല്ലാത്തതിനെയോർത്തു ദുഃഖിക്കുന്നവരാണ് നമ്മിൽ പലരും. നിരവധി കഴിവുകൾ ഉണ്ടെങ്കിലും, ഏതെങ്കിലും ഒരു കഴിവുകളുടെ അഭാവം മനസു സങ്കടപ്പെടുത്തുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. ഇന്ന് വായനകളിലൂടെ കർത്താവ് നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: കുരിശിന്റെ തണലിൽ അഭയം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നവർ, പ്രവാചകരായി ജീവിതത്തിൽ മാറണം. മാമോദീസയിലൂടെയും, മറ്റു കൂദാശകളിലൂടെയും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രവാചകദൗത്യം ജീവിതത്തിൽ പുലർത്തുവാൻ ഇന്നത്തെ വായനകൾ നമ്മെ ക്ഷണിക്കുന്നു.

നിയമാവർത്തനപുസ്തകം പതിനെട്ടാം അധ്യായത്തിൽ നിന്നുള്ള ആദ്യവായന, മോശയുടെ പ്രവാചകത്വത്തെയാണ്  നമുക്ക് പരിചയപ്പെടുത്തുന്നത്. തന്റെ ജനതയുടെ രക്ഷയ്ക്കുവേണ്ടി മോശയെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ, തന്റെ അയോഗ്യതകളെയും കുറവുകളേയും മോശ ദൈവത്തിന്റെ മുൻപിൽ ഏറ്റുപറയുന്നുണ്ട്. തുടർന്ന് വചനം പറയുന്നത്, മോശയുടെ വായിൽ ദൈവം തന്റെ വചനങ്ങൾ നിക്ഷേപിച്ചു എന്നാണ്. കുറവുകൾ മനസിലാക്കിയ മോശയുടെ ജീവിതത്തിലേക്ക് നിറവായി തന്റെ വചനങ്ങൾ നൽകുന്ന ദൈവം ഇന്നും നമ്മെയും ക്ഷണിക്കുന്നത്, അവന്റെ വക്താക്കളായി മാറുന്നതിനുവേണ്ടിയാണ്. ദൈവത്തിന്റെ വാക്കുകൾ മറ്റുള്ളവരോട് സംസാരിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. വിവേകത്തോടുകൂടി ദൈവവവചങ്ങൾ തിരിച്ചറിയുവാൻ നമുക്ക് സാധിക്കണമെന്നും ആദ്യവായന നമ്മെ പഠിപ്പിക്കുന്നു.

നിയമങ്ങളുടെയും, പ്രവാചകരുടെയും പൂർത്തീകരണമായി വന്നത് കുരിശായത് എന്തുകൊണ്ടാണ് എന്ന ചോദ്യം നമ്മുടെ ഉള്ളിൽ വരുമെങ്കിലും, അവയെ ദൈവീകപദ്ധതിയായി കാണണമെങ്കിൽ, നാം ദൈവവവചനം സ്വാംശീകരിക്കുകയും, അതിനനുസരണം ജീവിക്കുകയും വേണം.  രണ്ടാമത്തെ വായനയും മറ്റൊരു പ്രവാചകനെയാണ് നമുക്ക്പരിചയപ്പെടുത്തുന്നത്. അഗ്നിപോലെ ജ്വലിച്ചുനിൽക്കുന്ന പ്രവാചകൻ എന്നാണ് ഏലിയായെ വചനം വിശേഷിപ്പിക്കുന്നത്. ദൈവത്തോട് ചേർന്നുനിന്നുകൊണ്ട്, പ്രവാചകദൗത്യം നിറവേറ്റുന്ന ഓരോ വ്യക്തിയും, അഗ്നിപോലെ ജ്വലിക്കുന്നവരായിരിക്കും. ഈ അഗ്നിയിൽ നിന്നുമാണ് മറ്റുള്ളവർ വെളിച്ചം സ്വീകരിക്കേണ്ടത്. ഒരിക്കലും വെളിച്ചം മങ്ങിയ പ്രവാചകന് മറ്റുള്ളവരെ ദൈവത്തിങ്കലേക്കു നയിക്കുക അസാധ്യമാണ്. ഈ വെളിച്ചം അഭംഗുരം നിലനിൽക്കുന്നത് ഏലിയായുടെ പ്രാർത്ഥനാജീവിതം വഴിയായിട്ടാണ്. ദൗത്യം ഏറ്റെടുത്താൽ മാത്രം പോരാ അതിനാവശ്യമായ ഊർജം പ്രാർത്ഥനയിലൂടെ നാം നൽകുകയും ചെയ്യണം. ഇപ്രകാരം ഊർജം ശേഖരിച്ചവർക്കു മാത്രമേ, മറ്റുള്ളവരെ നയിക്കുവാനും, തകർന്നുപോയ ഗോത്രങ്ങളെ (ബന്ധങ്ങളെ) പുനഃസ്ഥാപിക്കുവാനും  സാധിക്കുകയുള്ളൂ.

പ്രാർത്ഥിക്കണമെങ്കിൽ, അതിനാവശ്യം വിശ്വാസമാണ്.പ്രവാചകദൗത്യത്തിന്റെ അടിസ്ഥാനം തന്നെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ശരണവുമാണെന്ന് ഹെബ്രായർക്കുള്ള ലേഖനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നൈമിഷികമായ സുഖങ്ങൾ നൽകുന്ന പാപത്തെ ഉപേക്ഷിച്ചുകൊണ്ട് ദൈവജനത്തിന്റെ കഷ്ടതകളിൽ പങ്കുചേരുന്നതിനു, തന്റെ സുഖമണ്ഡലങ്ങൾ ഉപേക്ഷിച്ചു, തന്നിൽ നിന്ന് തന്നെ പുറത്തുകടക്കണമെങ്കിൽ, ദൈവത്തിൽ വിശ്വാസം പൂർണ്ണമായി അർപ്പിക്കണം. ചിലപ്പോൾ ഇവയ്ക്കു പകരമായി ലഭിക്കുന്നത് നിന്ദനങ്ങളാണെന്നും വായന നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തെ  പ്രതി സഹിക്കുന്ന നിന്ദനങ്ങൾ, നിധികളെക്കാൾ സുന്ദരമെന്നുള്ള വചനവും, പ്രവാചകധീരതയിൽ മുന്നേറുവാൻ നമുക്ക് പ്രചോദനം നൽകുന്നു.

ഈ ആദ്യമൂന്നു വായനകളുടെ  അടിസ്ഥാനത്തിൽ ഒരിക്കൽകൂടി മത്തായി ശ്ലീഹ നമ്മെ പുതിയനിയമ പ്രവാചകദൗത്യത്തെ ഓർമ്മിപ്പിക്കുന്നു. ഏലിയായുടെ പ്രവാചകത്വം മുതൽ സ്നാപകയോഹന്നാന്റെ പ്രവാചകത്വം വരെയുള്ള ദൗത്യനിർവ്വഹണമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം. സത്യം മുറുകെപ്പിടിച്ചുകൊണ്ട്, അനീതിക്കെതിരെ ശബ്ദമുയർത്തിയ പ്രവാചകനായിരുന്നു സ്നാപകയോഹന്നാൻ. അധികാരത്തിനെതിരെ തിരിഞ്ഞപ്പോൾ രക്തം നൽകേണ്ടതായി വന്ന സ്നാപകൻ നമ്മുടെ പ്രവാചകദൗത്യത്തിനു മാതൃകയാണ്. ഏലിയാസ്ലീവാ മൂശ കാലത്തിൽ യേശുവിന്റെ കുരിശുമരണം, അവന്റെ കുരിശ് എല്ലാം നമ്മുടെ പ്രാർത്ഥനകൾക്ക് വിഷയീഭവിക്കുമ്പോൾ, യോഹന്നാന്റെ രക്തസാക്ഷിത്വവും നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ ഏറെ പ്രചോദനം നൽകുന്നു. കൂദാശജീവിതം വഴിയായി ഈ ദൗത്യം അതിന്റെ വെല്ലുവിളികളോടുകൂടി പൂർത്തീകരിക്കുന്നതിനും, മറ്റുള്ളവരെ ദൈവവത്തിങ്കലേക്ക് നയിക്കുന്നതിനും ഈ വായനകൾ നമ്മെ സഹായിക്കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2024, 13:26